മത്തി 9  

തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു

(മര്‍ക്കോസ് 2: 1-12; ലൂക്കാ 5:17-26)

9 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് തോണിയില്‍കയറി കടല്‍ കടന്ന് സ്വന്തം പട്ടണത്തിലെത്തി. 2അവര്‍ ഒരു തളര്‍വാതരോഗിയെ ശയ്യയോടെ ഈസാ അൽ മസീഹിൻറെ അടുക്കല്‍ കൊണ്ടുവന്നു. അവരുടെ വിശ്വാസം കണ്ട് ഈസാ അൽ മസീഹ് തളര്‍വാതരോഗിയോട് അരുളിച്ചെയ്തു: മകനേ, ധൈര്യമായിരിക്കുക; നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. 3അപ്പോള്‍ ഉലമാക്കളില്‍ ചിലര്‍ പരസ്പരം പറഞ്ഞു: ഇദ്ദേഹം അള്ളാഹുവിനെതിരെ ദൂഷണം പറയുന്നു. 4അവരുടെ വിചാരങ്ങള്‍ ഗ്രഹിച്ച ഈസാ അൽ മസീഹ് ചോദിച്ചു: നിങ്ങള്‍ ഹൃദയത്തില്‍ തിന്‍മ വിചാരിക്കുന്നതെന്ത്? 5ഏതാണ് എളുപ്പം, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ? 6ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യ പുത്രന് അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിനാണിത്. അനന്തരം, ഈസാ അൽ മസീഹ് തളര്‍വാതരോഗിയോടു പറഞ്ഞു: എഴുന്നേറ്റ് നിന്റെ കിടക്കയെടുത്ത് വീട്ടിലേക്കു പോവുക. 7അവന്‍ എഴുന്നേറ്റ് വീട്ടിലേക്കു പോയി. 8ഇതുകണ്ട് ജനക്കൂട്ടം ഭയചകിതരായി. മനുഷ്യര്‍ക്ക് ഇത്തരം അധികാരം നല്‍കിയ അള്ളാഹുവിനെ മഹത്വപ്പെടുത്തി.

മത്തായിയെ വിളിക്കുന്നു

(മര്‍ക്കോസ് 2:13-17; ലൂക്കാ 5:27-32)

9ഈസാ അൽ മസീഹ്അവിടെ നിന്നു നടന്നു നീങ്ങവേ, മത്തായി എന്നൊരാള്‍ ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു. ഈസാ അൽ മസീഹ് അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ എഴുന്നേറ്റ് ഈസാ അൽ മസീഹിനെ അനുഗമിച്ചു. 10ഈസാ അൽ മസീഹ് അവന്റെ ഭവനത്തില്‍ ഭക്ഷണത്തിനിരുന്നപ്പോള്‍ അനേകം ചുങ്കക്കാരും പാപികളും വന്ന്, നബിനോടും സാഹബാക്കളോടും കൂടെ ഭക്ഷണത്തിനിരുന്നു. 11ഫരിസേയര്‍ ഇതു കണ്ട് സാഹബാക്കളോടു ചോദിച്ചു: നിങ്ങളുടെ ഉസ്താദ് ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതെന്തു കൊണ്ട്? 12ഇതുകേട്ട് ഈസാ അൽ മസീഹ് പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. 13ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത് നീതിമാന്‍മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്.

ഉപവാസത്തെക്കുറിച്ച് തര്‍ക്കം

(മര്‍ക്കോസ് 2:18-22; ലൂക്കാ 5:33-39)

14യഹ്യാ[b] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) നബി (അ) ന്റെ സാഹബാക്കൾ ഈസാ അൽ മസീഹിന്റെ അടുത്തുവന്നു ചോദിച്ചു: ഞങ്ങളും ഫരിസേയരും ഉപവസിക്കുകയും അങ്ങയുടെ സാഹബാക്കൾ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? 15ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: പുതിയാപ്ല കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്കു ദുഃഖമാചരിക്കാനാവുമോ? പുതിയാപ്ല അവരില്‍ നിന്ന് അകറ്റപ്പെടുന്ന ദിവസങ്ങള്‍ വരും; അപ്പോള്‍ അവര്‍ ഉപവസിക്കും. 16ആരും പഴയ വസ്ത്രത്തില്‍ പുതിയ തുണിക്കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെ ചെയ്താല്‍ തയ്ച്ചു ചേര്‍ത്ത തുണിക്കഷണം വസ്ത്രത്തില്‍ നിന്നു കീറിപ്പോരുകയും കീറല്‍ വലുതാവുകയും ചെയ്യും. 17ആരും പുതിയ വീഞ്ഞ് പഴയ തോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്താല്‍ തോല്‍ക്കുടങ്ങള്‍ പൊട്ടി, വീഞ്ഞ് ഒഴുകിപ്പോവുകയും കുടങ്ങള്‍ നഷ്ടപ്പെടുകയുംചെയ്യും. അതിനാല്‍, പുതിയ വീഞ്ഞ് പുതിയ തോല്‍ക്കുടങ്ങളിലാണ് ഒഴിച്ചുവയ്ക്കുക. അപ്പോള്‍ രണ്ടും ഭദ്രമായിരിക്കും.

രക്തസ്രാവക്കാരി; ഭരണാധിപന്റെ മകള്‍

(മര്‍ക്കോസ് 5:21-43; ലൂക്കാ 8:40-56)

18ഈസാ അൽ മസീഹ് അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഭരണാധികാരി ഈസാ അൽ മസീഹിനെ സമീപിച്ചു താണുവണങ്ങിക്കൊണ്ടു പറഞ്ഞു: എന്റെ മകള്‍ അല്‍പം മുമ്പു മയ്യത്തായി. അങ്ങ് വന്ന് അവളുടെമേല്‍ കൈവയ്ക്കുമെങ്കില്‍ അവള്‍ ജീവിക്കും. 19ഈസാ അൽ മസീഹ് സാഹബാക്കളും അവനോടൊപ്പം പോയി. 20പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവം നിമിത്തം കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ പിന്നിലൂടെ വന്ന് നബിയുടെ വസ്ത്രത്തിന്റെ വിളുമ്പില്‍ സ്പര്‍ശിച്ചു. 21അവന്റെ വസ്ത്രത്തില്‍ ഒന്നു സ്പര്‍ശിച്ചാല്‍ മാത്രം മതി, എനിക്കു സൗഖ്യം കിട്ടും എന്ന് അവള്‍ ഉള്ളില്‍ വിചാരിച്ചിരുന്നു. 22ഈസാ അൽ മസീഹ് തിരിഞ്ഞ് അവളെ നോക്കി അരുളിച്ചെയ്തു: മകളേ, ധൈര്യമായിരിക്കുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. ആ നിമിഷംമുതല്‍ അവള്‍ സൗഖ്യമുള്ളവളായി. 23ഈസാ അൽ മസീഹ് ഭരണാധികാരിയുടെ ഭവനത്തിലെത്തി, കുഴലൂത്തുകാരെയും ബഹളം വയ്ക്കുന്ന ജനങ്ങളെയും കണ്ട് പറഞ്ഞു: 24നിങ്ങള്‍ പുറത്തുപോകുവിന്‍; ബാലിക മയ്യത്തായിട്ടില്ല; അവള്‍ ഉറങ്ങുകയാണ്. അവരാകട്ടെ അവനെ പരിഹസിച്ചു. 25ജനക്കൂട്ടത്തെ പുറത്താക്കിയ ശേഷം അവന്‍ അകത്തുകടന്ന്, അവളെ കൈയ്ക്കു പിടിച്ച് ഉയര്‍ത്തി. അപ്പോള്‍ ബാലിക എഴുന്നേറ്റു. 26ഈ വാര്‍ത്ത ആ നാട്ടിലെങ്ങും പരന്നു.

അന്ധര്‍ക്കു കാഴ്ച നല്‍കുന്നു

27ഈസാ അൽ മസീഹ് അവിടെ നിന്നു കടന്നുപോകുമ്പോള്‍, രണ്ട് അന്ധന്മാര്‍, ഇബ്നു ദാവൂദ്, ഞങ്ങളോട് റഹം തോന്നേണമേ എന്നു കരഞ്ഞപേക്ഷിച്ചുകൊണ്ട് ഈസാ അൽ മസീഹിനെ അനുഗമിച്ചു. 28ഈസാ അൽ മസീഹ് ഭവനത്തിലെത്തിയപ്പോള്‍ ആ അന്ധന്‍മാര്‍ അവന്റെ സമീപം ചെന്നു.ഈസാ അൽ മസീഹ് അവരോടു ചോദിച്ചു: എനിക്ക് ഇതു ചെയ്യാന്‍ കഴിയുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ? റബ്ബേ, അങ്ങേക്കു കഴിയും എന്ന് അവര്‍ മറുപടി പറഞ്ഞു. 29നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ എന്നു പറഞ്ഞു കൊണ്ട് ഈസാ അൽ മസീഹ് അവരുടെ കണ്ണുകളില്‍ സ്പര്‍ശിച്ചു. 30അവരുടെ കണ്ണുകള്‍ തുറന്നു. ഇത് ആരും അറിയാനിടയാകരുത് എന്ന് ഈസാ അൽ മസീഹ് അവരോടു കര്‍ശനമായി നിര്‍ദേശിച്ചു. 31എന്നാല്‍, അവര്‍ പോയി അവന്റെ കീര്‍ത്തി നാടെങ്ങും പരത്തി.

ഊമനെ സുഖമാക്കുന്നു

(ലൂക്കാ 11:14-15)

32അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ ശൈത്താൻ ബാധിതനായ ഒരു ഊമനെ ജനങ്ങള്‍ ഈസാ അൽ മസീഹിന്റെയടുക്കല്‍ കൊണ്ടുവന്നു. 33ഈസാ അൽ മസീഹ് ശൈത്താനെ പുറത്താക്കിയപ്പോള്‍ ആ ഊമന്‍ സംസാരിച്ചു. ജനങ്ങള്‍ അദ്ഭുതപ്പെട്ടു പറഞ്ഞു: ഇതു പോലൊരു സംഭവം ഇസ്രായേലില്‍ ഒരിക്കലും കണ്ടിട്ടില്ല. 34എന്നാല്‍, ഫരിസേയര്‍ പറഞ്ഞു: ഈസാ അൽ മസീഹ് ശൈത്താൻറെ തലവനെക്കൊണ്ടാണ് ശൈത്താനെ ബഹിഷ്‌കരിക്കുന്നത്.

വിളവിന്റെ നാഥനോടു പ്രാര്‍ഥിക്കുവിന്‍

35ഈസാ അൽ മസീഹ് അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്റെ ഇഞ്ചീൽ പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു. 36ജനക്കൂട്ടങ്ങളെ കണ്ടപ്പോള്‍, ഈസാ അൽ മസീഹിന് അവരുടെ മേല്‍ അനുകമ്പ തോന്നി. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്‌സഹായരുമായിരുന്നു. 37ഈസാ അൽ മസീഹ് സാഹബാക്കളോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം. 38അതിനാല്‍, തന്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്ക്കാന്‍ വിളവിന്റെ നാഥനോടു ദുആ ഇരക്കുവിൻ.


അടിക്കുറിപ്പുകൾ