മർക്കൊസ് 11  

ജറുസലെമിലേക്കു രാജകീയ പ്രവേശനം

(മത്തി 21:1-11; ലൂക്കാ 19:28-40; യഹിയ്യാ 12:12-19)

11 1അവര്‍ ജറുസലെമിനെ സമീപിക്കുകയായിരുന്നു. ഒലിവുമലയ്ക്കു സമീപമുള്ള ബേത്ഫഗെ, ബഥാനിയാ എന്നീ സ്ഥലങ്ങള്‍ക്കടുത്തെത്തിയപ്പോള്‍ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് രണ്ടു സാഹബാക്കളെ അയച്ചുകൊണ്ടു പറഞ്ഞു: എതിരേ കാണുന്ന ഗ്രാമത്തിലേക്കു ചെല്ലുവിന്‍. 2അതില്‍ പ്രവേശിക്കുമ്പോള്‍ത്തന്നെ, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും. അതിനെ അഴിച്ചുകൊണ്ടുവരുവിന്‍. 3നിങ്ങളെന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍, റബ്ബിന് ഇതിനെക്കൊണ്ട് ആവശ്യമുണ്ട്; ഉടനെ തിരിച്ചയയ്ക്കുന്നതാണ് എന്നു പറയുക. 4അവര്‍ പോയി, തെരുവില്‍ ഒരു പടിവാതില്‍ക്കല്‍ ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു. അവര്‍ അതിനെ അഴിക്കുമ്പോള്‍ 5അവിടെ നിന്നിരുന്നവര്‍ അവരോടു ചോദിച്ചു: നിങ്ങളെന്തിനാണ് കഴുതക്കുട്ടിയെ അഴിക്കുന്നത്? 6ഈസാ അൽ മസീഹ് പറഞ്ഞതു പോലെ സാഹബാക്കൾ മറുപടി പറഞ്ഞു. അതിനെ കൊണ്ടുപോകാന്‍ അവര്‍ അനുവദിച്ചു. 7അവര്‍ കഴുതക്കുട്ടിയെ ഈസാ അൽ മസീഹിന്റെ അടുത്തു കൊണ്ടുവന്ന്, അതിന്റെ പുറത്ത് തങ്ങളുടെ തുണികൾ വിരിച്ചു. ഈസാ അൽ മസീഹ് കയറിയിരുന്നു. 8വളരെപ്പേര്‍ തെരുവീഥിയില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ചു. മറ്റുള്ളവര്‍ വയലില്‍ നിന്ന് പച്ചിലക്കൊമ്പുകള്‍ മുറിച്ചു നിരത്തി. 9ഈസാ അൽ മസീഹിൻറെ മുമ്പിലും പിമ്പിലും നടന്നിരുന്നവര്‍ വിളിച്ചുപറഞ്ഞു: ഹോസാന! പടച്ചോന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! 10നമ്മുടെ പിതാവായ ദാവൂദ് നബി (അ) ന്റെ സമാഗതമാകുന്ന രാജ്യം അനുഗൃഹീതം! ഉന്നതങ്ങളില്‍ ഹോസാന!എന്നു ആർത്തുകൊണ്ടിരുന്നു 11ഈസാ അൽ മസീഹ് യെരൂശലേമിൽ ദൈവാലയത്തിലേക്കു ചെന്നു സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ടു സാഹബാക്കളോടും കൂടെ ബേഥാന്യയിലേക്കു പോയി.

അത്തിവൃക്ഷത്തെ ശപിക്കുന്നു

(മത്തി 21:18-19)

12അടുത്ത ദിവസം അവര്‍ ബഥാനിയായില്‍ നിന്നു വരുമ്പോള്‍ ഈസാ അൽ മസീഹിനു വിശക്കുന്നുണ്ടായിരുന്നു. 13അകലെ തളിരിട്ടു നില്‍ക്കുന്ന ഒരു അത്തിമരം കണ്ട് അതില്‍ എന്തെങ്കിലും ഉണ്ടാകാം എന്നു വിചാരിച്ച് അടുത്തു ചെന്നു. എന്നാല്‍, ഇലകളല്ലാതെ മറ്റൊന്നും കണ്ടില്ല. അത് അത്തിപ്പഴങ്ങളുടെ കാലമല്ലായിരുന്നു. 14ഈസാ അൽ മസീഹ് പറഞ്ഞു: ആരും ഇനിയൊരിക്കലും നിന്നില്‍ നിന്നു പഴം തിന്നാതിരിക്കട്ടെ! ഈസാ അൽ മസീഹിന്റെ സാഹബാക്കൾ ഇതു കേട്ടു.

പള്ളി ശുദ്ധീകരിക്കുന്നു

(മത്തി 21:12-17; ലൂക്കാ 19:45-48; യഹിയ്യാ 2:13-22)

15അവര്‍ ജറുസലെമിലെത്തി. ഈസാ അൽ മസീഹ് പള്ളിയിൽ പ്രവേശിച്ച്, അവിടെ കച്ചവടം ചെയ്തുകൊണ്ടിരുന്നവരെ പുറത്താക്കാന്‍ തുടങ്ങി. നാണയമാറ്റക്കാരുടെ മേശകളും പ്രാവു വില്‍പനക്കാരുടെ ഇരിപ്പിടങ്ങളും ഈസാ അൽ മസീഹ് തട്ടിമറിച്ചിട്ടു. 16പളളിയിലൂടെ പാത്രങ്ങള്‍ ചുമന്നുകൊണ്ടുപോകാന്‍ ആരെയും ഈസാ അൽ മസീഹ് അനുവദിച്ചില്ല. 17ഈസാ അൽ മസീഹ് അവർക്ക് തഅലീം കൊടുത്തത്: എന്റെ ഭവനം എല്ലാ ജനതകള്‍ക്കുമുള്ള ദുആ ഗർ എന്നു വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിട്ടില്ലേ? നിങ്ങള്‍ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയാക്കിത്തീര്‍ത്തിരിക്കുന്നു. 18ഇതുകേട്ടപ്പോള്‍ പ്രധാന ഇമാംമാരും ഉലമാക്കളും ഈസാ അൽ മസീഹ് നെ ഇല്ലാതാക്കാൻ അവസരം അന്വേഷിച്ചു; കാരണം, ഈസാ അൽ മസീഹിനെ അവര്‍ ഭയപ്പെട്ടു. ജനങ്ങളെല്ലാം ഈസാ അൽ മസീഹിന്റെ പ്രബോധനങ്ങളെക്കുറിച്ചു വിസ്മയിച്ചിരുന്നു. 19വൈകുന്നേരമായപ്പോള്‍ അവര്‍ നഗരത്തിനു വെളിയിലേക്കു പോയി.

ഈമാന്റെ ശക്തി

(മത്തി 21:20-22)

20അവര്‍ രാവിലെ അത്തിമരത്തിന്റെ സമീപത്തുകൂടെ കടന്നുപോകുമ്പോള്‍ അതു മുഴുവനും ഉണങ്ങിപ്പോയിരിക്കുന്നതു കണ്ടു. 21അപ്പോള്‍ പത്രോസ് ഈസാ അൽ മസീഹിനെ അനുസ്മരിപ്പിച്ചു: ഉസ്താദ്, നോക്കൂ, അങ്ങ് ശപിച്ച അത്തിമരം ഉണങ്ങിപ്പോയിരിക്കുന്നു! 22ഈസാ അൽ മസീഹ് പ്രതിവചിച്ചു: റബ്ബിൽ ആലമീനായ തമ്പുരാനിൽ വിശ്വസിക്കുക. 23സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ആരെങ്കിലും ഈ മലയോട് ഇവിടെനിന്നു മാറി കടലില്‍ച്ചെന്നു വീഴുക എന്നുപറയുകയും ഹൃദയത്തില്‍ ശങ്കിക്കാതെ, താന്‍ പറയുന്നതു സംഭവിക്കുമെന്നു ഈമാൻ വെക്കുകയും ചെയ്താല്‍ അവന് അതു സാധിച്ചു കിട്ടും. 24അതിനാല്‍, ഞാന്‍ പറയുന്നു: ദുആ ഇരക്കുന്നതെന്തും ലഭിക്കുമെന്നു ഈമാൻ വെക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും. 25നിങ്ങള്‍ ദുആ ഇരക്കുമ്പോള്‍ നിങ്ങള്‍ക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അതു ക്ഷമിക്കുവിന്‍. 26അപ്പോള്‍ ജന്നത്തിലുള്ള നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കും.

ഈസാ അൽ മസീഹിന്റെ അധികാരം

(മത്തി 21:23-27; ലൂക്കാ 20:1-8)

27അവര്‍ വീണ്ടും ജറുസലെമില്‍ വന്നു. ഈസാ അൽ മസീഹ് പള്ളിയിലൂടെ നടക്കുമ്പോള്‍ പ്രധാന ഇമാംമാരും ഉലമാക്കളും ജനപ്രമാണികളും ഈസാ അൽ മസീഹിൻറെ അടുത്തെത്തി. 28അവര്‍ ഈസാ അൽ മസീഹിനോടു ചോദിച്ചു: എന്തധികാരത്താലാണ് അങ്ങ് ഇവയൊക്കെ ചെയ്യുന്നത്? ഇവ പ്രവര്‍ത്തിക്കുന്നതിന് ആരാണ് അങ്ങ്ക്ക് അധികാരം നല്‍കിയത്? 29ഈസാ അൽ മസീഹ് പറഞ്ഞു: ഞാന്‍ നിങ്ങളോട് ഒരു കാര്യം ചോദിക്കാം. എന്നോട് ഉത്തരം പറയുവിന്‍. എന്തധികാരത്താലാണ് ഞാന്‍ ഇവ ചെയ്യുന്നതെന്ന് അപ്പോള്‍ പറയാം. 30യഹ്യാ[b] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) നബി (അ) ജ്ഞാനസ്‌നാനം ജന്നത്തില്‍ നിന്നോ മനുഷ്യരില്‍ നിന്നോ? ഉത്തരം പറയുവിന്‍. 31അവര്‍ പരസ്പരം ആലോചിച്ചു: ജന്നത്തില്‍ നിന്ന് എന്നു പറഞ്ഞാല്‍, പിന്നെ എന്തുകൊണ്ട് നിങ്ങള്‍ അവനെ വിശ്വസിച്ചില്ല എന്ന് നബി ചോദിക്കും. 32മനുഷ്യരില്‍നിന്ന് എന്നുപറയാന്‍ അവര്‍ക്കു ജനങ്ങളെ ഭയമായിരുന്നു. കാരണം, യഹ്യാ നബി (അ) യഥാര്‍ഥത്തില്‍ ഒരു പ്രവാചകനാണെന്ന് എല്ലാവരും കരുതിയിരുന്നു. 33അതിനാല്‍, അവര്‍ ഈസാ അൽ മസീഹിനോടു പറഞ്ഞു: ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ. അപ്പോള്‍ ഈസാ അൽ മസീഹ് പറഞ്ഞു: എന്തധികാരത്താലാണ് ഞാന്‍ ഇവ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല.


അടിക്കുറിപ്പുകൾ