സൂറ അൽ-വജ്ഹ 39

യൂസുഫും ഫിർഔനും

39 1യൂസുഫിനെ അവര്‍ ഈജിപ്തിലേക്കു കൊണ്ടു പോയി. അവനെ അവിടെ കൊണ്ടു ചെന്ന ഇസ്മായീല്യരുടെ അടുക്കല്‍ നിന്ന് ഫിർഔൻറെ ഒരു ഉദ്യോഗസ്ഥനും കാവല്‍പ്പടയുടെ നായകനുമായ പൊത്തിഫര്‍ അവനെ വിലയ്ക്കു വാങ്ങി. 2റബ്ബുൽ ആലമീൻ യൂസുഫിൻറെ കൂടെ ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളിലും അവന് ശ്രേയസ്‌സുണ്ടായി. ഈജിപ്തുകാരനായ യജമാനന്റെ വീട്ടിലായിരുന്നു അവന്‍ . 3റബ്ബുൽ ആലമീൻ അവന്റെ കൂടെ ഉണ്ടെന്നും അവന്‍ ചെയ്യുന്നതൊക്കെ അവിടുന്നു മംഗളകരമാക്കുന്നെന്നും അവന്റെ യജമാനനു മനസ്‌സിലായി. 4അവന്‍ യജമാനന്റെ പ്രീതിക്കു പാത്രമായി. അവന്‍ പൊത്തിഫറിനെ ശുശ്രൂഷിച്ചു. തന്റെ വീടിന്റെ മേല്‍നോട്ടവും, തനിക്കുള്ള എല്ലാറ്റിന്റേയും ചുമതലയും അവന്‍ യൂസുഫിനെ ഏല്‍പിച്ചു. 5ആ ഈജിപ്തുകാരന്‍ വീടിന്റെ മേല്‍നോട്ടവും, തനിക്കുള്ള എല്ലാറ്റിന്റെയും ചുമതലയും യൂസുഫിനെ ഏല്‍പിച്ച നാള്‍ മുതല്‍ യൂസുഫിനെ ഓര്‍ത്തു റബ്ബുൽ ആലമീൻ അവന്റെ വീടിനെ അനുഗ്രഹിച്ചു. അവന്റെ വീട്ടിലും വയലിലുമുള്ള എല്ലാറ്റിന്റെയുംമേല്‍ റബ്ബുൽ ആലമീൻറെ ബർക്കത്തുണ്ടായി.

6അവന്‍ തന്റെ വസ്തുക്കളെല്ലാം യൂസുഫിനെ ഭരമേല്‍പിച്ചതിനാല്‍ ഭക്ഷണത്തിലല്ലാതെ മറ്റൊന്നിലും അവനു ശ്രദ്ധിക്കേണ്ടിയിരുന്നില്ല. 7യൂസുഫ് വടിവൊത്ത ശരീരമുള്ളവനും സുമുഖനുമായിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അവന്റെ യജമാനന്റെ ബീവിയ്ക്ക് അവനില്‍ അഭിലാഷം തോന്നി. എന്റെ കൂടെ ശയിക്കുക. അവള്‍ അവനോട് ആവശ്യപ്പെട്ടു. 8പക്‌ഷേ, അവന്‍ വഴങ്ങിയില്ല. അവന്‍ അവളോടു പറഞ്ഞു: ഞാന്‍ ഉള്ളതുകൊണ്ട്‌ യജമാനന്‍ വീട്ടിലുള്ള ഒന്നിനെക്കുറിച്ചും ശ്രദ്ധിക്കാറില്ല. 9എല്ലാം അവന്‍ എന്റെ കൈയില്‍ ഏല്‍പിച്ചിരിക്കുന്നു. എന്നെക്കാള്‍ വലിയവനായി ആരും ഈ ഭവനത്തിലില്ല. എന്റെ മേല്‍നോട്ടത്തില്‍ നിന്നു നിങ്ങളെയല്ലാതെ മറ്റൊന്നും അവന്‍ മാറ്റി നിര്‍ത്തിയിട്ടില്ല. അതു നിങ്ങള്‍ അവന്റെ ബീവിയായതുകൊണ്ടാണ്. ഞാന്‍ എങ്ങനെയാണ് ഇത്ര നീചമായി പ്രവര്‍ത്തിച്ചു അള്ളാഹുവിനെതിരെ പാപം ചെയ്യുക? 10അനുദിനം അവള്‍ പറഞ്ഞിട്ടും അവളുടെ കൂടെ ശയിക്കാനോ അവളുടെയടുത്തിരിക്കാനോ അവന്‍ കൂട്ടാക്കിയില്ല.

11ഒരു ദിവസം യൂസുഫ് ജോലി ചെയ്യാനായി വീട്ടിനുളളില്‍ പ്രവേശിച്ചു. 12വേലക്കാര്‍ ആരും അകത്തില്ലായിരുന്നു. അപ്പോള്‍ അവള്‍ അവന്റെ മേലങ്കിയില്‍ കടന്നു പിടിച്ചു കൊണ്ടു പറഞ്ഞു: എന്റെ കൂടെ ശയിക്കുക. 13മേലങ്കി അവളുടെ കൈയില്‍ വിട്ടിട്ട് അവന്‍ ഓടി വീട്ടില്‍ നിന്നും പുറത്തു വന്നു. കുപ്പായം തന്റെ കൈയില്‍ വിട്ടിട്ട് അവന്‍ വീട്ടിനു പുറത്തേക്ക് ഓടിയെന്നു കണ്ടപ്പോള്‍ അവള്‍ വീട്ടിലുള്ളവരെ വിളിച്ചു പറഞ്ഞു: 14നമുക്ക് അപമാനം വരുത്താന്‍ അവന്‍ ഇതാ ഒരു ഹെബ്രായനെ കൊണ്ടുവന്നിരിക്കുന്നു. എന്നോടൊത്തു ശയിക്കാന്‍ അവന്‍ എന്നെ സമീപിച്ചു. 15എന്നാല്‍ ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു. എന്റെ നിലവിളി കേട്ടപ്പോള്‍ അവന്‍ പുറങ്കുപ്പായം എന്റെ അരികില്‍ ഇട്ടിട്ട് ഓടി വീട്ടില്‍ നിന്ന് പുറത്തുകടന്നു. 16അവന്റെ യജമാനന്‍ തിരിച്ചു വരുവോളം അവള്‍ ആ കുപ്പായം സൂക്ഷിച്ചു. 17അവള്‍ അവനോട് ഇപ്രകാരം പറഞ്ഞു: അങ്ങുകൊണ്ടുവന്ന ഹെബ്രായ വേലക്കാരന്‍ അപമാനിക്കാനായി എന്നെ സമീപിച്ചു. 18എന്നാല്‍ ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചപ്പോള്‍ അവന്‍ പുറങ്കുപ്പായം ഉപേക്ഷിച്ചിട്ട് വീട്ടില്‍ നിന്ന് ഓടി പുറത്തു കടന്നു.

19ഇതാണ് അങ്ങയുടെ വേലക്കാരന്‍ എന്നോടു ചെയ്തത്. തന്റെ ബീവി പറഞ്ഞതു കേട്ടപ്പോള്‍ അവന്റെ യജമാനന്‍ രോഷാകുലനായി. 20അവന്‍ യൂസുഫിനെ രാജാവിന്റെ തടവുകാരെ ഇട്ടിരുന്ന കാരാഗൃഹത്തിലാക്കി. അങ്ങനെ അവന്‍ കാരാഗൃഹത്തില്‍ കഴിച്ചുകൂട്ടി.

യൂസുഫ് കാരാഗൃഹത്തില്‍

21റബ്ബുൽ ആലമീൻ യൂസുഫിൻറെ കൂടെയുണ്ടായിരുന്നു. അവിടുന്ന് അവനോടു കാരുണ്യം കാണിച്ചു. അവനു കാരാഗൃഹ സൂക്ഷിപ്പുകാരന്റെ പ്രീതി ലഭിക്കുവാന്‍ ഇടയാക്കുകയും ചെയ്തു. 22കാരാഗൃഹ സൂക്ഷിപ്പുകാരന്‍ തടവുകാരുടെയെല്ലാം മേല്‍നോട്ടം യൂസുഫിനെ ഏല്‍പിച്ചു. 23അവിടെ എല്ലാം യൂസുഫിൻറെ മേല്‍നോട്ടത്തിലാണു നടന്നത്. യൂസുഫിനെ ഭരമേല്‍പിച്ച ഒരു കാര്യത്തിലും കാരാഗൃഹ സൂക്ഷിപ്പുകാരന്‍ ഇടപെട്ടില്ല. കാരണം, റബ്ബുൽ ആലമീൻ അവന്റെ കൂടെ ഉണ്ടായിരുന്നു. അവന്‍ ചെയ്തതൊക്കെ റബ്ബുൽ ആലമീൻ ശുഭമാക്കുകയും ചെയ്തു.