സൂറ അൽ-യിശായ്യാ 32
നീതിയുടെ ബാദ്ഷാ
32 1ഒരു ബാദ്ഷാ ധര്‍മനിഷ്ഠയോടെ ഭരണം നടത്തും. പ്രഭുക്കന്മാര് നീതിയോടെ ഭരിക്കും.
2അവര്‍ കാറ്റില്‍ നിന്ന് ഒളിക്കാനുള്ള സങ്കേതം പോലെയും കൊടുങ്കാറ്റില്‍ നിന്നു രക്ഷ പെടാനുള്ള അഭയസ്ഥാനം പോലെയും ആയിരിക്കും; വരണ്ട സ്ഥലത്ത് അരുവിപോലെയും മരുഭൂമിയില്‍ പാറക്കെട്ടിന്റെ തണല്‍ പോലെയും ആയിരിക്കും.
3കാണുന്നവന്‍ കണ്ണു ചിമ്മുകയില്ല; കേള്‍ക്കുന്നവന്‍ ചെവിയോര്‍ത്തു നില്‍ക്കും.
4അവിവേകികള്‍ ശരിയായി വിധിക്കും. വിക്കന്‍മാരുടെ നാവ് തടവില്ലാതെ വ്യക്തമായി സംസാരിക്കും.
5ഭോഷന്‍ ഇനിമേല്‍ ഉത്തമനായി കരുതപ്പെടുകയില്ല. വഞ്ചകനെ ബഹുമാന്യനെന്നു വിളിക്കുകയില്ല.
6വിഡ്ഢി ഭോഷത്തം സംസാരിക്കുന്നു. അധര്‍മം പ്രവര്‍ത്തിക്കുന്നതിനും റബ്ബിനെ ദുഷിച്ചു സംസാരിക്കുന്നതിനും വിശക്കുന്നവനെ പട്ടിണിയിടുന്നതിനും ദാഹിക്കുന്നവനു ജലം നിഷേധിക്കുന്നതിനും അവന്റെ മനസ്സ് ദുഷ്ടമായി നിനയ്ക്കുന്നു.
7വഞ്ചകന്റെ വഞ്ചനകള്‍ തിന്‍മയാണ്. അഗതിയുടെ അപേക്ഷ ന്യായയുക്തമായിരിക്കുമ്പോള്‍ പോലും വാക്കുകള്‍ കൊണ്ട് അവനെ നശിപ്പിക്കാന്‍ വഞ്ചകന്‍ ദുരാലോചന നടത്തുന്നു. കുലീനന്‍ കുലീനമായ കാര്യങ്ങള്‍ നിനയ്ക്കുന്നു.
8ഉത്തമമായ കാര്യങ്ങള്‍ക്കുവേണ്ടി അവന്‍ നിലകൊള്ളുന്നു.
9അലസരായ സ്ത്രീകളേ, എഴുന്നേറ്റ് എന്റെ സ്വരം ശ്രവിക്കുവിന്‍. അലംഭാവം നിറഞ്ഞ പുത്രിമാരേ, എന്റെ വാക്കിനു ചെവി തരുവിന്‍.
10അലംഭാവം നിറഞ്ഞ സ്ത്രീകളേ, ഒരു വര്‍ഷത്തിലേറെയാകുന്നതിനു മുന്‍പ് നിങ്ങള്‍ വിറകൊള്ളും. എന്തെന്നാല്‍, മുന്തിരിവിളവു നശിക്കും; വിളവെടുപ്പുണ്ടാവുകയില്ല.
11അലസരായ സ്ത്രീകളേ, വിറകൊള്ളുവിന്‍, അലംഭാവം നിറഞ്ഞവരേ, നടുങ്ങുവിന്‍. വസ്ത്രം ഉരിഞ്ഞുകളഞ്ഞ് അരയില്‍ ചാക്കുടുക്കുവിന്‍.
12മനോഹരമായ വയലുകളെയും ഫലപുഷ്ടിയുള്ള മുന്തിരിത്തോട്ടത്തെയും ചൊല്ലി മാറത്തടിച്ചു വിലപിക്കുവിന്‍.
13മുള്ളും മുള്‍ച്ചെടിയും നിറഞ്ഞ എന്റെ ജനത്തിന്റെ മണ്ണിനെച്ചൊല്ലി, സന്തുഷ്ടമായ നഗരത്തിലെ സന്തുഷ്ട ഭവനങ്ങളെച്ചൊല്ലി വിലപിക്കുവിന്‍.
14ഉന്നതത്തില് നിന്ന് നമ്മുടെമേല്‍ ആത്മാവ് വര്‍ഷിക്കപ്പെടുകയും
15മരുഭൂമി ഫലപുഷ്ടിയുള്ള വയലും ഫലപുഷ്ടിയുള്ള വയല്‍ വനവും ആയി മാറുകയും ചെയ്യുന്നതുവരെ കൊട്ടാരം പരിത്യക്തമായി കിടക്കും. ജന സാന്ദ്രതയുള്ള നഗരം വിജനമാകും. കുന്നുകളും കാവല്‍ മാടങ്ങളും വന്യമൃഗങ്ങളുടെ ഗുഹകളായി മാറും. അവ കാട്ടു കഴുതകളുടെ സന്തോഷവും ആടുകളുടെ മേച്ചില്‍ പുറവും ആകും. അപ്പോള്‍ മരുഭൂമിയില്‍ നീതി വസിക്കും. 16ഫലപുഷ്ടിയുള്ള വയലില്‍ ധര്‍മനിഷ്ഠ കുടികൊള്ളും.
17നീതിയുടെ ഫലം സമാധാനമായിരിക്കും; നീതിയുടെ പരിണത ഫലം പ്രശാന്തതയും എന്നേക്കുമുള്ള പ്രത്യാശയും ആയിരിക്കും.
18എന്റെ ജനം സമാധാന പൂര്‍ണമായ വസതിയില്‍ പാര്‍ക്കും; സുരക്ഷിതമായ ഭവനങ്ങളിലും പ്രശാന്തമായ വിശ്രമ സങ്കേതങ്ങളിലും തന്നെ.
19വനം നിശ്ശേഷം നശിക്കുകയും നഗരം നിലം പതിക്കുകയും ചെയ്യും.
20ജലാശയങ്ങള്‍ക്കരികേ വിതയ്ക്കുകയും കാളകളെയും കഴുതകളെയും സ്വതന്ത്രമായി അഴിച്ചുവിടുകയും ചെയ്യുന്നവര്‍ക്കു ഭാഗ്യം!