സൂറ അൽ-വജ്ഹ 40

യൂസുഫ് തടവുകാരുടെ സ്വപ്നം വ്യാഖാനിക്കുന്നു

40 1കുറച്ചുനാള്‍ കഴിഞ്ഞ് ഈജിപ്തിലെ രാജാവിന്റെ പാനപാത്ര വാഹകനും പാചകനും തങ്ങളുടെ യജമാനനായ രാജാവിനെതിരേ തെറ്റു ചെയ്തു. 2ഈ രണ്ട് ഉദ്യോഗസ്ഥന്‍മാര്‍ക്കുമെതിരേ ഫിർഔൻ കുപിതനായി. 3അവന്‍ അവരെ കാവല്‍പ്പടനായകന്റെ വീട്ടിലുള്ള തടവറയിലടച്ചു. യൂസുഫും അവിടെയാണ് കഴിഞ്ഞിരുന്നത്. 4കാവല്‍പ്പടനായകന്‍ അവരെ യൂസുഫിനു ഭരമേല്‍പിച്ചു. അവന്‍ അവരെ പരിചരിച്ചു. കുറേക്കാലം അവര്‍ തടവില്‍ക്കിടന്നു.

5തടവറയില്‍ക്കിടന്നിരുന്ന അവരിരുവര്‍ക്കും- ഈജിപ്തിലെ രാജാവിന്റെ പാനപാത്ര വാഹകനും, പാചകനും, - ഒരു രാത്രിയില്‍ വേറെ വേറെ അര്‍ഥമുള്ള സ്വപ്നമുണ്ടായി. 6യൂസുഫ് രാവിലെ അവരുടെയടുക്കല്‍ ചെന്നപ്പോള്‍ അവര്‍ വിഷാദിച്ചിരിക്കുന്നതു കണ്ടു. 7തന്റെ യജമാനന്റെ വീട്ടിലെ തടവറയില്‍ തന്നോടൊത്തു കഴിയുന്ന ആ ഉദ്യോഗസ്ഥന്‍മാരോട് അവന്‍ ചോദിച്ചു: നിങ്ങളുടെ മുഖത്ത് എന്താണ് ഇന്നൊരു വിഷാദം? 8അവര്‍ പറഞ്ഞു: ഞങ്ങള്‍ രണ്ടുപേരും സ്വപ്നം കണ്ടു. അവയെ വ്യാഖ്യാനിക്കാന്‍ ആരുമില്ല. യൂസുഫ് പറഞ്ഞു: വ്യാഖ്യാനം അള്ളാഹുവിൻറേതല്ലേ? സ്വപ്നം എന്തെന്നു പറയൂ.

9പാനപാത്രവാഹകന്‍ തന്റെ സ്വപ്നം യൂസുഫിനോടു പറഞ്ഞു: ഞാന്‍ ഒരു മുന്തിരിവള്ളി സ്വപ്നം കണ്ടു. 10അതില്‍ മൂന്നു ശാഖകള്‍ ഉണ്ടായിരുന്നു. അതു മൊട്ടിട്ട ഉടനെ പുഷ്പിച്ച് കുലകളില്‍ മുന്തിരിപ്പഴങ്ങള്‍ പാകമായി. 11ഫിർഔൻറെ പാനപാത്രം എന്റെ കൈയില്‍ ഉണ്ടായിരുന്നു. ഞാന്‍ മുന്തിരിപ്പഴങ്ങള്‍ എടുത്തു പിഴിഞ്ഞു പാനപാത്രത്തില്‍ ഒഴിച്ച് അവനു കൊടുത്തു. 12യൂസുഫ് അവനോടു പറഞ്ഞു: അതിന്റെ വ്യാഖ്യാനം ഇതാണ്: 13മൂന്നു ശാഖകള്‍ മൂന്നു ദിവസങ്ങളാണ്. മൂന്നു ദിവസത്തിനകം ഫിർഔൻ നിന്നെ ഉദ്യോഗത്തില്‍ വീണ്ടും നിയമിക്കും. മുന്‍പെന്നപോലെ നീ പാനപാത്രം ഫിർഔൻറെ കൈയില്‍വച്ചു കൊടുക്കും. 14നല്ലകാലം വരുമ്പോള്‍ എന്നെയും ഓര്‍ക്കണം, എന്നോടു കാരുണ്യം കാണിക്കണം. എന്റെ കാര്യം ഫിർഔൻറെ മുന്‍പില്‍ ഉണര്‍ത്തിച്ച് ഈ തടവറയില്‍ നിന്ന് എന്നെ മോചിപ്പിക്കണം. 15ഹെബ്രായരുടെ നാട്ടില്‍ നിന്ന് അവര്‍ എന്നെ മോഷ്ടിച്ചു കൊണ്ടുവന്നതാണ്. ഇവിടെയും അവരെന്നെ ഈ ഇരുട്ടറയില്‍ അടയ്ക്കത്തക്കതൊന്നും ഞാന്‍ ചെയ്തിട്ടില്ല.

16വ്യാഖ്യാനം ശുഭസൂചകമാണെന്നു കണ്ടപ്പോള്‍ പാചക പ്രമാണി യൂസുഫിനോടു പറഞ്ഞു: ഞാനും ഒരു സ്വപ്നം കണ്ടു. എന്റെ തലയില്‍ മൂന്നു കുട്ട നിറയെ അപ്പമുണ്ടായിരുന്നു. 17ഏറ്റവും മുകളിലെ കുട്ടയില്‍ ഫിർഔൻനു വേണ്ടി പാകം ചെയ്ത പലതരം അപ്പങ്ങളായിരുന്നു. പക്ഷികള്‍ വന്ന് എന്റെ തലയിലെ കുട്ടയില്‍നിന്ന് അവ കൊത്തിത്തിന്നു കൊണ്ടിരുന്നു. 18യൂസുഫ് പറഞ്ഞു: അതിന്റെ വ്യാഖ്യാനം ഇതാണ്: മൂന്നു കുട്ടകള്‍ മൂന്നു ദിവസം തന്നെ. മൂന്നു ദിവസത്തിനകം ഫിർഔൻ നിന്നെ പുറത്തിറക്കി മരത്തില്‍ കെട്ടിത്തൂക്കും. 19പക്ഷികള്‍ നിന്റെ മാംസം തിന്നുകയും ചെയ്യും.

20മൂന്നാം ദിവസം ഫിർഔൻറെ പിറന്നാളായിരുന്നു. തന്റെ വേലക്കാര്‍ക്ക് അവന്‍ ഒരു വിരുന്നു നല്‍കി. പാനപാത്രവാഹകനെയും പാചകപ്രമാണിയെയും പുറത്തുകൊണ്ടുവന്നു വിധി കല്‍പിച്ചു. 21പാനപാത്രവാഹകനെ ഉദ്യോഗത്തില്‍ തിരിയേ നിയമിച്ചു; അവന്‍ പാനപാത്രം ഫിർഔൻറെ കൈയില്‍ കൊടുത്തു. 22എന്നാല്‍, പാചകപ്രമാണിയെ അവന്‍ തൂക്കിക്കൊന്നു. യൂസുഫ് വ്യാഖ്യാനിച്ചതുപോലെതന്നെ സംഭവിച്ചു. 23എന്നാല്‍, പാനപാത്രവാഹകന്‍ യൂസുഫിനെ ഓര്‍മിച്ചില്ല; അവനെ മറന്നുകളഞ്ഞു.