മത്തി 5  

ഈസാ അൽ മസീഹിൻറെ ഇൻജീൽ

(ലൂക്കാ 6:20-23)

5 1ജനക്കൂട്ടത്തെക്കണ്ടപ്പോള്‍ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് മലയിലേക്കു കയറി. അദ്ദേഹം ഇരുന്നപ്പോള്‍ സാഹബാക്കൾ അടുത്തെത്തി.

2ഈസാ അൽ മസീഹ് അവർക്ക് തഅലീം കൊടുക്കാന്‍ തുടങ്ങി:

3റൂഹില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; ജന്നത്ത് അവർക്കുള്ളതാണ്.

4വിലപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ആശ്വസിപ്പിക്കപ്പെടും.

5ശാന്തശീലര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ഈ ദുനിയാവ് അവകാശമാക്കും.

6നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു സംതൃപ്തി ലഭിക്കും.

7റഹ്മത്തുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു റഹ്മത്ത് ലഭിക്കും.

8ഖൽബിൽ ശുദ്ദിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ റബ്ബിൽ ആലമിനെ കാണും.

9സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ഇബ്നുള്ള എന്ന് വിളിക്കപ്പെടും.

10പടച്ചവന്റെ നീതിക്കു വേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; ജന്നത്ത് അവരുടേതാണ്.

11എന്നെ പ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; 12നിങ്ങള്‍ ആനന്ദിച്ചാഹ്‌ളാദിക്കുവിന്‍; ജന്നത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന നബിമാരെയും അൻബിയാക്കളെയും അവര്‍ ഇങ്ങനെ പീഡിപ്പിച്ചിട്ടുണ്ട്.

ഈ ദുനിയാവിൻറെ ഉപ്പും പ്രകാശവും

(മര്‍ക്കോസ് 9:49-50; ലൂക്കാ 14:34-35)

13നിങ്ങള്‍ ദുനിയാവിൻറെ ഉപ്പാണ്. ഗുണം പോയാല്‍ ഉപ്പിന് എങ്ങനെ വീണ്ടും ഉപ്പിൻറെ ഗുണം വരുത്തും? പുറത്തേക്കു വലിച്ചെറിഞ്ഞ് മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതുകൊള്ളുകയില്ല. 14നിങ്ങള്‍ ഈ ദുനിയാവിൻറെ പ്രകാശവുമാണ്. മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല. 15വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്ക്കാറില്ല, പീഠത്തിന്‍മേലാണു വയ്ക്കുക. അപ്പോള്‍ അത് ഭവനത്തിലുള്ള എല്ലാവര്‍ക്കും പ്രകാശം നല്‍കുന്നു. 16അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.

ശരീഅത്തിൻറെ പൂര്‍ത്തീകരണം

17ശരീഅത്തിനെയോ നബിമാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. 18ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം അള്ളാഹുന്റെ വചനങ്ങിൽ നിന്ന് വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. 19ഈ ശരീഅത്തിൽ ഏറ്റവും നിസ്‌സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവർക്ക് തഅലീം കൊടുക്കുകയോ ചെയ്യുന്നവന്‍ ജന്നത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും അനുസരിക്കാൻ തഅലീം കൊടുക്കുകയും ചെയ്യുന്നവന്‍ ജന്നത്തില്‍ വലിയവനെന്നു വിളിക്കപ്പെടും. 20നിങ്ങളുടെ നീതി ഉസ്താധുമാരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ജന്നത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

സഹോദരനുമായി രമ്യതപ്പെടുക

21കൊല്ലരുത്; കൊല്ലുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും എന്നു പൂര്‍വികരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. 22എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപ സംഘത്തിന്റെ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്‌നിക്ക് ഇരയായിത്തീരും. 23നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍, 24കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക. 25നീ പ്രതിയോഗിയോടു വഴിക്കുവച്ചുതന്നെ വേഗം രമ്യതപ്പെട്ടുകൊള്‍ക. അല്ലെങ്കില്‍ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപന്‍ സേവകനും ഏല്‍പിച്ചുകൊടുക്കും. അങ്ങനെ, നീ കാരാഗൃഹത്തില്‍ അടയ്ക്കപ്പെടും. 26അവസാനത്തെ ചില്ലിക്കാശും കൊടുത്തു വീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്നു സത്യമായി ഞാന്‍ നിന്നോടു പറയുന്നു.

വ്യഭിചാരം ചെയ്യരുത്

(മര്‍ക്കോസ് 9:43-48)

27വ്യഭിചാരം ചെയ്യരുത് എന്നു കല്‍പിച്ചിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. 28എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തു കഴിഞ്ഞു. 29വലത്തു കണ്ണ് നിനക്കു പാപ ഹേതുവാകുന്നെങ്കില്‍ അതു ചൂഴ്‌ന്നെടുത്ത് എറിഞ്ഞു കളയുക; ശരീരമാകെ ജഹന്നത്തിലേക്ക് എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുകയാണ്. 30വലത്തു കരം നിനക്കു പാപഹേതുവാകുന്നെങ്കില്‍, അതു വെട്ടി ദൂരെയെറിയുക. ശരീരമാകെ ജഹന്നത്തില്‍ പതിക്കുന്നതിനെക്കാള്‍ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണ്.

തലാക്ക്

31ബീവിയെ തലാക്ക്ചൊല്ലുന്നവന്‍ അവള്‍ക്ക് ഉപേക്ഷാപത്രം കൊടുക്കണം എന്നു കല്‍പിച്ചിട്ടുണ്ടല്ലോ. 32എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: പരസംഗം നിമിത്തമല്ലാതെ ബീവിയെ തലാക്ക് ചൊല്ലുന്നവന്‍ അവളെ വ്യഭിചാരിണിയാക്കുന്നു. തലാക്കുചെയ്യപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.

ഖസം ചെയ്യരുത്

33വ്യാജമായി ഖസം ചെയ്യരുത്; പടച്ചവനോടു ചെയ്ത ഖസം നിറവേറ്റണം എന്നു പൂര്‍വികരോടു കല്‍പിച്ചിട്ടുള്ളതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. 34എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ഖസം ചെയ്യുകയേ അരുത്. ജന്നത്തിനെക്കൊണ്ട് ഖസം ചെയ്യരുത്; അതു റബ്ബിൽ ആലമീന്റെ സിംഹാസനമാണ്. 35ദുനിയാവിനെക്കൊണ്ടും അരുത്; അത് റബ്ബിന്റെ പാദപീഠമാണ്. യെരുശലേമിനെക്കൊണ്ടും അരുത്; അതു റബ്ബിൽ ആലമീന്റെ ഷഹറാണ്. 36നിന്റെ തലയെക്കൊണ്ടും ഖസം ചെയ്യരുത്; അതിലെ ഒരു മുടിയിഴ വെളുപ്പിക്കാനോ കറുപ്പിക്കാനോ നിനക്കു സാധിക്കുകയില്ല. 37നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളതു ദുഷ്ടനില്‍നിന്നു വരുന്നു.

തിന്‍മയെ നന്‍മകൊണ്ട് ജയിക്കുക

(ലൂക്കാ 6:29-30)

38കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. 39എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്ടനെ എതിര്‍ക്കരുത്. വലത്തു കരണത്തടിക്കുന്നവന് മറ്റേ കരണം കൂടി കാണിച്ചു കൊടുക്കുക. 40നിന്നോടു വ്യവഹരിച്ച് നിന്റെ കുപ്പായം കരസ്ഥമാക്കാനുദ്യമിക്കുന്നവന് മേലങ്കി കൂടി കൊടുക്കുക. 41ഒരു മൈല്‍ ദൂരം പോകാന്‍ നിന്നെ നിര്‍ബന്ധിക്കുന്നവനോടു കൂടെ രണ്ടു മൈല്‍ ദൂരം പോകുക. 42ചോദിക്കുന്നവനു കൊടുക്കുക. വായ്പ വാങ്ങാന്‍ ഇച്ഛിക്കുന്നവനില്‍ നിന്ന് ഒഴിഞ്ഞുമാറരുത്.

ശത്രുക്കളെ സ്‌നേഹിക്കുക

(ലൂക്കാ 6:27-28; 6:32-36)

43അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. 44എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി ദുആ ഇരക്കുവിന്‍. 45അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ ജന്നത്തുൽ റബ്ബിൻറെ മക്കളായിത്തീരും. അവിടുന്ന് ശിഷ്ടരുടെയും ദുഷ്ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു. 46നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍ സ്‌നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാര്‍ പോലും അതുതന്നെ ചെയ്യുന്നില്ലേ? 47സഹോദരങ്ങളെ മാത്രമേ നിങ്ങള്‍ സലാം ചെയ്യുന്നുള്ളുവെങ്കില്‍ വിശേഷവിധിയായി എന്താണു നിങ്ങള്‍ ചെയ്യുന്നത്? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ? 48അതുകൊണ്ട്, നിങ്ങളുടെ ജന്നത്തുൽ റബ്ബ് പരിപൂര്‍ണനായരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍.


അടിക്കുറിപ്പുകൾ