മർക്കൊസ് 14  

ഈസാ അൽ മസീഹിനെ വധിക്കാന്‍ ആലോചന

(മത്തി 26:1-5; ലൂക്കാ 22:1-2; യഹിയ്യാ 11:45-53

14 1പെസഹായ്ക്കും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിനും രണ്ടു ദിവസമേ ഉണ്ടായിരുന്നുള്ളൂ. ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെ ചതിവില്‍ പിടികൂടി വധിക്കേണ്ടത് എങ്ങനെയെന്ന് പ്രധാന ഇമാംമാരും ഉലമാക്കളും ആലോചിച്ചുകൊണ്ടിരുന്നു. 2അവര്‍ പറഞ്ഞു: പെരുനാളിനു വേണ്ട; ജനങ്ങള്‍ ബഹളമുണ്ടാക്കും.

ബഥാനിയായിലെ തൈലാഭിഷേകം

(മത്തി 26:6-13; യഹിയ്യാ 12:1-8)

3ഈസാ അൽ മസീഹ് ബഥാനിയായില്‍ കുഷ്ഠരോഗിയായ ശിമയോന്റെ വീട്ടില്‍ ഭക്ഷണത്തിനിരിക്കവേ, ഒരു വെണ്‍കല്‍ഭരണി നിറയെ വിലയേറിയ ശുദ്ധ നാര്‍ദീന്‍ സുഗന്ധതൈലവുമായി ഒരു സ്ത്രീ അവിടെ വന്നു. അവള്‍ ഭരണി തുറന്ന് അത് ഈസാ അൽ മസീഹിന്റെ തലയില്‍ ഒഴിച്ചു. 4അവിടെയുണ്ടായിരുന്ന ചിലര്‍ അമര്‍ഷത്തോടെ പരസ്പരം പറഞ്ഞു: 5ഈ തൈലം പാഴാക്കിക്കളഞ്ഞത് എന്തിന്? ഇതു മുന്നൂറിലധികം ദനാറയ്ക്കു വിറ്റ് ദരിദ്രര്‍ക്കു കൊടുക്കാമായിരുന്നല്ലോ. അവര്‍ അവളെ കുറ്റപ്പെടുത്തി. 6ഈസാ അൽ മസീഹ് പറഞ്ഞു: ഇവളെ സ്വൈരമായി വിടുക, എന്തിന് ഇവളെ വിഷമിപ്പിക്കുന്നു? ഇവള്‍ എനിക്കുവേണ്ടി ഒരു നല്ല കാര്യം ചെയ്തിരിക്കുന്നു. 7ദരിദ്രര്‍ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്. എപ്പോള്‍ വേണമെങ്കിലും അവര്‍ക്കു നന്‍മചെയ്യാന്‍ സാധിക്കും. ഞാനാകട്ടെ, എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല. 8ഇവള്‍ക്കു സാധിക്കുന്നത് ഇവള്‍ ചെയ്തു. എന്റെ മയ്യത്ത് നിസ്കാരത്തിനുവേണ്ടി ഇവള്‍ എന്റെ ശരീരം മുന്‍കൂട്ടി തൈലം പൂശുകയാണു ചെയ്തത്. 9ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു: ലോകത്തിലെവിടെയെല്ലാം ഇൻജീൽ പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം ഇവള്‍ ചെയ്ത കാര്യവും ഇവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും.

യൂദാസിന്റെ വഞ്ചന

(മത്തി 26:14-16; ലൂക്കാ 22:3-6)

10പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസ് സ്‌ക്കറിയോത്താ ഈസാ അൽ മസീഹിനെ ഒറ്റിക്കൊടുക്കാന്‍വേണ്ടി പ്രധാനഇമാംമാരുടെ അടുത്തു ചെന്നു. 11അവര്‍ ഇതറിഞ്ഞു സന്തോഷിച്ച്, അവനു പണം കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു. അദ്ദേഹത്തെ എങ്ങനെ ഒറ്റിക്കൊടുക്കാമെന്നു വിചാരിച്ച് അവന്‍ അവസരം പാര്‍ത്തിരുന്നു.

പെസഹാ ആചരിക്കുന്നു

(മത്തി 26:17-25; ലൂക്കാ 22:7-14; ലൂക്കാ 22:21-23; യഹിയ്യാ 13:21-30)

12പെസഹാബലി അര്‍പ്പിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം, സാഹബാക്കൾ ഈസാ അൽ മസീഹിനോടു ചോദിച്ചു: നിനക്കു ഞങ്ങള്‍ എവിടെ പെസഹാ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്? 13ഈസാ അൽ മസീഹ് രണ്ടു സാഹബാക്കളെ അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ നഗരത്തിലേക്കു ചെല്ലുക. ഒരു കുടം വെള്ളം ചുമന്നുകൊണ്ട് ഒരുവന്‍ നിങ്ങള്‍ക്കെതിരേ വരും. അവനെ അനുഗമിക്കുക. 14അവന്‍ എവിടെ ചെന്നു കയറുന്നുവോ അവിടത്തെ ഗൃഹനാഥനോടു പറയുക: ഉസ്താദ് ചോദിക്കുന്നു, ഞാന്‍ എന്റെ സാഹബാക്കളോടൊത്തു പെസഹാ ഭക്ഷിക്കുന്നതിന് എന്റെ വിരുന്നുശാല എവിടെയാണ്? 15സജ്ജീകൃതമായ ഒരു വലിയ മാളികമുറി അവര്‍ കാണിച്ചുതരും. അവിടെ നമുക്കുവേണ്ടി ഒരുക്കുക. 16സാഹബാക്കൾ പുറപ്പെട്ട് നഗരത്തിലെത്തി, ഈസാ അൽ മസീഹ് പറഞ്ഞിരുന്നതു പോലെ കണ്ടു. 17അവര്‍ പെസഹാ ഒരുക്കി. സന്ധ്യയായപ്പോള്‍ ഈസാ അൽ മസീഹ് പന്ത്രണ്ടുപേരുമൊരുമിച്ചു വന്നു. 18അവര്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ ഈസാ അൽ മസീഹ് പറഞ്ഞു: ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു: എന്നോടൊപ്പം ഭക്ഷണം കഴിക്കുന്ന നിങ്ങളിലൊരുവന്‍ എന്നെ ഒറ്റിക്കൊടുക്കും. അവര്‍ ദുഃഖിതരായി. 19അതു ഞാനല്ലല്ലോ എന്ന് ഓരോരുത്തരും ഈസാ അൽ മസീഹിനോടു ചോദിക്കാന്‍ തുടങ്ങി. 20ഈസാ അൽ മസീഹ് പറഞ്ഞു: പന്ത്രണ്ടുപേരില്‍ എന്നോടൊപ്പം പാത്രത്തില്‍ കൈമുക്കുന്നവന്‍ തന്നെ. 21മനുഷ്യപുത്രന്‍ തന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതു പോലെ പോകുന്നു. എന്നാല്‍, മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവനു ദുരിതം! ജനിക്കാതിരുന്നെങ്കില്‍ അവനു നന്നായിരുന്നു.

പുതിയ ഉടമ്പടി

(മത്തി 26:26-30; ലൂക്കാ 22:15-20; 1 കോറിന്തോസ് 11:23-25)

22അവര്‍ ഭക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ ഈസാ അൽ മസീഹ് അപ്പമെടുത്ത്, ആശീര്‍വദിച്ച്, മുറിച്ച്, അവര്‍ക്കു നല്‍കിക്കൊണ്ട് അരുളിച്ചെയ്തു: ഇതു സ്വീകരിക്കുവിന്‍; ഇത് എന്റെ ശരീരമാണ്. 23അനന്തരം, പാനപാത്രം എടുത്ത്, കൃതജ്ഞതാ സ്‌തോത്രം ചെയ്ത്, അവര്‍ക്കു നല്‍കി. എല്ലാവരും അതില്‍ നിന്നു പാനം ചെയ്തു. 24ഈസാ അൽ മസീഹ് അവരോട് അരുളിച്ചെയ്തു: ഇത് അനേകര്‍ക്കു വേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്. 25സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അള്ളാഹുവിൻറെ രാജ്യത്തില്‍ ഞാന്‍ ഇതു പുതിയതായി പാനം ചെയ്യുന്ന ദിവസം വരെ മുന്തിരിയുടെ ഫലത്തില്‍ നിന്ന് ഇനി ഞാന്‍ കുടിക്കുകയില്ല. 26സ്‌തോത്ര ഗീതം ആലപിച്ചതിനുശേഷം അവര്‍ ഒലിവുമലയിലേക്കു പോയി.

പത്രോസ് ഉസ്താദിനെ നിഷേധിക്കും

(മത്തി 26:31-35; ലൂക്കാ 22:31-34; യഹിയ്യാ 13:36-38)

27ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇടര്‍ച്ചയുണ്ടാകും. ഞാന്‍ ഇടയനെ അടിക്കും; ആടുകള്‍ ചിതറിപ്പോകും എന്ന് എഴുതപ്പെട്ടിരിക്കുന്നു. 28ഞാന്‍ ഉയിര്‍പ്പിക്കപ്പെട്ടതിനു ശേഷം നിങ്ങള്‍ക്കു മുമ്പേ ഗലീലിയിലേക്കു പോകും. 29പത്രോസ് പറഞ്ഞു: എല്ലാവരും ഇടറിയാലും ഞാന്‍ ഇടറുകയില്ല. 30ഈസാ അൽ മസീഹ് അവനോടു പറഞ്ഞു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ഇന്ന്, ഈ രാത്രിയില്‍ത്തന്നെ, കോഴി രണ്ടു പ്രാവശ്യം കൂവുന്നതിനു മുമ്പ് നീ എന്നെ മൂന്നു പ്രാവശ്യം നിഷേധിച്ചു പറയും. 31അവന്‍ തറപ്പിച്ചു പറഞ്ഞു: അങ്ങയോടു കൂടെ മയ്യത്താകേണ്ടി വന്നാലും ഞാന്‍ അങ്ങയെ നിഷേധിക്കുകയില്ല. അങ്ങനെതന്നെ എല്ലാവരും പറഞ്ഞു.

ഗത്‌സെമനിയില്‍ ദുആ ഇരക്കുന്നു

(മത്തി 26:36-46; ലൂക്കാ 22:39-46)

32അവര്‍ ഗത്‌സെമനി എന്നു വിളിക്കപ്പെടുന്ന സ്ഥലത്തെത്തി. ഈസാ അൽ മസീഹ് സാഹബാക്കളോടു പറഞ്ഞു: ഞാന്‍ ദുആ ഇരക്കുമ്പോള്‍ നിങ്ങള്‍ ഇവിടെ ഇരിക്കുവിന്‍. 33ഈസാ അൽ മസീഹ് പത്രോസിനെയും യാക്കോബിനെയും യഹിയ്യായെയും കൂടെക്കൊണ്ടുപോയി, വ്യാകുലനാകാനും അസ്വസ്ഥനാകാനും തുടങ്ങി. 34ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: എന്റെ റൂഹ് മയ്യത്ത് പോലെ ദുഃഖിതമായിരിക്കുന്നു. നിങ്ങള്‍ ഇവിടെ ഉണര്‍ന്നിരിക്കുവിന്‍. 35ഈസാ അൽ മസീഹ് അല്‍പ ദൂരം മുന്നോട്ടു ചെന്ന്, നിലത്തുവീണ്, സാധ്യമെങ്കില്‍ ആ മണിക്കൂര്‍ തന്നെ കടന്നുപോകട്ടെ എന്നു ദുആ ഇരന്നു. 36ഈസാ അൽ മസീഹ് പറഞ്ഞു: ആബ്ബാ, പിതാവേ, എല്ലാം അങ്ങേക്കു സാധ്യമാണ്. ഈ പാനപാത്രം എന്നില്‍ നിന്നു മാറ്റിത്തരണമേ! എന്നാല്‍ എന്റെ ഹിതമല്ല അങ്ങയുടെ ഹിതം മാത്രം. 37അനന്തരം ഈസാ അൽ മസീഹ് വന്ന്, അവര്‍ ഉറങ്ങുന്നതു കണ്ട്, പത്രോസിനോടു ചോദിച്ചു: ശിമയോനേ, നീ ഉറങ്ങുന്നുവോ? ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിനക്കു കഴിഞ്ഞില്ലേ? 38പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു ദുആ ഇരക്കുവിന്‍. റൂഹ് സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്. 39ഈസാ അൽ മസീഹ് വീണ്ടും പോയി, അതേ വചനം പറഞ്ഞു ദുആ ഇരന്നു. 40തിരിച്ചു വന്നപ്പോള്‍ അവര്‍ ഉറങ്ങുന്നതാണ് കണ്ടത്. അവരുടെ കണ്ണുകള്‍ നിദ്രാഭാരമുള്ളവയായിരുന്നു. ഈസാ അൽ മസീഹിനോട് എന്തു മറുപടി പറയണമെന്ന് അവര്‍ക്ക് അറിഞ്ഞുകൂടായിരുന്നു. 41ഈസാ അൽ മസീഹ് മൂന്നാമതും വന്ന് അവരോടു പറഞ്ഞു: ഇനിയും നിങ്ങള്‍ ഉറങ്ങി വിശ്രമിക്കുന്നുവോ? മതി. സമയമായിരിക്കുന്നു. ഇതാ, മനുഷ്യപുത്രന്‍ പാപികളുടെ കൈകളില്‍ ഏല്‍പിക്കപ്പെടുന്നു. 42എഴുന്നേല്‍ക്കുവിന്‍; നമുക്കു പോകാം. ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന്‍ അടുത്തെത്തിയിരിക്കുന്നു.

യൂദാസ് ഒറ്റിക്കൊടുക്കുന്നു

(മത്തി 26:47-56; ലൂക്കാ 22:47-53; യഹിയ്യാ 13:3-12)

43ഈസാ അൽ മസീഹ് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ത്തന്നെ, പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസ് അവിടെയെത്തി. അവനോടുകൂടെ പ്രധാന ഇമാംമാരുടെയും ഉലമാക്കളുടെയും ജനപ്രമാണികളുടെയും അടുത്തുനിന്നു വാളും വടിയുമായി ഒരു ജനക്കൂട്ടവും വന്നിരുന്നു. 44ഒറ്റുകാരന്‍ അവര്‍ക്ക് ഒരടയാളം നല്‍കിയിരുന്നു; ഞാന്‍ ആരെ ചുംബിക്കുന്നുവോ അദ്ദേഹം തന്നെ. അദ്ദേഹത്തെ പിടിച്ച് സുരക്ഷിതമായി കൊണ്ടുപൊയ്‌ക്കൊള്ളുക. 45അവന്‍ ഈസാ അൽ മസീഹിനെ സമീപിച്ച്, ഉസ്താദ്! എന്നു വിളിച്ചുകൊണ്ട് ഈസാ അൽ മസീഹിനെ ഗാഢമായി ചുംബിച്ചു. 46അപ്പോള്‍ അവര്‍ ഈസാ അൽ മസീഹിനെ പിടിച്ചു ബന്ധിച്ചു. 47സമീപത്തു നിന്നിരുന്ന ഒരുവന്‍ വാള്‍ ഊരി പ്രധാന ഇമാമിൻറെ സേവകനെ വെട്ടി അവന്റെ ചെവി ഛേദിച്ചുകളഞ്ഞു. 48ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: കവര്‍ച്ചക്കാരനെതിരേ എന്നതുപോലെ, വാളും വടിയുമായി എന്നെ ബന്ധിക്കാന്‍ നിങ്ങള്‍ വന്നിരിക്കുന്നുവോ? 49ഞാന്‍ ദിവസവും പള്ളിയില്‍ പഠിപ്പിച്ചുകൊണ്ട് നിങ്ങളോടുകൂടെ ഉണ്ടായിരുന്നു; നിങ്ങള്‍ എന്നെ പിടിച്ചില്ല. എന്നാല്‍, വിശുദ്ധലിഖിതങ്ങള്‍ പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു. 50അപ്പോള്‍, സാഹബാക്കളെല്ലാവരും ഈസാ അൽ മസീഹിനെ വിട്ട് ഓടിപ്പോയി. 51എന്നാല്‍, ഒരുയുവാവ് ഈസാ അൽ മസീഹിനെ അനുഗമിച്ചു. അവന്‍ ഒരു പുതപ്പു മാത്രമേ തന്റെ ശരീരത്തില്‍ ചുറ്റിയിരുന്നുള്ളൂ. അവര്‍ അവനെ പിടിച്ചു. 52അവന്‍ പുതപ്പുപേക്ഷിച്ച് നഗ്‌നനായി ഓടിപ്പോയി.

ന്യായാധിപസംഘത്തിന്റെ മുമ്പില്‍

(മത്തി 26:57-68; ലൂക്കാ 22:54-71; യഹിയ്യാ 18:13-24)

53അവര്‍ ഈസാ അൽ മസീഹിനെ പ്രധാന ഇമാമിന്റെ അടുത്തേക്കു കൊണ്ടുപോയി. എല്ലാ മോല്ല്യാക്കളും ജനപ്രമാണികളും ഉലമാക്കളും ഒരുമിച്ചുകൂടി. 54പത്രോസ് പ്രധാന ഇമാമിന്റെ മുറ്റംവരെ ഈസാ അൽ മസീഹിനെ അല്‍പം അകലെയായി അനുഗമിച്ചു. പിന്നീട്, അവന്‍ പരിചാരകരോടൊപ്പം തീ കാഞ്ഞുകൊണ്ടിരുന്നു. 55ഇമാം പ്രമുഖന്‍മാരുംന്യായാധിപസംഘം മുഴുവനും ഈസാ അൽ മസീഹിനെ വധിക്കുന്നതിന് അവനെതിരേ സാക്ഷ്യം അന്വേഷിച്ചു. പക്‌ഷേ, അവര്‍ കണ്ടെത്തിയില്ല. 56പലരും ഈസാ അൽ മസീഹിനെതിരേ കള്ളസാക്ഷ്യം പറഞ്ഞെങ്കിലും അവ തമ്മില്‍ പൊരുത്തപ്പെട്ടില്ല. 57ചിലര്‍ എഴുന്നേറ്റ് ഈസാ അൽ മസീഹിനെതിരേ ഇപ്രകാരം കള്ളസാക്ഷ്യം പറഞ്ഞു: 58കൈകൊണ്ടു പണിത ഈ പള്ളി ഞാന്‍ നശിപ്പിക്കുകയും കൈകൊണ്ടു പണിയാത്ത മറ്റൊന്ന് മൂന്നു ദിവസംകൊണ്ടു നിര്‍മിക്കുകയും ചെയ്യും എന്ന് ഇവന്‍ പറയുന്നതു ഞങ്ങള്‍ കേട്ടിട്ടുണ്ട്. 59ഇക്കാര്യത്തിലും അവരുടെ സാക്ഷ്യങ്ങള്‍ പൊരുത്തപ്പെട്ടില്ല. 60പ്രധാന ഇമാം മധ്യത്തില്‍ എഴുന്നേറ്റു നിന്ന് ഈസാ അൽ മസീഹിനോടു ചോദിച്ചു: ഇവര്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തുന്നതിന് നിനക്കു മറുപടിയൊന്നും പറയാനില്ലേ? 61ഈസാ അൽ മസീഹ് നിശ്ശബ്ദനായിരുന്നു: മറുപടിയൊന്നും പറഞ്ഞില്ല. പ്രധാന ഇമാം വീണ്ടും ചോദിച്ചു: നീയാണോ വാഴ്ത്തപ്പെട്ടവന്റെ പുത്രനായ ക്രിസ്തു? 62ഈസാ അൽ മസീഹ് പറഞ്ഞു: ഞാന്‍ തന്നെ. മനുഷ്യപുത്രന്‍ ശക്തിയുടെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വാനമേഘങ്ങളില്‍ വരുന്നതും നിങ്ങള്‍ കാണും. 63അപ്പോള്‍ പ്രധാന ഇമാം തന്‍റെ വസ്ത്രം വലിച്ചുകീറിക്കൊണ്ടു പറഞ്ഞു: ഇനി സാക്ഷികളെക്കൊണ്ട് നമുക്ക് എന്താവശ്യം? 64മുർത്തദ് നിങ്ങള്‍കേട്ടുവല്ലോ? നിങ്ങള്‍ക്ക് എന്തു തോന്നുന്നു? അവന്‍ മരണത്തിന് അര്‍ഹനാണെന്ന് അവരെല്ലാവരും വിധിച്ചു. 65ചിലര്‍ ഈസാ അൽ മസീഹിനെ തുപ്പാനും ഈസാ അൽ മസീഹിന്റെ മുഖം മൂടിക്കെട്ടി മുഷ്ടികൊണ്ട് ഇടിക്കാനും, നീ പ്രവചിക്കുക എന്ന് ഈസാ അൽ മസീഹിനോടു പറയാനും തുടങ്ങി. ഭൃത്യന്‍മാര്‍ ഈസാ അൽ മസീഹിന്റെ ചെകിട്ടത്തടിച്ചു.

പത്രോസ് തള്ളിപ്പറയുന്നു

(മത്തി 26:69-75; ലൂക്കാ 22:56-62; യഹിയ്യാ 18:15-18; യഹിയ്യാ 18:25-27)

66പത്രോസ് താഴെ മുറ്റത്തിരിക്കുമ്പോള്‍, പ്രധാന ഇമാമിന്റെ പരിചാരികമാരില്‍ ഒരുവള്‍ വന്ന്, 67അവന്‍ തീ കാഞ്ഞുകൊണ്ടിരിക്കുന്നതു കണ്ട് അവനെ നോക്കിപ്പറഞ്ഞു: നീയും നസറായനായ ഈസയുടെ കൂടെയായിരുന്നല്ലോ. 68അവനാകട്ടെ, നീ പറയുന്നതെന്തെന്നു ഞാന്‍ അറിയുന്നില്ല; എനിക്കു മനസ്‌സിലാകുന്നുമില്ല എന്നു നിഷേധിച്ചു പറഞ്ഞു. പിന്നെ, അവന്‍ പുറത്ത് പടിവാതില്‍ക്കലേക്കു പോയി. ആ പരിചാരിക അവനെ പിന്നെയുംകണ്ടപ്പോള്‍, അടുത്തു നിന്നവരോടു പറഞ്ഞു: ഇവന്‍ അവരില്‍ ഒരുവനാണ്. 69ആ പരിചാരിക അവനെ പിന്നെയും കണ്ടപ്പോള്‍, അടുത്തു നിന്നവരോടു പറഞ്ഞു: ഇവന്‍ അവരില്‍ ഒരുവനാണ്. 70അവന്‍ വീണ്ടും അതു നിഷേധിച്ചു. അല്‍പം കഴിഞ്ഞപ്പോള്‍, അടുത്തു നിന്നവര്‍ പത്രോസിനോടു പറഞ്ഞു: നിശ്ചയമായും നീ അവരില്‍ ഒരുവനാണ്. നീയും ഗലീലിയക്കാരനാണല്ലോ. 71നിങ്ങള്‍ പറയുന്ന ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്നുപറഞ്ഞ് അവന്‍ ശപിക്കാനും ആണയിടുവാനും തുടങ്ങി. 72ഉടന്‍തന്നെ കോഴി രണ്ടാം പ്രാവശ്യം കൂവി. കോഴി രണ്ടു പ്രാവശ്യം കൂവുന്നതിനുമുമ്പ് നീ മൂന്നു പ്രാവശ്യം എന്നെ നിഷേധിക്കുമെന്ന് ഈസാ അൽ മസീഹ് പറഞ്ഞ വാക്ക് അപ്പോള്‍ പത്രോസ് ഓര്‍മിച്ചു. അവന്‍ ഉള്ളുരുകിക്കരഞ്ഞു.


അടിക്കുറിപ്പുകൾ