സൂറ അൽ-യിശായ്യാ 9
ഭാവി രാജാവ്
9 1എന്നാല്‍, ദുഃഖത്തിലാണ്ടു പോയവളുടെ അന്ധകാരം നീങ്ങിപ്പോകും. ആദ്യകാലങ്ങളില്‍ സെബുലൂണിന്റെയും നഫ്താലിയുടെയും ദേശങ്ങളെ അവിടുന്ന് നിന്ദനത്തിന് ഇരയാക്കി. എന്നാല്‍, അവസാനനാളുകളില്‍ സമുദ്രത്തിലേക്കുള്ള പാതയെ, ജോര്‍ദാനക്കരെയുള്ള ദേശത്തെ, ജനതകളുടെ ഗലീലിയെ അവിടുന്ന് മഹത്വപൂര്‍ണമാക്കും.
2അന്ധകാരത്തില്‍ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെ മേല്‍ പ്രകാശം ഉദിച്ചു. 3അങ്ങ് ജനതയെ വര്‍ധിപ്പിച്ചു; അവര്‍ക്ക് അത്യധികമായ ആനന്ദം നല്‍കി. വിളവെടുപ്പില്‍ സന്തോഷിക്കുന്നവരെപ്പോലെയും കവര്‍ച്ചവസ്തു പങ്കുവയ്ക്കുമ്പോള്‍ ആനന്ദിക്കുന്നവരെപ്പോലെയും അവര്‍ അങ്ങയുടെ മുന്‍പില്‍ ആഹ്‌ളാദിക്കുന്നു. 4അവന്‍ വഹിച്ചിരുന്ന നുകവും അവന്റെ ചുമലിലെ ദണ്ഡും മര്‍ദകന്റെ വടിയും മിദിയാന്റെ നാളിലെന്നപോലെ അങ്ങ് തകര്‍ത്തുകളഞ്ഞിരിക്കുന്നു. 5അട്ടഹാസത്തോടെ മുന്നേറുന്ന യോദ്ധാവിന്റെ ചെരിപ്പും രക്തം പുരണ്ട വസ്ത്രവും വിറകുപോലെ അഗ്‌നിയില്‍ ദഹിക്കും; 6എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ റബ്ബ്, നിത്യനായ പിതാവ്, സമാധാനത്തിന്റെ ബാദ്ഷാ എന്ന് അവന്‍ വിളിക്കപ്പെടും. 7ദാവൂദ് നബി (അ) ന്റെ സിംഹാസനത്തിലും അവന്റെ ബാദ്ഷാഅത്തിലും അവന്റെ ആധിപത്യം നിസ്‌സീമമാണ്; അവന്റെ സലാം അനന്തവും. നീതിയിലും ശരീഅത്തിലും എന്നേക്കും അതു സ്ഥാപിച്ചു പരിപാലിക്കാന്‍ തന്നെ. റബ്ബിൽ ആലമീനായ തമ്പുരൻറെ തീക്ഷ്ണത ഇതു നിറവേറ്റും.
ഇസ്രായേലിനു ശിക്ഷ
8യാഖൂബിനെതിരായി റബ്ബ് തന്റെ കലാം അയച്ചിരിക്കുന്നു. 9അത് ഇസ്രായേലിന്റെ മേല്‍ പ്രകാശിക്കും. 10ഇഷ്ടിക വീണുപോയി, എന്നാല്‍ വെട്ടിയൊരുക്കിയ കല്ലുകൊണ്ടു ഞങ്ങള്‍ പണിയും; സിക്കമൂര്‍ മരങ്ങള്‍ വെട്ടിക്കളഞ്ഞു, എന്നാല്‍ അവയ്ക്കുപകരം ദേവദാരു ഞങ്ങള്‍ ഉപയോഗിക്കും എന്ന് അഹങ്കാരത്തോടും ഔനത്യത്തോടും കൂടെ പറയുന്ന എഫ്രായിം കാരെയും സമരിയാനി വാസികളെയും ജനം തിരിച്ചറിയും. 11റബ്ബ് അവര്‍ക്കെതിരേ ശത്രുക്കളെ അയയ്ക്കുകയും അവരുടെ വൈരികളെ ഇളക്കിവിടുകയും ചെയ്യുന്നു. 12കിഴക്കു സിറിയാക്കാരും പടിഞ്ഞാറ് ഫിലിസ്ത്യരും ഇസ്രായേലിനെ വാ തുറന്നു വിഴുങ്ങുകയാണ്. അവിടുത്തെകോപം ഇതുകൊണ്ടും ശമിച്ചിട്ടില്ല; അവിടുത്തെ കരം ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നു.
13ജനം തങ്ങളെ പ്രഹരിച്ചവന്റെ അടുത്തേക്കു തിരിച്ചു ചെല്ലുകയോ സൈന്യങ്ങളുടെ കര്‍ത്താവിനെ അന്വേഷിക്കുകയോ ചെയ്തില്ല. 14അതിനാല്‍ ഒറ്റദിവസം കൊണ്ട് റബ്ബ് ഇസ്രായേലില്‍ നിന്ന് വാലും തലയും ഞാങ്ങണയും ഈന്തപ്പനക്കൈയും അരിഞ്ഞുകളഞ്ഞു. 15ശ്രേഷ്ഠനും ബഹുമാന്യനുമാണു തല, വ്യാജ നബിക്കാണു വാല്. 16ഈ ജനത്തെ നയിക്കുന്നവര്‍ അവരെ വഴിതെറ്റിക്കുകയാണ്. അവരാല്‍ നയിക്കപ്പെടുന്നവര്‍ നശിക്കുന്നു. 17അതിനാല്‍ അവരുടെ യുവാക്കന്‍മാരില്‍ റബ്ബ് പ്രസാദിക്കുന്നില്ല. അവരുടെ യത്തീമുകളുടെയും വിധവകളുടെയും മേല്‍ അവിടുത്തേക്കു കാരുണ്യം ഇല്ല. എല്ലാവരും അള്ളാഹുവിനെ ഭയമില്ലാതെ അകൃത്യം പ്രവര്‍ത്തിക്കുന്നു. ഓരോ വായും വ്യാജം സംസാരിക്കുന്നു. അതിനാല്‍ അവിടുത്തെ കോപം ശമിച്ചില്ല. അവിടുത്തെ കരം ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നു.
18ദുഷ്ടത അഗ്‌നിപോലെ ജ്വലിച്ച് മുള്ളുകളും മുള്‍ച്ചെടികളും നശിപ്പിക്കുന്നു. അതു വനത്തിലെ കുറ്റിച്ചെടികളെ എരിയിച്ച് പുകച്ചുരുളുകളായി ആകാശത്തേക്ക് ഉയരുന്നു. 19സൈന്യങ്ങളുടെ റബ്ബിന്റെ ക്രോധത്താല്‍ ദേശം കത്തിയെരിയുന്നു; ജനം അഗ്‌നിയില്‍ വിറകെന്ന പോലെയാണ്. ഒരുവനും സഹോദരനെ വെറുതെ വിടുന്നില്ല. 20ഒരുവന്‍ വലത്തുവശത്തു നിന്ന് കവര്‍ന്നു തിന്നുന്നു, എന്നാല്‍ വിശപ്പു ശമിക്കുന്നില്ല. ഇടത്തുവശത്തു നിന്ന് പിടിച്ചു വിഴുങ്ങുന്നു, എന്നാല്‍ തൃപ്തിയാകുന്നില്ല. ഓരോരുത്തനും അപരന്റെ മാംസം ഭക്ഷിക്കുന്നു. 21മനാസ്‌സെ എഫ്രായിമിനെയും എഫ്രായിം മനാസ്‌സെയെയും തന്നെ. അവര്‍ ഇരുവരും ചേര്‍ന്ന് യൂദായോട് എതിരിടുന്നു. ഇതുകൊണ്ടും അവിടുത്തെ കോപം ശമിച്ചിട്ടില്ല. അവിടുത്തെകരം ഉയര്‍ന്നുതന്നെ നില്‍ക്കുന്നു.