അൽ-വഹിയു 22  

അൽ-കൌതാർ (ജീവൻറെ നദി)

22 1അള്ളാഹുവിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍ നിന്നു പുറപ്പെടുന്നതും സ്ഫടികം പോലെ തെളിഞ്ഞതുമായ അൽ-കൌതാർ (ജീവ ജലത്തിന്റെ നദി) അവന്‍ എനിക്കു കാണിച്ചു തന്നു. 2നഗര വീഥിയുടെ മധ്യത്തില്‍ നദിയുടെ ഇരുഭാഗങ്ങളിലുമായി പന്ത്രണ്ടുതരം ഫലങ്ങള്‍ കായ്ക്കുന്ന അൽ-ഷുജാറത് അൽ-അബദിയ്യാ (ജീവന്റെ വൃക്ഷം) നില്‍ക്കുന്നു. അതു മാസം തോറും ഫലം തരുന്നു. ആ വൃക്ഷത്തിന്റെ ഇലകള്‍ ജനതകളുടെ രോഗശാന്തിക്കു വേണ്ടിയുള്ളവയാണ്. 3ഇനിമേല്‍ ശപിക്കപ്പെട്ടതായി ഒന്നും ഉണ്ടായിരിക്കുകയില്ല. അള്ളാഹുവിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതില്‍ ഉണ്ടായിരിക്കും. 4അവിടുത്തെ ദാസര്‍ അവിടുത്തെ ഇബാദത്ത് ചെയ്യും. അവര്‍ അവിടുത്തെ മുഖം ദർശിക്കും. അവിടുത്തെ നാമം അവരുടെ നെറ്റിത്തടത്തില്‍ ഉണ്ടായിരിക്കും. 5ഇനിയൊരിക്കലും രാത്രിയുണ്ടാവുകയില്ല. ദീപത്തിന്റെ വെളിച്ചമോ സൂര്യന്റെ പ്രകാശമോ അവര്‍ക്ക് ആവശ്യമില്ല. മഅബൂദായ റബ്ബുൽ ആലമീൻ അവരുടെമേല്‍ പ്രകാശിക്കുന്നു. അവര്‍ എന്നേക്കും വാഴും.

കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ പ്രത്യാഗമനം

6അവന്‍ എന്നോടു പറഞ്ഞു: ഈ വചനങ്ങള്‍ വിശ്വാസ യോഗ്യവും സത്യവുമാണ്. ഉടനെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ തന്റെ ദാസര്‍ക്കു കാണിച്ചു കൊടുക്കാനായി അംബിയാ നബി റൂഹുകളുടെ മഅബൂദായ റബുൽ ആലമീൻ തന്റെ മലക്കിനെ അയച്ചിരിക്കുന്നു.

7ഇതാ, ഞാന്‍ വേഗം വരുന്നു. ഈ പുസ്തകത്തിലെ പ്രവചനങ്ങള്‍ കാക്കുന്നവന്‍ ഭാഗ്യവാന്‍.

8യഹിയ്യായായ ഞാന്‍ ഇതു കേള്‍ക്കുകയും കാണുകയും ചെയ്തു. ഇവ കേള്‍ക്കുകയും കാണുകയും ചെയ്തപ്പോള്‍ ഇവ കാണിച്ചുതന്ന മലക്കിന് ഇബാദത്ത് ചെയ്യാന്‍ ഞാന്‍ അവന്റെ കാല്‍ക്കല്‍ വീണു. 9അപ്പോള്‍ അവന്‍ എന്നോടു പറഞ്ഞു: അരുത്. ഞാന്‍ നിന്റെയും നിന്റെ സഹോദരന്‍മാരായ അംബിയാ നബിമാരുടെയും ഈ ഗ്രന്ഥത്തിലെ വചനങ്ങള്‍ കാക്കുന്നവരുടെയും സഹദാസനാണ്. അള്ളാഹുവിന് ഇബാദത്ത് ചെയ്യുക.

10വീണ്ടും അവന്‍ എന്നോടു പറഞ്ഞു: ഈ ഗ്രന്ഥത്തിലെ പ്രവചനങ്ങള്‍ നീ മുദ്രിതമായി സൂക്ഷിക്കേണ്ടാ. എന്തെന്നാല്‍, സമയം അടുത്തിരിക്കുന്നു. 11അനീതി ചെയ്തിരുന്നവന്‍ ഇനിയും അനീതി ചെയ്തു കൊള്ളട്ടെ. പാപക്കറ പുരണ്ടവന്‍ ഇനിയും അങ്ങനെ തന്നെ കഴിഞ്ഞുകൊള്ളട്ടെ. നീതിമാന്‍ ഇനിയും നീതി പ്രവര്‍ത്തിക്കട്ടെ. വിശുദ്ധന്‍ ഇനിയും വിശുദ്ധീകരിക്കപ്പെടട്ടെ.

12ഇതാ, ഞാന്‍ വേഗം വരുന്നു. എന്റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലം നല്‍കാനാണു ഞാന്‍ വരുന്നത്. 13ഞാന്‍ ആല്‍ഫയും ഒമേഗയുമാണ് - ഒന്നാമനും ഒടുവിലത്തവനും - ആദിയും അന്തവും.

14ജീവന്റെ വൃക്ഷത്തിന്‍മേല്‍ അവകാശം ലഭിക്കാനും കവാടങ്ങളിലൂടെ നഗരത്തിലേക്കു പ്രവേശിക്കാനും തങ്ങളുടെ അങ്കികള്‍ കഴുകി ശുദ്ധിയാക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍. 15നായ്ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധകരും അസത്യത്തെ സ്‌നേഹിക്കുകയും അതു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സകലരും പുറത്ത്.

16ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹായ ഞാന്‍ ജാമിയ്യാകളെക്കുറിച്ച് നിങ്ങള്‍ക്കു സാക്ഷ്യപ്പെടുത്തുന്നതിനു വേണ്ടി എന്റെ മലക്കിനെ അയച്ചു. ഞാന്‍ ദാവൂദിന്റെ വേരും സന്തതിയുമാണ്; പ്രഭാ പൂര്‍ണനായ പ്രഭാതനക്ഷത്രം.

17റൂഹും മണവാട്ടിയും പറയുന്നു: വരുക. കേള്‍ക്കുന്നവന്‍ പറയട്ടെ: വരുക. ദാഹിക്കുന്നവന്‍ വരട്ടെ. ആഗ്രഹമുള്ളവന്‍ ജീവന്റെ ജലം സൗജന്യമായി സ്വീകരിക്കട്ടെ.

ഉപസംഹാരം

18ഈ പുസ്തകത്തിലെ പ്രവചനങ്ങള്‍ ശ്രവിക്കുന്ന എല്ലാവരോടും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു: ആരെങ്കിലും ഈ വചനങ്ങളോട് എന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന മഹാമാരികള്‍ അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ അവന്റെ മേല്‍ അയയ്ക്കും. 19ഈ പുസ്തകത്തിലെ പ്രവചനങ്ങളില്‍ നിന്ന് ആരെങ്കിലും എന്തെങ്കിലും എടുത്തു കളഞ്ഞാല്‍, ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന, വിശുദ്ധ നഗരത്തിലും ജീവന്റെ അൽ-കൌതാറിലുമുള്ള അവന്റെ പങ്ക്‌ അള്ളാഹു സുബുഹാന തഅലാ എടുത്തു കളയും.

20ഇതു സാക്ഷ്യപ്പെടുത്തുന്നവന്‍ പറയുന്നു: അതേ, ഞാന്‍ വേഗം വരുന്നു, ആമീന്‍; റബ്ബുൽ ആലമീനായ ഈസാ അൽ മസീഹാ, വരണമേ!

21റബ്ബുൽ ആലമീനായ ഈസാ അൽ മസീഹിന്റെ ഫദുലുൽ ഇലാഹ് എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ!


അടിക്കുറിപ്പുകൾ