അൽ-ആവിയാനി (ലേവ്യാ) 15

സ്രാവം മൂലമുള്ള അശുദ്ധി

15 1റബ്ബ്ൽ ആലമീൻ മൂസായോടും ഹാറൂനോടും അരുളിച്ചെയ്തു: 2യിസ്രായിലാഹ് ജനത്തോടു പറയുക: ആര്‍ക്കെങ്കിലും ശുക്ലസ്രാവമുണ്ടായാല്‍ അവന്‍ അതിനാല്‍ അശുദ്ധനായിരിക്കും. 3ശുക്ലസ്രാവത്താലുള്ള അശുദ്ധിയെ സംബന്ധിക്കുന്ന ശരീഅത്ത് ഇതാണ്: അവന്റെ ശരീരത്തില്‍ നിന്ന് ശുക്ലം ഒഴുകുകയോ ഒഴുക്കു നിലച്ചുപോകുകയോ ചെയ്താലും അവനില്‍ അത് അശുദ്ധിയാണ്. 4അവന്‍ കിടക്കുന്ന കിടക്കയും ഇരിക്കുന്ന ഇടങ്ങളുമെല്ലാം അശുദ്ധമായിരിക്കും. 5അവന്റെ കിടക്ക തൊടുന്നവന്‍ വസ്ത്രം അലക്കുകയും കുളിക്കുകയും വേണം. അവന്‍ വൈകുന്നേരം വരെ അശുദ്ധനായിരിക്കും. 6അവന്‍ ഇരുന്ന സ്ഥലത്ത് ആരെങ്കിലും ഇരുന്നാല്‍ അവനും വസ്ത്രങ്ങള്‍ അലക്കി കുളിക്കണം; വൈകുന്നേരം വരെ അവന്‍ അശുദ്ധനായിരിക്കും. 7അവന്റെ ശരീരത്തില്‍ തൊടുന്നവനും വസ്ത്രം അലക്കി കുളിക്കണം: വൈകുന്നേരം വരെ അവന്‍ അശുദ്ധനായിരിക്കും. 8അവന്‍ ശുദ്ധിയുള്ള ആരുടെയെങ്കിലുംമേല്‍ തുപ്പിയാല്‍ അവനും വസ്ത്രം അലക്കി കുളിക്കണം. 9അവന്‍ വൈകുന്നേരം വരെ അശുദ്ധനായിരിക്കും. അവന്‍ ഇരുന്നു യാത്ര ചെയ്യുന്ന ജീനിയും അശുദ്ധമായിരിക്കും. 10അവന്റെ കിടക്കയ്ക്കു കീഴേയുള്ള എന്തിനെയെങ്കിലും സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരം വരെ അശുദ്ധനായിരിക്കും. 11അവന്‍ കൈകഴുകാതെ ആരെയെങ്കിലും സ്പര്‍ശിച്ചാല്‍ അവനും വസ്ത്രം അലക്കി കുളിക്കണം. വൈകുന്നേരം വരെ അവന്‍ അശുദ്ധനായിരിക്കും. 12അവന്‍ സ്പര്‍ശിക്കുന്ന മണ്‍പാത്രം ഉടച്ചുകളയണം; മരപ്പാത്രമെങ്കില്‍, അതു കഴുകണം.

13അവന്‍ സ്രാവം മാറി ശുദ്ധിയുള്ളവനാകുമ്പോള്‍, ശുദ്ധീകരണത്തിനായി ഏഴു ദിവസം നിശ്ചയിച്ച് തന്റെ വസ്ത്രങ്ങള്‍ അലക്കുകയും ഒഴുക്കുള്ള വെള്ളത്തില്‍ കുളിക്കുകയും വേണം. അപ്പോള്‍ അവന്‍ ശുദ്ധിയുള്ളവനാകും. 14എട്ടാം ദിവസം അവന്‍ രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍ കുഞ്ഞുങ്ങളെയോ റബ്ബ്ൽ ആലമീന്റെ സന്നിധിയില്‍ ഖയാമത്തുൽ ഇബാദത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവന്ന് ഇമാമിനെ ഏല്‍പിക്കണം. 15ഇമാം അവയിലൊന്നിനെ പാപപരിഹാര ഖുർബാനിയായും മറ്റേതിനെ ദഹന ഖുർബാനിയായും അര്‍പ്പിക്കണം. അങ്ങനെ അവന്റെ ശുക്ലസ്രാവത്തിനു ഇമാം അവനുവേണ്ടി റബ്ബ്ൽ ആലമീന്റെ മുന്‍പില്‍ പരിഹാരം ചെയ്യണം.

16ഒരുവനു ബീജ സ്രവണമുണ്ടായാല്‍ അവന്‍ വെള്ളത്തില്‍ കുളിക്കണം. അവന്‍ വൈകുന്നേരം വരെ അശുദ്ധനായിരിക്കും. 17ബീജം വീണ വസ്ത്രങ്ങളും തുകലുമെല്ലാം വെള്ളംകൊണ്ടു കഴുകണം. അവ വൈകുന്നേരം വരെ അശുദ്ധമായിരിക്കും. 18ഒരാള്‍ സ്ത്രീയോടുകൂടി ശയിക്കുകയും ബീജസ്രവണമുണ്ടാകുകയും ചെയ്താല്‍, ഇരുവരും കുളിക്കണം; വൈകുന്നേരം വരെ അവര്‍ അശുദ്ധരായിരിക്കും.

19സ്ത്രീക്കു മാസമുറയനുസരിച്ചു രക്തസ്രാവമുണ്ടായാല്‍ ഏഴു ദിവസത്തേക്ക് അവള്‍ അശുദ്ധയായിരിക്കും. അവളെ സ്പര്‍ശിക്കുന്നവരെല്ലാം വൈകുന്നേരം വരെ അശുദ്ധരായിരിക്കും. 20അശുദ്ധിയുടെ ദിനങ്ങളില്‍ കിടക്കാനോ ഇരിക്കാനോ അവള്‍ ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം അശുദ്ധമായിരിക്കും. 21ആരെങ്കിലും അവളുടെ കിടക്കയെ സ്പര്‍ശിച്ചാല്‍ അവന്‍ തന്റെ വസ്ത്രങ്ങള്‍ അലക്കി കുളിക്കണം. വൈകുന്നേരം വരെ അവന്‍ അശുദ്ധനായിരിക്കും. 22അവള്‍ ഇരുന്ന എന്തിലെങ്കിലും സ്പര്‍ശിക്കുന്നവന്‍ തന്റെ വസ്ത്രങ്ങള്‍ അലക്കി കുളിക്കണം. അവന്‍ വൈകുന്നേരം വരെ അശുദ്ധനായിരിക്കും. 23അവളുടെ കിടക്കയിലോ ഇരിപ്പിടങ്ങളിലോ തൊടുന്നവന്‍ വൈകുന്നേരം വരെ അശുദ്ധനായിരിക്കും. 24ആരെങ്കിലും അവളോടുകൂടെ ശയിച്ചാല്‍ അവളുടെ അശുദ്ധി അവനിലും ഉണ്ടാവുകയും അവന്‍ ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കുകയും ചെയ്യും. അവന്‍ കിടക്കുന്ന ഏതു കിടക്കയും അശുദ്ധമാകും.

25സ്ത്രീക്ക് ഋതുകാലത്തല്ലാതെ വളരെ ദിവസത്തേക്ക് രക്തസ്രാവമുണ്ടാകുകയോ അശുദ്ധിയുടെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും രക്തസ്രാവം നീണ്ടു നില്ക്കുകയോ ചെയ്താല്‍ ഋതുകാലത്തെന്ന പോലെ ഈ ദിവസങ്ങളിലെല്ലാം അവള്‍ അശുദ്ധയായിരിക്കും. 26രക്തസ്രാവമുള്ള ദിവസങ്ങളില്‍ അവള്‍ കിടക്കുന്ന കിടക്കയെല്ലാം ഋതുകാലത്തിലെന്ന പോലെ അശുദ്ധമായിരിക്കും. അവള്‍ ഇരിക്കുന്നിടമെല്ലാം ഋതുകാലത്തെന്നപോലെ അശുദ്ധമായിരിക്കും. 27ഇവ സ്പര്‍ശിക്കുന്നവന്‍ അശുദ്ധനായിരിക്കും. അവന്‍ തന്റെ വസ്ത്രങ്ങള്‍ അലക്കി കുളിക്കണം. 28വൈകുന്നേരം വരെ അവന്‍ അശുദ്ധനായിരിക്കും. രക്തസ്രാവം മാറിയാല്‍ ഏഴു ദിവസത്തേക്കു കൂടി അവള്‍ കാത്തിരിക്കണം. അതിനുശേഷം അവള്‍ ശുദ്ധിയുള്ളവളായിരിക്കും. 29എട്ടാം ദിവസം അവള്‍ രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ഖയാമത്തുൽ ഇബാദത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവന്ന് ഇമാമിനെ ഏല്‍പിക്കണം. 30ഇമാം അതിലൊന്നിനെ പാപപരിഹാര ഖുർബാനിയായും മറ്റേതിനെ ദഹനഖുർബാനിയായും അര്‍പ്പിക്കണം. അവളുടെ രക്തസ്രാവം മൂലമുള്ള അശുദ്ധിക്ക് ഇമാം അവള്‍ക്കുവേണ്ടി റബ്ബ്ൽ ആലമീന്റെ മുന്‍പില്‍ പാപപരിഹാരം ചെയ്യണം.

31ഇങ്ങനെ, യിസ്രായിലാഹ് ജനങ്ങളുടെ ഇടയിലുള്ള എന്റെ കൂടാരം അശുദ്ധമാക്കി, തങ്ങളുടെ അശുദ്ധിയില്‍ അവര്‍ മരിക്കാതിരിക്കേണ്ടതിന് നീ അവരെ അശുദ്ധിയില്‍ നിന്ന് അകറ്റണം.

32ശുക്ലസ്രാവമോ ബീജസ്രാവമോ മൂലം അശുദ്ധരാകുന്നവര്‍ക്കുള്ള ശരീഅത്താണിത്. 33മാസമുറ മൂലം അശുദ്ധയായവള്‍ക്കും സ്രാവമുള്ള പുരുഷനും സ്ത്രീക്കും അശുദ്ധയായ സ്ത്രീയോടു കൂടെ ശയിക്കുന്നവനും ഉള്ളതാണ് ഈ ശരീഅത്ത്.