അൽ-ആവിയാനി (ലേവ്യാ) 13

ത്വക് രോഗങ്ങള്‍

13 1റബ്ബ്ൽ ആലമീൻ മൂസായോടും ഹാറൂനോടും അരുളിച്ചെയ്തു: 2ഒരാളുടെ ശരീരത്തില്‍ തടിപ്പോ പരുവോ പാണ്ടോ ഉണ്ടാവുകയും അതു കുഷ്ഠമായിത്തോന്നുകയും ചെയ്താല്‍, ഇമാമായ ഹാറൂന്റെയോ അവന്റെ പുത്രന്‍മാരായ ഇമാംമാരില്‍ ഒരുവന്റെയോ അടുക്കല്‍ അവനെ കൊണ്ടു പോകണം. 3ഇമാം രോഗബാധിതമായ ശരീരഭാഗം പരിശോധിക്കണം. അവിടെയുള്ള രോമം വെളുത്തതും അവിടം ചുറ്റുമുള്ള ഭാഗത്തെക്കാള്‍ കുഴിഞ്ഞതുമാണെങ്കില്‍ അത് കുഷ്ഠമാണ്. പരിശോധനയ്ക്കു ശേഷം, അവന്‍ അശുദ്ധനാണെന്നു ഇമാം പ്രഖ്യാപിക്കണം. 4എന്നാല്‍, ശരീരത്തിലെ പാണ്ട് വെളുത്തതെങ്കിലും ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിഞ്ഞതോ അതിലുള്ള രോമം വെളുത്തതോ അല്ലെങ്കില്‍ അവനെ ഏഴുദിവസത്തേക്ക് പരീക്ഷണാര്‍ഥം മാറ്റിത്താമസിപ്പിക്കണം. 5ഏഴാംദിവസം ഇമാം അവനെ പരിശോധിക്കണം. രോഗം ത്വക്കില്‍ വ്യാപിക്കാതെ പൂര്‍വസ്ഥിതിയില്‍തന്നെ നില്ക്കുന്നെങ്കില്‍ ഏഴു ദിവസത്തേക്കു കൂടി മാറ്റിത്താമസിപ്പിക്കണം. 6ഏഴാംദിവസം ഇമാം അവനെ വീണ്ടും പരിശോധിക്കണം. പാണ്ട് മങ്ങിയും ത്വക്കില്‍ വ്യാപിക്കാതെയും കണ്ടാല്‍, അവന്‍ ശുദ്ധിയുള്ളവനെന്ന് പ്രഖ്യാപിക്കണം. അത് വെറുമൊരു പരുവാണ്; അവന്‍ തന്റെ വസ്ത്രങ്ങള്‍ കഴുകണം. അപ്പോള്‍ ശുദ്ധിയുള്ളവനാകും. 7ഇമാമിന്റെ സാക്ഷ്യത്തിനുശേഷം പരു ശരീരത്തില്‍ വ്യാപിക്കുന്നെങ്കില്‍ അവന്‍ ഇമാമിന്റെ അടുക്കല്‍ വീണ്ടും പോകണം. 8പരിശോധനയില്‍ പരു ശരീരത്തില്‍ വ്യാപിച്ചതായിക്കണ്ടാല്‍ അവന്‍ അശുദ്ധനെന്നു പ്രഖ്യാപിക്കണം; അതു കുഷ്ഠമാണ്.

9കുഷ്ഠം ബാധിക്കുന്നവനെ ഇമാമിന്റെ അടുക്കല്‍ കൊണ്ടുപോകണം. 10ഇമാം അവനെ പരിശോധിക്കണം. ശരീരത്തിലെ തടിപ്പും ആ ഭാഗത്തെ രോമവും വെളുത്തിരിക്കുകയും അതില്‍ ചലം നിറഞ്ഞിരിക്കുകയും ചെയ്താല്‍, 11അത് പഴകിയ കുഷ്ഠമാണ്. അവന്‍ അശുദ്ധനെന്നു പ്രഖ്യാപിക്കണം. അവനെ പരീക്ഷണാര്‍ഥം മാറ്റിത്താമസിപ്പിക്കേണ്ടതില്ല. 12തലമുതല്‍ കാലുവരെ കാണാവുന്ന ഭാഗത്തെല്ലാം കുഷ്ഠം വ്യാപിച്ചിട്ടുണ്ടെങ്കില് 13ഇമാം അവനെ പരിശോധിക്കട്ടെ. കുഷ്ഠം അവന്റെ ശരീരത്തിലെല്ലായിടവും വ്യാപിച്ചിരിക്കുന്നെങ്കില്‍ അവന്‍ ശുദ്ധിയുള്ളവനെന്ന് പ്രഖ്യാപിക്കണം. ദേഹമാസകലം വെളുത്തിരിക്കുന്നതിനാല്‍ അവന്‍ ശുദ്ധിയുള്ളവനാണ്. 14എന്നാല്‍ പരു പൊട്ടിയൊലിക്കാന്‍ തുടങ്ങുമ്പോള്‍ അവന്‍ അശുദ്ധനായിരിക്കും. 15ഇമാം അവനെ വീണ്ടും പരിശോധിക്കണം; വ്രണം കാണപ്പെടുന്നെങ്കില്‍ അവനെ അശുദ്ധനെന്നു പ്രഖ്യാപിക്കണം. പഴുത്തുപൊട്ടിയ വ്രണം കുഷ്ഠരോഗത്തിനു തെളിവാണ്; അവന്‍ അശുദ്ധന്‍തന്നെ. 16വ്രണം ഉണങ്ങുകയും അവിടത്തെ തൊലി വെളുത്തനിറമുള്ളതാകുകയും ചെയ്താല്‍ അവന്‍ വീണ്ടും ഇമാമിനെ സമീപിക്കണം. 17പരിശോധനയില്‍ വ്രണം ഉണങ്ങി, തൊലി വെളുത്തനിറം പ്രാപിച്ചിട്ടുണ്ടെങ്കില്‍ അവനെ ശുദ്ധനെന്നു പ്രഖ്യാപിക്കണം; അവന്‍ ശുദ്ധിയുള്ളവനാണ്.

18ദേഹത്തിന്റെ ത്വക്കിൽ പരുവുണ്ടായിരുന്നിട്ടു 19വ്രണം ഉണങ്ങിയതിനുശേഷം, തല്‍സ്ഥാനത്ത് വെളുത്ത തടിപ്പോ ചെമപ്പും വെളുപ്പും ചേര്‍ന്ന പാണ്ടോ ഉണ്ടായാല്‍, അതു ഇമാനിനെ കാണിക്കണം. 20പരിശോധനയില്‍ അവിടം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിഞ്ഞും ആ ഭാഗത്തെ രോമം വെളുത്തുമിരുന്നാല്‍, ഇമാം അവനെ അശുദ്ധനെന്നു പ്രഖ്യാപിക്കണം. അത് ആ വ്രണത്തില്‍ നിന്നുണ്ടായ കുഷ്ഠരോഗമാണ്. 21എന്നാല്‍, രോമം വെളുക്കുകയോ ആ ഭാഗം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിയുകയോ ചെയ്യാതെ, നിറം മങ്ങിയിരുന്നാല്‍ അവനെ പരീക്ഷണാര്‍ഥം ഏഴുദിവസത്തേക്ക് മാറ്റിത്താമസിപ്പിക്കണം. 22പാണ്ട് ശരീരത്തില്‍ വ്യാപിച്ചിട്ടുണ്ടെങ്കില്‍ ഇമാം അവനെ അശുദ്ധനെന്നു പ്രഖ്യാപിക്കണം; അവന്‍ രോഗബാധിതനാണ്. 23എന്നാല്‍, ശരീരത്തില്‍ വ്യാപിക്കാതെ പൂര്‍വസ്ഥിതിയില്‍ തുടരുന്നെങ്കില്‍ അതു വ്രണത്തിന്റെ പാടുമാത്രമാണ്; ഇമാം അവനെ ശുദ്ധനെന്നു പ്രഖ്യാപിക്കണം.

24ശരീരത്തില്‍ പൊള്ളല്‍ ഏല്‍ക്കുകയും ആ ഭാഗത്തെ മാംസം വെളുത്തോ അരണ്ടുചെമന്നോ ഇരിക്കുകയും ചെയ്താല്‍, ഇമാം അതു പരിശോധിക്കണം. 25ആ ഭാഗത്തെ രോമം വെളുത്തും അവിടം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിഞ്ഞുമാണെങ്കില്‍ അതു പൊള്ളലില്‍ നിന്നുണ്ടായ കുഷ്ഠമാണ്. അവനെ അശുദ്ധനായി പ്രഖ്യാപിക്കണം; അതു കുഷ്ഠം തന്നെ. 26എന്നാല്‍, രോമം വെളുക്കുകയോ അവിടം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിയുകയോ ചെയ്യാതെ നിറം മങ്ങിയിരുന്നാല്‍ ഇമാം അവനെ ഏഴു ദിവസത്തേക്ക് പരീക്ഷണാര്‍ഥം മാറ്റിത്താമസിപ്പിക്കണം. 27ഏഴാംദിവസം അവനെ പരിശോധിക്കണം. അതു ശരീരത്തില്‍ വ്യാപിച്ചിട്ടുണ്ടെങ്കില്‍ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു കുഷ്ഠരോഗമാണ്. 28എന്നാല്‍, പാണ്ട് ശരീരത്തില്‍ വ്യാപിക്കാതെ അതേ സ്ഥാനത്തുമാത്രം മങ്ങിയിരുന്നാല്‍ അതു പൊള്ളലില്‍ നിന്നുണ്ടായ തടിപ്പാണ്. ഇമാം അവനെ ശുദ്ധനായി പ്രഖ്യാപിക്കണം.

29ഒരു പുരുഷന്റെയോ സ്ത്രീയുടെയോ തലയിലോ താടിയിലോ വ്രണമുണ്ടായാല്‍, ഇമാം അതു പരിശോധിക്കണം. 30അവിടം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിഞ്ഞതും അതിലെ രോമം നേര്‍ത്തു മഞ്ഞ നിറത്തിലുള്ളതുമാണെങ്കില്‍ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു ചിരങ്ങാണ്, തലയിലെയോ താടിയിലെയോ കുഷ്ഠം. 31ഇമാം ചിരങ്ങുള്ളിടം പരിശോധിക്കുമ്പോള്‍ അവിടം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിയാതെയും അതില്‍ കറുത്ത രോമം ഇല്ലാതെയും കണ്ടാല്‍ അവനെ ഏഴു ദിവസത്തേക്കു പരീക്ഷണാര്‍ഥം മാറ്റിത്താമസിപ്പിക്കണം. 32ഏഴാംദിവസം വീണ്ടും പരിശോധിക്കട്ടെ. ചിരങ്ങു വ്യാപിക്കുകയും ത്വക്ക് കുഴിയുകയും രോമം മഞ്ഞയ്ക്കുകയും ചെയ്തിട്ടില്ലെങ്കില് 33അവനെ ക്ഷൗരം ചെയ്യണം; ചിരങ്ങുള്ള ഭാഗം ക്ഷൗരം ചെയ്യരുത്. അവനെ ഏഴുദിവസത്തേക്കുകൂടി പരീക്ഷണാര്‍ഥം മാറ്റിത്താമസിപ്പിക്കണം. 34ഏഴാംദിവസം പരിശോധിക്കുമ്പോള്‍ ചിരങ്ങു ത്വക്കില്‍ വ്യാപിക്കുകയോ അവിടം കുഴിയുകയോ ചെയ്തിട്ടില്ലെങ്കില്‍ അവനെ ശുദ്ധനായി പ്രഖ്യാപിക്കണം. അവന്‍ തന്റെ വസ്ത്രങ്ങള്‍ കഴുകി ശുദ്ധനാകട്ടെ. 35എന്നാല്‍, ശുദ്ധീകരണത്തിനുശേഷം ചിരങ്ങു പടരുകയാണെങ്കില് 36ഇമാം അവനെ പരിശോധിക്കണം. ചിരങ്ങു പടര്‍ന്നിട്ടുണ്ടെങ്കില്‍ മഞ്ഞരോമമുണ്ടോ എന്നു നോക്കേണ്ടതില്ല. അവന്‍ അശുദ്ധനാണ്. 37പരിശോധനയില്‍ ചിരങ്ങു വ്യാപിക്കാതെ അതില്‍ കറുത്തരോമം വളര്‍ന്നിട്ടുണ്ടെങ്കില്‍ അവന്‍ രോഗവിമുക്തനായിരിക്കുന്നു. അവന്‍ ശുദ്ധനാണ്; അവനെ ശുദ്ധനായി പ്രഖ്യാപിക്കണം.

38ഒരു പുരുഷനോ സ്ത്രീക്കോ ശരീരത്തില്‍ എവിടെയെങ്കിലും വെളുത്ത പാണ്ടുണ്ടായാല്‍ 39ഇമാം അതു പരിശോധിക്കണം. പാണ്ടിനു മങ്ങിയ വെള്ളനിറമാണെങ്കില്‍ അതു ത്വക്കിലുണ്ടാകുന്ന ചുണങ്ങാണ്; അവന്‍ ശുദ്ധിയുള്ളവനാണ്.

40തലയില്‍നിന്നു മുടി കൊഴിഞ്ഞു പോയിട്ടുള്ളവന്‍ കഷണ്ടിയാണ്; പക്‌ഷേ, അവന്‍ ശുദ്ധനാണ്. 41തലയുടെ മുന്‍ഭാഗത്തു നിന്നു മുടി കൊഴിഞ്ഞു പോയിട്ടുള്ളവന്‍ നെറ്റിക്കഷണ്ടിയാണ്; അവന്‍ ശുദ്ധനാണ്. 42എന്നാല്‍ തലയില്‍ കഷണ്ടിയുള്ള ഭാഗത്ത് ചെമപ്പുകലര്‍ന്ന വെളുത്ത പാണ്ടുണ്ടെങ്കില്‍ അതു കഷണ്ടിത്തലയിലുണ്ടാകുന്ന കുഷ്ഠമാണ്. 43ഇമാം അവനെ പരിശോധിക്കണം. 44തടിപ്പു ശരീരത്തില്‍ കാണുന്നതു പോലെ ചെമപ്പുകലര്‍ന്ന വെള്ള നിറമുള്ളതാണെങ്കില്‍ അവന്‍ കുഷ്ഠരോഗിയും അശുദ്ധനുമാണ്; അവനെ അശുദ്ധനെന്നു പ്രഖ്യാപിക്കണം.

45കുഷ്ഠമുള്ളവന്‍ കീറിയ വസ്ത്രം ധരിക്കുകയും, മുടി ചീകാതിരിക്കുകയും മേല്‍ച്ചുണ്ട് തുണികൊണ്ടു മറയ്ക്കുകയും അശുദ്ധന്‍ അശുദ്ധന്‍ എന്നുവിളിച്ചു പറയുകയും വേണം. 46രോഗമുള്ള കാലമെല്ലാം അവന്‍ അശുദ്ധനാണ്. അവന്‍ പാളയത്തിനു വെളിയില്‍ ഒരു പാര്‍പ്പിടത്തില്‍ ഏകനായി വസിക്കണം.

വസ്ത്രശുദ്ധി

47കമ്പിളി വസ്ത്രത്തിലോ ചണ വസ്ത്രത്തിലോ 48അവയുടെ ഊടിലോ പാവിലോ തുകലിലോ തുകല്‍ വസ്തുക്കളിലോ 49പച്ചയോ ചെമപ്പോ ആയ കരിമ്പനുണ്ടെങ്കില്‍ അതു വ്യാപിക്കുന്നതരമാണ്. അതു ഇമാമിനെ കാണിക്കണം. 50അവന്‍ അതു പരിശോധിച്ചതിനുശേഷം ഏഴു ദിവസത്തേക്ക് പരീക്ഷണാര്‍ഥം അടച്ചുസൂക്ഷിക്കണം. 51ഏഴാംദിവസം അതു വീണ്ടും പരിശോധിക്കണം. കരിമ്പന്‍ വസ്ത്രത്തില്‍ പടര്‍ന്നിട്ടുണ്ടെങ്കില്‍ - ഊടിലോ പാവിലോ തുകലിലോ തുകല്‍ കൊണ്ടുണ്ടാക്കിയ വസ്തുക്കളിലോ ആകട്ടെ - അത് അശുദ്ധമാണ്; അതു കത്തിച്ചുകളയണം. 52അതു കമ്പിളിയുടെയോ ചണത്തിന്റെയോ ഊടിലോ പാവിലോ തുകല്‍ കൊണ്ടുണ്ടാക്കിയ ഏതെങ്കിലും വസ്തുവിലോ ആകട്ടെ, അതു പടരുന്ന കരിമ്പനാണ്; അത് അഗ്‌നിയില്‍ ദഹിപ്പിക്കണം.

53ഇമാം പരിശോധിക്കുമ്പോള്‍ വസ്ത്രത്തിന്റെ ഊടിലോ പാവിലോ തുകല്‍ കൊണ്ടുണ്ടാക്കിയവയിലോ കരിമ്പന്‍ വ്യാപിച്ചിട്ടില്ലെങ്കില്‍, 54അതു കഴുകിയെടുക്കാന്‍ കല്‍പിക്കണം. അതു പരീക്ഷണാര്‍ഥം ഏഴു ദിവസത്തേക്ക് അടച്ചുസൂക്ഷിക്കണം. 55കഴുകിയതിനുശേഷം ഇമാം അതു പരിശോധിക്കണം. പാടു കണ്ടിടത്തു നിറഭേദം സംഭവിച്ചിട്ടില്ലെങ്കില്‍, കരിമ്പന്‍ വ്യാപിച്ചിട്ടില്ലെങ്കില്‍പോലും അത് അശുദ്ധമാണ്. കരിമ്പന്‍ വസ്ത്രത്തിന്റെ അകത്തോ പുറത്തോ ആകട്ടെ, അത് അഗ്‌നിയില്‍ ദഹിപ്പിക്കണം.

56എന്നാല്‍, കഴുകിയതിനു ശേഷമുള്ള പരിശോധനയില്‍ നിറം മങ്ങിയിരിക്കുന്നതായിക്കണ്ടാല്‍ തുകലിന്റെയോ വസ്ത്രത്തിന്റെ ഊടിന്റെയോ പാവിന്റെയോ പ്രസ്തുത ഭാഗം കീറിക്കളയണം. 57വസ്ത്രത്തിന്റെ ഊടിലോ പാവിലോ തുകല്‍ വസ്തുക്കളിലോ അതു പിന്നെയും കാണുന്നെങ്കില്‍ പാടു പടരുകയാണ്. 58ആ വസ്തു ദഹിപ്പിച്ചുകളയണം. എന്നാല്‍, കഴുകിയതിനു ശേഷം വസ്ത്രത്തിന്റെ ഊടില്‍നിന്നോ പാവില്‍നിന്നോ തുകല്‍ കൊണ്ടുണ്ടാക്കിയ വസ്തുവില്‍ നിന്നോ അടയാളം അപ്രത്യക്ഷമാകുന്നെങ്കില്‍ വീണ്ടും കഴുകണം; അപ്പോള്‍ അതു ശുദ്ധമാകും.

59ഇതാണ് കമ്പിളി വസ്ത്രത്തിന്റെയോ ചണ വസ്ത്രത്തിന്റെയോ ഊടിലോ പാവിലോ തുകല്‍ വസ്തുക്കളിലോ കരിമ്പന്‍ ഉണ്ടായാല്‍, അതു ശുദ്ധമോ അശുദ്ധമോ എന്നു നിര്‍ണയിക്കുന്നതിനുള്ള നിയമം.