മത്തി 6
വിവർത്തകന്റെ കുറിപ്പ്: ഈ അദ്യായത്തിൽ ഇസ്ലാം കാര്യങ്ങളായ നിസ്ക്കാരം, നോമ്പ്, സക്കാത്ത് എന്നിവയെ കുറിച്ച് പറഞ്ഞിരിക്കുന്നു.
സക്കാത്ത്
[a] സക്കാത്ത് കൊടുക്കുന്നതിന് ഈസാ അൽ മസീഹ് പഠിപ്പിക്കുന്നത്.6 1മറ്റുളളവരെ കാണിക്കാന്‍ വേണ്ടി അവരുടെ മുമ്പില്‍ വച്ചു നിങ്ങളുടെ സത്കര്‍മങ്ങള്‍ അനുഷ്ഠിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. അല്ലെങ്കില്‍ നിങ്ങളുടെ ജന്നത്തുൽ ബാപ്പില്‍ നിന്നു നിങ്ങള്‍ക്കു പ്രതിഫലമില്ല. 2മറ്റുള്ളവരില്‍ നിന്നു പ്രശംസ ലഭിക്കാന്‍ കപടനാട്യക്കാര്‍ സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതു പോലെ, നീ സക്കാത്ത് കൊടുക്കുമ്പോള്‍ നിന്റെ മുമ്പില്‍ കാഹളം മുഴക്കരുത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. 3നീ സക്കാത്ത് കൊടുക്കുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ. 4രഹസ്യങ്ങള്‍ അറിയുന്ന നിന്റെ റബ്ബ് നിനക്കു പ്രതിഫലം നല്‍കും.
നിസ്കാരം
5നിങ്ങള്‍ നിസ്ക്കരിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ ആകരുത്. അവര്‍ മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു നിസ്കരിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. 6എന്നാല്‍, നീ നിസ്കരിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ റബ്ബിനോടു ദുആ ഇരക്കുക; രഹസ്യങ്ങള്‍ അറിയുന്ന റബ്ബ് നിനക്കു പ്രതിഫലംനല്‍കും. 7ദുആ ഇരക്കുമ്പോൾ വിജാതീയരെപ്പോലെ നിങ്ങള്‍ ഒച്ച വെക്കരുത്. ഒച്ച വെക്കുന്നതിനാൽ തങ്ങളുടെ ദുആ അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) കേള്‍ക്കുമെന്ന് അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്. 8നിങ്ങള്‍ ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ റബ്ബ് അറിയുന്നു.
ഈസാ അൽ മസീഹ് പഠിപ്പിച്ച ദുആ
9നിങ്ങള്‍ ഇപ്രകാരം ദുആ ചെയ്യുവിന്‍:
ഞങ്ങളുടെ ജന്നത്തുൽ ബാപ്, അങ്ങയുടെ നാമം പൂജിതമാകണമേ.
10അങ്ങയുടെ ബാദ്ശാഹത്ത് വരണമേ. അങ്ങയുടെ ഹിതം ജന്നത്തിലെപ്പോലെ ഈ ദുനിയാവിലുമാക്കേണമേ.
11അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍കണമേ.
12ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ പൊറുത്തതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും പൊറുക്കേണമേ.
13ഞങ്ങളെ ഇബലീസിൻറെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. തിന്‍മയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ.
14മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ പൊറുക്കുന്നെങ്കിൽ ജന്നത്തുൽ ബാപ് നിങ്ങളോടും പൊറുക്കും. 15മറ്റുള്ളവരോടു നിങ്ങള്‍ പൊറുക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ജന്നത്തുൽ ബാപ്പ് നിങ്ങളുടെ തെറ്റുകളും പൊറുക്കുകയില്ല.
നോമ്പ്
16നിങ്ങള്‍ നോമ്പ് നോൽക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങള്‍ നോമ്പ് നോക്കുന്നു എന്ന് അന്യരെ കാണിക്കാന്‍വേണ്ടി അവര്‍ മുഖം വികൃതമാക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. 17എന്നാല്‍, നീ നോമ്പ് നോക്കുന്നത് അദൃശ്യനായ റബ്ബിൽ ആലമീനല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന്, തലയില്‍ എണ്ണ തേക്കുകയും മുഖം കഴുകുകയും ചെയ്യുക. 18രഹസ്യങ്ങള്‍ അറിയുന്ന പടച്ചോൻ നിനക്കു പ്രതിഫലം നല്‍കും.
യഥാര്‍ഥ നിക്‌ഷേപം
19ഭൂമിയില്‍ നിക്‌ഷേപം കരുതിവയ്ക്കരുത്. തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും; കള്ളന്‍മാര്‍ തുരന്നു മോഷ്ടിക്കും. 20എന്നാല്‍, ജന്നത്തില്‍ നിങ്ങള്‍ക്കായി നിക്‌ഷേപങ്ങള്‍ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല; കള്ളന്‍മാര്‍ മോഷ്ടിക്കുകയില്ല. 21നിങ്ങളുടെ നിക്‌ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഖൽബും.
കണ്ണ് ശരീരത്തിന്റെ വിളക്ക്
22കണ്ണാണു ശരീരത്തിന്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍പ്രകാശിക്കും. 23കണ്ണ് ദുഷ്ടമാണെങ്കിലോ ശരീരം മുഴുവന്‍ ഇരുണ്ടുപോകും. നിന്നിലെ പ്രകാശം അന്ധകാരമാണെങ്കില്‍ അന്ധകാരം എത്രയോ വലുതായിരിക്കും.
രണ്ട്‌യജമാനന്‍മാര്‍
24രണ്ട്‌യജമാനന്‍മാരെ സേവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല: ഒന്നുകില്‍, ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്‌നേഹിക്കുകയും ചെയ്യും; അല്ലെങ്കില്‍ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്ദിക്കുകയുംചെയ്യും. അള്ളാഹുവിനെയും പൈസയെയും സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല.
അള്ളാഹുവിൻറെ ഹിഫാസത്തിൽ ആശ്രയിക്കുക
25ഞാന്‍ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും എന്നു ഹയാത്തിനെക്കുറിച്ചോ എന്തു ധരിക്കും എന്നു ശരീരത്തെക്കുറിച്ചോ നിങ്ങള്‍ ഉത്കണ്ഠാകുലരാകേണ്ടാ. ഭക്ഷണത്തെക്കാള്‍ ജീവനും വസ്ത്രത്തെക്കാള്‍ ശരീരവും ശ്രേഷ്ഠമല്ലേ?
26ആകാശത്തിലെ പക്ഷികളെ നോക്കുവിന്‍: അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നുമില്ല. എങ്കിലും, നിങ്ങളുടെ ജന്നത്തുൽ ബാപ്പ് അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാള്‍ എത്രയോ വിലപ്പെട്ടവരാണു നിങ്ങള്‍! 27ഉത്കണ്ഠമൂലം ഹയാത്തിന്റെ ദൈര്‍ഘ്യം ഒരു മുഴമെങ്കിലും കൂട്ടാന്‍ നിങ്ങളിലാര്‍ക്കെങ്കിലും സാധിക്കുമോ? 28വസ്ത്രത്തെപ്പറ്റിയും നിങ്ങള്‍ എന്തിന് ആകുലരാകുന്നു? വയലിലെ ലില്ലികള്‍ എങ്ങനെ വളരുന്നു എന്നു നോക്കുക; അവ അധ്വാനിക്കുന്നില്ല, നൂല്‍നൂല്‍ക്കുന്നുമില്ല. 29സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സുലൈമാന്‍ നബി (അ) തന്റെ സര്‍വമഹത്വത്തിലും ഇവയില്‍ ഒന്നിനെപ്പോലെ അലംകൃതനായിരുന്നില്ല. 30ഇന്നുള്ളതും നാളെ അടുപ്പില്‍ എറിയപ്പെടുന്നതും ആയ പുല്ലിനെ അള്ളാഹു ഇപ്രകാരം അലങ്കരിക്കുന്നെങ്കില്‍, അല്‍പവിശ്വാസികളേ, നിങ്ങളെ അവിടുന്ന് എത്രയ ധികം അലങ്കരിക്കുകയില്ല! 31അതിനാല്‍ എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ടാ. 32വിജാതീയരാണ് ഇവയെല്ലാം അന്വേഷിക്കുന്നത്. നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്നു റബ്ബിൽ ആലമീനായ തമ്പുരാനൻ അറിയുന്നു. 33നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും. 34അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്‌ളേശം മതി.