മത്തി 4  

മരുഭൂമിയിലെ പരീക്ഷ

(മര്‍ക്കോസ് 1:12-13; ലൂക്കാ 4:1-13)

4 1അനന്തരം, ഇബിലീസിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെ റൂഹുല്‍ ഖുദ്ദൂസ് മരുഭൂമിയിലേക്കു നയിച്ചു. 2ഈസാ അൽ മസീഹ് നാല്‍പതു ദിനരാത്രങ്ങള്‍ നോമ്പ് നോറ്റു. അപ്പോള്‍ അദ്ദേഹത്തിനു വിശന്നു. 3പ്രലോഭകന്‍ അദ്ദേഹത്തെ സമീപിച്ചു പറഞ്ഞു: നീ ഇബ്നുള്ളായാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക. 4അദ്ദേഹം പ്രതിവചിച്ചു: മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല അള്ളാഹുവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു.

5അനന്തരം, ഇബിലീസ് അദ്ദേഹത്തെ വിശുദ്ധ നഗരത്തിലേക്കു കൂട്ടിക്കൊണ്ടു പോയി വിശുദ്ധ ആലയത്തിന്‍െറ അഗ്രത്തില്‍ കയറ്റി നിര്‍ത്തിയിട്ടു പറഞ്ഞു: 6നീ ഇബ്നുള്ളായാണെങ്കില്‍ താഴേക്കു ചാടുക; നിന്നെക്കുറിച്ച് അവന്‍ തന്‍െറ മലക്കുകള്‍ക്കു കല്‍പന നല്‍കും; നിന്‍െറ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളും എന്ന് എഴുതപ്പെട്ടിരിക്കുന്നു.

7ഈസാ അൽ മസീഹ് പറഞ്ഞു: നിന്‍െറ സ്രഷ്ടാവിനെ പരീക്ഷിക്കരുത് എന്നുകൂടി എഴുതപ്പെട്ടിരിക്കുന്നു. 8വീണ്ടും, ഇബിലീസ് വളരെ ഉയര്‍ന്ന ഒരു മലയിലേക്ക് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും അദ്ദേഹത്തെ കാണിച്ചു കൊണ്ട്, അദ്ദേഹത്തോടു പറഞ്ഞു: 9നീ സാഷ്ടാംഗം സജൂദ് ചെയ്ത് എന്നോട് ഇബാദത്ത് ചെയ്താല്‍ ഇവയെല്ലാം നിനക്കു ഞാന്‍ നല്‍കും. 10ഈസാ അൽ മസീഹ് കല്‍പിച്ചു: ഇബലീസേ ദൂരെപ്പോവുക; എന്തെന്നാല്‍, നിന്‍െറ സ്രഷ്ടാവായ നാഥനന്‍റെ മുമ്പില്‍ മാത്രമേ സുജൂദ് ചെയ്യാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു.

11അപ്പോള്‍ ഇബിലീസ് അദ്ദേഹത്തെ വിട്ടുപോയി. മലക്കുകള്‍ അടുത്തുവന്ന് അദ്ദേഹത്തെ ശുശ്രൂഷിച്ചു.

ഈസാ അൽ മസീഹ് ദൗത്യം ആരംഭിക്കുന്നു

(മര്‍ക്കോസ് 1:14-15; ലൂക്കാ 4:14-15)

12യഹിയ്യാ നബി (അ) ബന്ധനസ്ഥനായെന്നു കേട്ടപ്പോള്‍ ഈസാ അൽ മസീഹ് ഗലീലിയിലേക്കു പിന്‍വാങ്ങി. 13അദ്ദേഹം നസറത്തു വിട്ടു സെബുലൂണിന്‍െറയും നഫ്ത്താലിയുടെയും അതിര്‍ത്തിയില്‍, സമുദ്രതീരത്തുള്ള കഫര്‍ണാമില്‍ ചെന്നു പാര്‍ത്തു. 14ഇത് എസഹ്യ്യാനബി വഴി അരുളിച്ചെയ്യപ്പെട്ടത് നിവൃത്തിയാകാന്‍ വേണ്ടിയാണ്:

15സമുദ്രത്തിലേക്കുള്ള വഴിയില്‍, ജോര്‍ദാന്‍െറ മറുകരയില്‍, സെബുലൂണ്‍, നഫ്ത്താലി പ്രദേശങ്ങള്‍ - വിജാതീയരുടെ ഗലീലി!

16അന്ധകാരത്തില്‍ സ്ഥിതിചെയ്തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്ടു. മരണത്തിന്‍െറ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്തി ഉദയം ചെയ്തു.

17അപ്പോള്‍ മുതല്‍ ഈസാ അൽ മസീഹ് പ്രസംഗിക്കാന്‍ തുടങ്ങി: മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.

ആദ്യത്തെനാലു ശിഷ്യന്‍മാര്‍

(മര്‍ക്കോസ് 1:16-20; ലൂക്കാ 5:1-11)

18അദ്ദേഹം ഗലീലിക്കടല്‍ത്തീരത്തു നടക്കുമ്പോള്‍, കടലില്‍ വല വീശിക്കൊണ്ടിരുന്ന രണ്ടു സഹോദരന്‍മാരെ കണ്ടു - പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെയും സഹോദരന്‍ അന്ത്രയോസിനെയും. അവര്‍ മീന്‍പിടിത്തക്കാരായിരുന്നു. 19അദ്ദേഹം അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും. 20തത്ക്ഷണം അവര്‍ വലകളുപേക്ഷിച്ച് അദ്ദേഹത്തെ അനുഗമിച്ചു. 21അവര്‍ അവിടെ നിന്നു മുന്നോട്ടു നീങ്ങിയപ്പോള്‍ വേറെ രണ്ടു സഹോദരന്‍മാരെ കണ്ടു - സെബദീപുത്രനായ യാക്കോബും സഹോദരന്‍ യോഹന്നാനും. അവര്‍ പിതാവുമൊത്ത് വഞ്ചിയിലിരുന്നു വല നന്നാക്കുകയായിരുന്നു. അവരെയും അദ്ദേഹം വിളിച്ചു. 22തത്ക്ഷണം അവര്‍ വഞ്ചി ഉപേക്ഷിച്ച്, പിതാവിനെയും വിട്ട്, അദ്ദേഹത്തെ അനുഗമിച്ചു.

ഈസാ അൽ മസീഹ് രോഗികളെ സുഖപ്പെടുത്തുന്നു

(ലൂക്കാ 6:17-19)

23അദ്ദേഹം അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്‍െറ ഇന്‍ഞ്ചീല്‍ പ്രസംഗിച്ചും ജനങ്ങളുടെ എല്ലാരോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവന്‍ ചുറ്റിസഞ്ചരിച്ചു. 24അദ്ദേഹത്തിന്‍െറ കീര്‍ത്തി സിറിയായിലെങ്ങും വ്യാപിച്ചു. എല്ലാ രോഗികളെയും, വിവിധ വ്യാധികളാലും വ്യഥകളാലും അവശരായവരെയും, പിശാചുബാധിതര്‍, അപസ്മാരരോഗികള്‍, തളര്‍വാതക്കാര്‍ എന്നിവരെയും അവര്‍ അദ്ദേഹത്തിന്‍െറ അടുത്തുകൊണ്ടു വന്നു. അദ്ദേഹം അവരെ സുഖപ്പെടുത്തി. 25ഗലീലി, ദക്കാപ്പോളിസ്, ജറുസലെം, യൂദയാ, ജോര്‍ദാന്‍െറ മറുകര എന്നിവിടങ്ങളില്‍ നിന്ന് വലിയ ജനക്കൂട്ടങ്ങള്‍ അദ്ദേഹത്തെ അനുഗമിച്ചു.


അടിക്കുറിപ്പുകൾ