അൽ-വഹിയു 8
ഏഴാംമുദ്ര, ധൂപകലശം
8 1അവന്‍ ഏഴാമത്തെ മുദ്ര പൊട്ടിച്ചപ്പോള്‍ അരമണിക്കൂറോളം ജന്നത്തില്‍ നിശ്ശബ്ദതയുണ്ടായി. 2അള്ളാഹുവിൻറെ സന്നിധിയില്‍ നിന്നിരുന്ന ഏഴു മലക്കുകളെ ഞാന്‍ കണ്ടു. അവര്‍ക്ക് ഏഴു കാഹളങ്ങള്‍ നല്‍കപ്പെട്ടു. 3മറ്റൊരു മലക്ക് സ്വര്‍ണം കൊണ്ടുള്ള ഒരു ധൂപകലശവുമായി ഖുർബാനി പീഠത്തിനു മുമ്പില്‍ വന്നു നിന്നു. സിംഹാസനത്തിന്റെ മുമ്പിലുള്ള ഖുർബാനി പീഠത്തിന്‍മേല്‍ എല്ലാ വിശുദ്ധരുടെയും ദുആയോടൊപ്പം അര്‍പ്പിക്കാനായി ധാരാളം പരിമളദ്രവ്യം അവനു നല്‍കപ്പെട്ടു. 4മലക്കിന്റെ കൈയില്‍ നിന്നു പരിമള ദ്രവ്യങ്ങളുടെ ധൂപം വിശുദ്ധരുടെ ദുആകളോടൊപ്പം അള്ളാഹുവിൻറെ സന്നിധിയിലേക്ക് ഉയര്‍ന്നു. 5മലക്ക് ധൂപകലശം എടുത്തു ഖുർബാനി പീഠത്തിലെ അഗ്‌നികൊണ്ടു നിറച്ചു ഭൂമിയിലേക്കെറിഞ്ഞു. അപ്പോള്‍ ഇടിമുഴക്കങ്ങളും ഉച്ചഘോഷങ്ങളും മിന്നല്‍ പിണരുകളും ഭൂമി കുലുക്കവും ഉണ്ടായി.
നാലു കാഹളങ്ങള്‍
6ഏഴു കാഹളങ്ങള്‍ പിടിച്ചിരുന്ന ഏഴു മലക്കുകൾ അവ ഊതാന്‍ തയ്യാറായി.
7ഒന്നാമന്‍ കാഹളം മുഴക്കി; അപ്പോള്‍ രക്തം കലര്‍ന്ന തീയും കന്മഴയും ഉണ്ടായി; അതു ഭൂമിയില്‍ പതിച്ചു. ഭൂമിയുടെ മൂന്നിലൊരുഭാഗം വെന്തെരിഞ്ഞു; വൃക്ഷങ്ങളില്‍ മൂന്നിലൊന്നും കത്തിച്ചാമ്പലായി; പച്ചപ്പുല്ലു മുഴുവനും കത്തിയെരിഞ്ഞു പോയി.
8രണ്ടാമത്തെ മലക്ക് കാഹളം മുഴക്കി. തീ പിടിച്ച വലിയ മല പോലെ എന്തോ ഒന്നു കടലിലേക്ക് എറിയപ്പെട്ടു. അപ്പോള്‍ കടലിന്റെ മൂന്നിലൊന്ന് രക്തമായി. 9കടലിലെ ജീവജാലങ്ങളില്‍ മൂന്നിലൊന്നു ചത്തുപോയി. മൂന്നിലൊരുഭാഗം കപ്പലുകളും നശിപ്പിക്കപ്പെട്ടു.
10മൂന്നാമത്തെ മലക്ക് കാഹളം മുഴക്കി. അപ്പോള്‍ പന്തം പോലെ കത്തുന്ന ഒരു വലിയ നക്ഷത്രം ആകാശത്തു നിന്ന് അടര്‍ന്ന്, നദികളുടെ മൂന്നിലൊന്നിന്‍ മേലും നീരുറവകളിന്‍ മേലും പതിച്ചു. 11ആ നക്ഷത്രത്തിന്റെ പേരു തിക്തകം. അതു വീണപ്പോള്‍ ജലത്തിന്റെ മൂന്നിലൊന്നു തിക്തകമായി. ഈ ജലത്താല്‍ അനേകം പേര്‍ മൃതിയടഞ്ഞു. കാരണം, അതു കയ്പുള്ളതാക്കപ്പെട്ടിരുന്നു.
12നാലാമത്തെ മലക്ക് കാഹളം മുഴക്കി. അപ്പോള്‍ സൂര്യന്റെ മൂന്നിലൊന്നും ചന്ദ്രന്റെ മൂന്നിലൊന്നും നക്ഷത്രങ്ങളുടെ മൂന്നിലൊന്നും തകര്‍ക്കപ്പെട്ടു. തന്‍മൂലം അവയുടെ മൂന്നിലൊന്ന് ഇരുണ്ടു പോയി. പകലിന്റെ മൂന്നിലൊന്നും ഇരുണ്ടു പോയി; അതുപോലെ തന്നെ രാത്രിയുടെ മൂന്നിലൊന്നും.
13പിന്നെ മധ്യാകാശത്തില്‍ പറക്കുന്ന ഒരു കഴുകനെ ഞാന്‍ കണ്ടു. വലിയ സ്വരത്തില്‍ അത് ഇങ്ങനെ വിളിച്ചു പറയുന്നതും കേട്ടു: ഇനിയും കാഹളം മുഴക്കാനിരിക്കുന്ന മൂന്നു മലക്കുകളുടെ കാഹള ധ്വനിമൂലം ഭൂവാസികള്‍ക്കു ദുരിതം, ദുരിതം, ദുരിതം!