മർക്കൊസ് 10  

തലാക്കിനെ സംബന്ധിച്ച പ്രബോധനം

(മത്തി 19:1-12)

10 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് അവിടം വിട്ട്‌ യൂദയായിലേക്കും ജോര്‍ദാനു മറുകരയിലേക്കും പോയി. വീണ്ടും ജനങ്ങള്‍ ഈസാ അൽ മസീഹിൻറെയടുക്കല്‍ ഒരുമിച്ചുകൂടി. പതിവു പോലെ ഈസാ അൽ മസീഹ് അവർക്ക് തഅലീം കൊടുത്തു.

2ഫരിസേയര്‍ വന്ന് അദ്ദേഹത്തെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു: ബീവിയെ തലാക്ക് ചെയ്യുന്നത് ശരീഅത്താണോ? 3അദ്ദേഹം മറുപടി പറഞ്ഞു: മൂസാ നബി (അ) എന്താണ് നിങ്ങളോടു കല്‍പിച്ചത്? 4അവര്‍ പറഞ്ഞു: തലാക്ക്പത്രം കൊടുത്ത് അവളെ തലാക്ക് ചെയ്യാൻ മൂസാ നബി (അ) അനുവദിച്ചിട്ടുണ്ട്. 5ഈസാ അൽ മസീഹ് പറഞ്ഞു: നിങ്ങളുടെ ഹൃദയ കാഠിന്യം കൊണ്ടാണ് മൂസാ നബി (അ) ഈ ശരീഅത്ത് നിങ്ങള്‍ക്കുവേണ്ടി എഴുതിയത്. 6എന്നാല്‍, സൃഷ്ടിയുടെ ആരംഭം മുതലേ അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു. 7ഇക്കാരണത്താല്‍, പുരുഷന്‍ ബാപ്പയെയും ഉമ്മയെയും വിടുകയും അവര്‍ ഇരുവരും ഒരു ശരീരമായിത്തീരുകയും ചെയ്യും. 8പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. 9അതിനാല്‍, അള്ളാഹു സംയോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.

10ഇക്കാര്യത്തെക്കുറിച്ച് സാഹബാക്കൾ വീട്ടില്‍ വച്ച് വീണ്ടും അദ്ദേഹത്തോടു ചോദിച്ചു. 11അദ്ദേഹം പറഞ്ഞു: ബീവിയെ തലാക്ക് ചെയ്ത് മറ്റൊരുവളെ നിക്കാഹ് ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു. 12ഭര്‍ത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ നിക്കാഹ് ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു.

ശിശുക്കളെ അനുഗ്രഹിക്കുന്നു

(മത്തി 19:13-15; ലൂക്കാ 18:15-17)

13ഈസാ അൽ മസീഹ് തൊട്ട് അനുഗ്രഹിക്കുന്നതിനു വേണ്ടി ശിശുക്കളെ അദ്ദേഹത്തിന്റെ അടുക്കല്‍ അവര്‍ കൊണ്ടുവന്നു. സാഹബാക്കളാകട്ടെ അവരെ ശകാരിച്ചു. 14ഇതു കണ്ടപ്പോള്‍ ഈസാ അൽ മസീഹ് കോപിച്ച് അവരോടു പറഞ്ഞു: ശിശുക്കള്‍ എന്റെയടുത്തു വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്. എന്തെന്നാല്‍, അള്ളാഹുവിൻറെ രാജ്യം അവരെപ്പോലുള്ളവരുടേതാണ്. 15സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ അള്ളാഹുവിൻറെ രാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല. 16അദ്ദേഹം ശിശുക്കളെ എടുത്ത്, അവരുടെമേല്‍ കൈകള്‍ വച്ച് അനുഗ്രഹിച്ചു.

ധനികനും അള്ളാഹുവിൻറെ രാജ്യവും

(മത്തി 19:16-30; ലൂക്കാ 18:18-30)

17ഈസാ അൽ മസീഹ് വഴിയിലേക്കിറങ്ങിയപ്പോള്‍ ഒരുവന്‍ ഓടിവന്ന് അദ്ദേഹത്തിന്റെ മുമ്പില്‍ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഉസ്താദ്, ജന്നത്ത് നസീബാകാന്‍ ഞാന്‍ എന്തുചെയ്യണം? 18അദ്ദേഹം അവനോടു ചോദിച്ചു: എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്നുവിളിക്കുന്നത്? അള്ളാഹു ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല. 19ശരീഅത്ത് നിനക്കറിയാമല്ലോ: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നല്‍കരുത്, വഞ്ചിക്കരുത്, ബാപ്പയെയും ഉമ്മയെയും ബഹുമാനിക്കുക. 20അവന്‍ പറഞ്ഞു: ഉസ്താദ്, ചെറുപ്പം മുതല്‍ ഞാന്‍ ഇവയെല്ലാം പാലിക്കുന്നുണ്ട്. 21അദ്ദേഹം സ്‌നേഹപൂര്‍വം അവനെ കടാക്ഷിച്ചു കൊണ്ടു പറഞ്ഞു: നിനക്ക് ഒരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് യത്തീമുകൾക്ക് കൊടുക്കുക. അപ്പോള്‍ ജന്നത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക. 22ഈ വചനം കേട്ട് അവന്‍ വിഷാദിച്ച് സങ്കടത്തോടെ തിരിച്ചുപോയി. കാരണം, അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു.

23ഈസാ അൽ മസീഹ് ചുറ്റും നോക്കി സാഹബാക്കളോടു പറഞ്ഞു: സമ്പന്നന്‍ ജന്നത്തില്‍ പ്രവേശിക്കുക എത്രപ്രയാസം! 24ഈസാ അൽ മസീഹിൻറെ വാക്കു കേട്ടു സാഹബാക്കൾ വിസ്മയിച്ചു. അദ്ദേഹം വീണ്ടും അവരോടു പറഞ്ഞു: മക്കളേ, ജന്നത്തില്‍ പ്രവേശിക്കുക എത്ര പ്രയാസം! 25ധനവാന്‍ ജന്നത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിയുടെ ഓട്ടയിലൂടെ കടക്കുന്നതാണ്. 26അവര്‍ അത്യന്തം വിസ്മയഭരിതരായി ചോദിച്ചു: അങ്ങനെയെങ്കില്‍, രക്ഷപെടാന്‍ ആര്‍ക്കു കഴിയും? 27അദ്ദേഹം അവരുടെ നേരേ നോക്കി പറഞ്ഞു: മനുഷ്യന് ഇത് അസാധ്യമാണ്; അള്ളാഹുവിന് അങ്ങനെയല്ല. അവിടുത്തേക്ക് എല്ലാം സാധിക്കും. 28പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. 29അദ്ദേഹം പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നെപ്രതിയും ഇഞ്ചീലിനെ പ്രതിയും ഭവനത്തെയോ ആങ്ങളമാരെയോ പെങ്ങമാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും 30ഇവിടെ വച്ചുതന്നെ നൂറിരട്ടി ലഭിക്കാതിരിക്കയില്ല - ഭവനങ്ങളും സഹോദരന്‍മാരും സഹോദരിമാരും മാതാക്കളും മക്കളും വയലുകളും അവയോടൊപ്പം പീഡനങ്ങളും; വരാനിരിക്കുന്ന കാലത്തു ജന്നത്തും നസീബാകും. 31എന്നാല്‍, മുമ്പന്‍മാരില്‍ പലരും പിമ്പന്‍മാരും പിമ്പന്‍മാരില്‍ പലരും മുമ്പന്‍മാരുമാകും.

പീഡാനുഭവവും ഉത്ഥാനവും -മൂന്നാം പ്രവചനം

(മത്തി 20:17-19; ലൂക്കാ 18:31-34)

32അവര്‍ ജറുസലെമിലേക്കുള്ള വഴിയെ നടന്നു പോവുകയായിരുന്നു. ഈസാ അൽ മസീഹ് അവരുടെ മുമ്പില്‍ നടന്നിരുന്നു. അവര്‍ വിസ്മയിച്ചു. അനുയാത്ര ചെയ്തിരുന്നവര്‍ ഭയപ്പെടുകയും ചെയ്തു. അദ്ദേഹം പന്ത്രണ്ടു പേരെയും അടുത്തു വിളിച്ച്, തനിക്കു സംഭവിക്കുവാനിരിക്കുന്ന കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. 33ഇതാ, നമ്മള്‍ ജറുസലെമിലേക്കു പോകുന്നു. മനുഷ്യപുത്രന്‍ പ്രധാന ദാരിമിക്കും ഉലമാക്കൾക്കും ഏല്‍പിക്കപ്പെടും. 34അവര്‍ അദ്ദേഹത്തെ മരണത്തിനു വിധിക്കുകയും വിജാതീയര്‍ക്ക് ഏല്‍പിച്ചു കൊടുക്കുകയും ചെയ്യും. അവര്‍ അദ്ദേഹത്തെ പരിഹസിക്കുകയും അദ്ദേഹത്തിന്‍െറ മേല്‍ തുപ്പുകയും അദ്ദേഹത്തെ പ്രഹരിക്കുകയും വധിക്കുകയും ചെയ്യും. മൂന്നു ദിവസത്തിനുശേഷം അദ്ദേഹം ഉയിര്‍ത്തെഴുന്നേല്‍ക്കും.

സെബദീപുത്രന്‍മാരുടെ അഭ്യര്‍ഥന

(മത്തി 20:20-28)

35സെബദീ പുത്രന്‍മാരായ യാക്കോബും യഹിയ്യാവും അദ്ദേഹത്തെ സമീപിച്ച് അപേക്ഷിച്ചു: ഉസ്താദ്, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നതെന്തും ഞങ്ങള്‍ക്കു ചെയ്തു തരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. 36അദ്ദേഹം ചോദിച്ചു: നിങ്ങള്‍ക്കു വേണ്ടി ഞാന്‍ എന്തുചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? 37അവര്‍ പറഞ്ഞു: അങ്ങയുടെ ബാദ്ശാഅത്തിൽ ഞങ്ങളില്‍ ഒരാള്‍ അങ്ങയുടെ വലത്തു വശത്തും മറ്റെയാള്‍ ഇടത്തു വശത്തും ഉപവിഷ്ടരാകാന്‍ അനുവദിക്കണമേ! 38അദ്ദേഹം പ്രതിവചിച്ചു: നിങ്ങള്‍ ആവശ്യപ്പെടുന്നത് എന്താണെന്നു നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാന്‍ സ്വീകരിക്കുന്ന സ്‌നാനം സ്വീകരിക്കാനോ നിങ്ങള്‍ക്കു കഴിയുമോ? 39ഞങ്ങള്‍ക്കു കഴിയും എന്ന് അവര്‍ മറുപടി പറഞ്ഞു.ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: ഞാന്‍ കുടിക്കുന്ന പാനപാത്രം നിങ്ങള്‍ കുടിക്കും; ഞാന്‍ സ്വീകരിക്കുന്ന സ്‌നാനം നിങ്ങള്‍ സ്വീകരിക്കും. 40എന്നാല്‍, എന്റെ വലത്തു വശത്തോ ഇടത്തു വശത്തോ ഇരിക്കാനുള്ള വരം തരേണ്ടതു ഞാനല്ല. അത് ആര്‍ക്കു വേണ്ടി സജ്ജമാക്കപ്പെട്ടിരിക്കുന്നുവോ അവര്‍ക്കുള്ളതാണ്. 41ഇതു കേട്ടപ്പോള്‍ ബാക്കി പത്തു പേര്‍ക്കും യാക്കോബിനോടും യഹിയ്യാവോടും ദേഷ്യം തോന്നി. 42ഈസാ അൽ മസീഹ് അവരെ അടുത്തു വിളിച്ചു പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നു വെന്നും അവരുടെ പ്രമാണികള്‍ അവരുടെ മേല്‍ അധികാരം പ്രയോഗിക്കുന്നു വെന്നും നിങ്ങള്‍ക്കറിയാമല്ലോ. 43എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. 44നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനുമായിരിക്കണം. 45മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കു വേണ്ടി മോചന ദ്രവ്യമായി നല്‍കാനുമത്രേ.

ബര്‍തിമേയൂസിനുകാഴ്ച നല്‍കുന്നു

(മത്തി 20:29-34; ലൂക്കാ 18:35-43)

46അവര്‍ ജറീക്കൊയിലെത്തി. അദ്ദേഹം സാഹബാക്കളോടും വലിയ ഒരു ജനാവലിയോടും കൂടെ ജറീക്കോ വിട്ടു പോകുമ്പോള്‍ തിമേയൂസിന്റെ പുത്രനായ ബര്‍തിമേയൂസ് എന്ന അന്ധയാചകന്‍ വഴിയരികില്‍ ഇരിപ്പുണ്ടായിരുന്നു. 47നസറായനായ ഈസാ അൽ മസീഹ് പോകുന്നതെന്നറിഞ്ഞപ്പോള്‍ അവന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: റഹ്മാനായ മസീഹ് ഇബ്നു ദാവൂദ്. 48നിശ്ശബ്ദനായിരിക്കുവാന്‍ പറഞ്ഞു കൊണ്ട് പലരും അവനെ ശകാരിച്ചു. എന്നാല്‍, അവന്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: റഹ്മാനായ ഇബ്നു ദാവൂദ്! 49ഈസാ അൽ മസീഹ് പെട്ടെന്ന് നിന്നിട്ടു പറഞ്ഞു: അവനെ വിളിക്കുക. അവര്‍ അന്ധനെ വിളിച്ച് അവനോടു പറഞ്ഞു: ധൈര്യമായിരിക്കൂ; എഴുന്നേല്‍ക്കുക; ഈസാ അൽ മസീഹ് നിന്നെ വിളിക്കുന്നു. 50അവന്‍ പുറങ്കുപ്പായം ദൂരെയെറിഞ്ഞ്, കുതിച്ചു ചാടി ഈസാ അൽ മസീഹിന്റെ അടുത്തെത്തി. 51ഈസാ അൽ മസീഹ് ചോദിച്ചു: ഞാന്‍ നിനക്കു വേണ്ടി എന്തു ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അന്ധന്‍ അദ്ദേഹത്തോടു പറഞ്ഞു: ഉസ്താദ്, എനിക്കു കാഴ്ച വീണ്ടു കിട്ടണം. 52ഈസാ അൽ മസീഹ് പറഞ്ഞു: നീ പൊയ്‌ക്കൊള്ളുക, നിന്റെ ഈമാൻ നിന്നെ രക്ഷിച്ചിരിക്കുന്നു. തത്ക്ഷണം അവനു കാഴ്ച ലഭിച്ചു. അവന്‍ ഈസാ അൽ മസീഹിനെ അനുഗമിച്ചു.


അടിക്കുറിപ്പുകൾ