സൂറ അൽ-വജ്ഹ 11

ബാബീൽ ഗോപുരം

11 1ഭൂമിയില്‍ ഒരു ഭാഷയും ഒരു സംസാര രീതിയും മാത്രമേ ഉണ്ടായിരുന്നുള്ളു. 2കിഴക്കുനിന്നു വന്നവര്‍ ഷീനാറില്‍ ഒരു സമതല പ്രദേശം കണ്ടെണ്ടത്തി, അവിടെ പാര്‍പ്പുറപ്പിച്ചു. 3നമുക്ക് ഇഷ്ടികയുണ്ടാക്കി ചുട്ടെടുക്കാം എന്ന് അവര്‍ പറഞ്ഞു. അങ്ങനെ കല്ലിനു പകരം ഇഷ്ടികയും കുമ്മായത്തിനു പകരം കളിമണ്ണും അവര്‍ ഉപയോഗിച്ചു. 4അവര്‍ പരസ്പരം പറഞ്ഞു: നമുക്ക് ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും തീര്‍ത്തു പ്രശസ്തി നിലനിര്‍ത്താം. അല്ലെങ്കില്‍, നാം ഭൂമുഖത്താകെ ചിന്നിച്ചിതറിപ്പോകും. 5മനുഷ്യര്‍ നിര്‍മിച്ച നഗരവും ഗോപുരവും കാണാന്‍ റബ്ബുൽ ആലമീൻ ഇറങ്ങിവന്നു. 6അവിടുന്നു പറഞ്ഞു: അവരിപ്പോള്‍ ഒരു ജനതയാണ്; അവര്‍ക്ക് ഒരു ഭാഷയും. അവര്‍ ചെയ്യാനിരിക്കുന്നതിന്റെ തുടക്കമേ ആയിട്ടുള്ളു. ചെയ്യാന്‍ ഒരുമ്പെടുന്നതൊന്നും അവര്‍ക്കിനി അസാധ്യമായിരിക്കയില്ല. 7നമുക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഭാഷ, പരസ്പരം ഗ്രഹിക്കാനാവാത്തവിധം ഭിന്നിപ്പിക്കാം. 8അങ്ങനെ റബ്ബുൽ ആലമീൻ അവരെ ഭൂമുഖത്തെല്ലാം ചിതറിച്ചു. അവര്‍ പട്ടണം പണി ഉപേക്ഷിച്ചു. 9അതുകൊണ്ടാണ് ആ സ്ഥലത്തിനു ബാബീൽ എന്നു പേരുണ്ടായത്. അവിടെവച്ചാണ് റബ്ബുൽ ആലമീൻ ഭൂമിയിലെ ഭാഷ ഭിന്നിപ്പിച്ചതും അവരെ നാടാകെ ചിതറിച്ചതും.

ഷേം മുതല്‍ അബ്രാം വരെ

10ഷേമിന്റെ വംശാവലി: ഷേമിനു നൂറു വയസ്സായപ്പോള്‍ അര്‍പ്പക്ഷാദ് ജനിച്ചു. 11ജലപ്രളയം കഴിഞ്ഞ് രണ്ടാം വര്‍ഷമായിരുന്നു അത്. അര്‍പ്പക്ഷാദിന്റെ ജനനത്തിനു ശേഷം ഷേം അഞ്ഞൂറുവര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

12മുപ്പത്തഞ്ചു വയസ്‌സായപ്പോള്‍ അര്‍പ്പക്ഷാദിനു ഷേലാഹ് ജനിച്ചു. 13ഷേലാഹിന്റെ ജനനത്തിനു ശേഷം അര്‍പ്പക്ഷാദ് നാനൂറ്റിമൂന്നുവര്‍ഷം ജീവിച്ചു. അവനു വേറെയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

14മുപ്പതു വയസ്സായപ്പോള്‍ ഷേലാഹിന് ഏബര്‍ ജനിച്ചു. 15ഏബര്‍ ജനിച്ചതിനു ശേഷം നാനൂറ്റിമൂന്നു വര്‍ഷം ഷേലാഹ് ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

16മുപ്പത്തിനാലു വയസ്സായപ്പോള്‍ ഏബറിനു പേലെഗ് ജനിച്ചു. 17പേലെഗിന്റെ ജനനത്തിനു ശേഷം ഏബര്‍ നാനൂറ്റിമുപ്പതു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

18മുപ്പതു വയസ്സായപ്പോള്‍ പേലെഗിനു റെവു ജനിച്ചു. 19റെവുവിന്റെ ജനനത്തിനു ശേഷം പേലെഗ് ഇരുനൂറ്റിയൊമ്പതു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

20മുപ്പത്തിരണ്ടു വയസ്സായപ്പേള്‍ റെവുവിനു സെരൂഗ് ജനിച്ചു. 21സെരൂഗിന്റെ ജനനത്തിനു ശേഷം റെവു ഇരുനൂറ്റേഴുവര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

22മുപ്പതാം വയസ്സായപ്പോള്‍ സെരൂഗിനു നാഹോര്‍ ജനിച്ചു. 23നാഹോറിന്റെ ജനനത്തിനുശേഷം സെരൂഗ് ഇരുനൂറുവര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

24ഇരുപത്തൊമ്പതു വയസ്സായപ്പോള്‍ നാഹോറിനു അസ്ശാർ (തേരഹ്) ജനിച്ചു. 25അസ്ശാർ (തേരഹ്) ൻറെ ജനനത്തിനു ശേഷം നാഹോര്‍ നൂറ്റിപ്പത്തൊമ്പതു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.

26എഴുപതു വയസ്സെത്തിയതിനു ശേഷം അസ്ശാർ (തേരഹ്) ന് അബ്രാം , നാഹോര്‍, ഹാരാന്‍ എന്നീ പുത്രന്‍മാര്‍ ജനിച്ചു.

27അസ്ശാർ (തേരഹ്) ൻറെ പിന്‍മുറക്കാര്‍ ഇവരാണ്. അസ്ശാർ (തേരഹ്) ൻറെ പുത്രന്‍മാരാണ് അബ്രാമും നാഹോറും ഹാരാനും. ഹാരാന്റെ പുത്രനാണ് ലൂത്ത്. 28തന്റെ പിതാവായ അസ്ശാർ (തേരഹ്) വഫാത്താകുന്നതിനു മുമ്പ് ഹാരാന്‍ ജന്‍മനാടായ കല്‍ദായരുടെ ഊറില്‍വച്ചു ചരമമടഞ്ഞു. 29അബ്രാമും നാഹോറും നിക്കാഹ് കഴിച്ചു. അബ്രാമിന്റെ ബീവിയുടെ പേര് സാറായി. നാഹോറിന്റെ ബീവിയുടെ പേര് മില്‍ക്കാ. അവള്‍ മില്‍ക്കായുടെയും ഇസ്‌ക്കയുടെയും പിതാവായ ഹാരാന്റെ മകളാണ്. 30സാറായി വന്ധ്യയായിരുന്നു. അവള്‍ക്കു മക്കളുണ്ടായില്ല.

31അസ്ശാർ (തേരഹ്) കല്‍ദായരുടെ ഊറില്‍ നിന്നു കാനാന്‍ ദേശത്തേക്കു യാത്ര പുറപ്പെട്ടു. മകന്‍ അബ്രാമിനെയും, പേരക്കിടാവും ഹാരാന്റെ മകനുമായ ലൂത്തിനെയും അബ്രാമിന്റെ ബീവിയും തന്റെ മരുമകളുമായ സാറായിയെയും അവന്‍ കൂടെക്കൊണ്ടു പോയി. അവര്‍ ഹാരാനിലെത്തി അവിടെ വാസമുറപ്പിച്ചു. 32അസ്ശാർ (തേരഹ്) ഇരുനൂറ്റഞ്ചുവര്‍ഷം ജീവിച്ചിരുന്നു. അവന്‍ ഹാരാനില്‍വച്ചു വഫാത്തായി.