അൽ-വഹിയു 16  

ക്രോധത്തിന്റെ പാത്രങ്ങള്‍

16 1ബൈത്തുല്‍ ഇലാഹിൽ നിന്ന് ആ ഏഴു മലക്കുകളോടു പറയുന്ന ഒരു വലിയ സ്വരം ഞാന്‍ കേട്ടു: നിങ്ങള്‍ പോയി അള്ളാഹുവിൻറെ കോപത്തിന്റെ ആ ഏഴു പാത്രങ്ങള്‍ ഭൂമിയിലേക്ക് ഒഴിക്കുക.

2ഉടനെ ഒന്നാമന്‍ പോയി തന്റെ പാത്രം ഭൂമിയിലേക്ക് ഒഴിച്ചു. അപ്പോള്‍ അൽ-ദബ്ബത്തുൽ അർദിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ ഇബാദത്ത് ചെയ്യുന്നവരുമായ മനുഷ്യരുടെ ശരീരത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന വ്രണങ്ങളുണ്ടായി.

3രണ്ടാമന്‍ തന്റെ പാത്രം കടലിലേക്കൊഴിച്ചു. അപ്പോള്‍ കടല്‍ മരിച്ചവന്റെ രക്തം പോലെയായി. കടലിലെ സര്‍വ ജീവികളും ചത്തുപോയി.

4മൂന്നാമന്‍ തന്റെ പാത്രം നദികളിലും നീരുറവകളിലും ഒഴിച്ചു. അവ രക്തമായി മാറി. 5അപ്പോള്‍ ജലത്തിന്റെ മലക്ക് പറയുന്നതു ഞാന്‍ കേട്ടു: ആയിരിക്കുന്നവനും ആയിരുന്നവനും പരിശുദ്ധനുമായ അങ്ങ് ഈ വിധികളില്‍ നീതിമാനാണ്. 6അവര്‍ വിശുദ്ധരുടെയും അംബിയാ നബികളുടെയും രക്തം ചൊരിഞ്ഞു. എന്നാല്‍, അങ്ങ് അവര്‍ക്കു രക്തം കുടിക്കാന്‍ കൊടുത്തു. അതാണ് അവര്‍ക്കു കിട്ടേണ്ടത്.

7അപ്പോള്‍ ഖുർബാനിപീഠം പറയുന്നതുകേട്ടു: അതേ, സര്‍വശക്തനും മഅബൂദുമായ റബ്ബുൽ ആലമീൻ, അങ്ങയുടെ വിധികള്‍ സത്യവും നീതിയും നിറഞ്ഞതാണ്.

8നാലാമന്‍ തന്റെ പാത്രം സൂര്യന്റെ മേലൊഴിച്ചു. അപ്പോള്‍ മനുഷ്യരെ അഗ്‌നികൊണ്ടു ദഹിപ്പിക്കാന്‍ അതിന് അനുവാദം ലഭിച്ചു. 9അത്യുഷ്ണത്താല്‍ മനുഷ്യര്‍ വെന്തെരിഞ്ഞു. ആ മഹാമാരികളുടെമേല്‍ അധികാരമുണ്ടായിരുന്ന അള്ളാഹുവിന്റെ നാമം അവര്‍ ദുഷിച്ചു. അവര്‍ അനുതപിക്കുകയോ അവിടുത്തെ മഹത്വപ്പെടുത്തുകയോ ചെയ്തില്ല.

10അഞ്ചാമന്‍ തന്റെ പാത്രം അൽ-ദബ്ബത്തുൽ അർദിന്റെ സിംഹാസനത്തിന്‍മേലൊഴിച്ചു. അപ്പോള്‍ അതിന്റെ രാജ്യം കൂരിരുട്ടിലാണ്ടു. മനുഷ്യര്‍ കഠിനവേദന കൊണ്ടു നാവു കടിച്ചു. 11വേദനയും വ്രണങ്ങളും മൂലം അവര്‍ ജന്നത്തുൽ മഅബൂദിനെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് അനുതപിച്ചില്ല.

12ആറാമത്തെ മലക്ക് തന്റെ പാത്രം യൂഫ്രട്ടീസ് മഹാ നദിയിലൊഴിച്ചു. അപ്പോള്‍ അതിലെ ജലം വറ്റിപ്പോയി. അങ്ങനെ കിഴക്കു നിന്നുള്ള രാജാക്കന്‍മാര്‍ക്കു വഴിയൊരുക്കപ്പെട്ടു. 13സര്‍പ്പത്തിന്റെ വായില്‍ നിന്നും അൽ-ദബ്ബത്തുൽ അർദിന്റെ വായില്‍ നിന്നും കള്ളനബിയുടെ വായില്‍ നിന്നും പുറപ്പെട്ട തവളകള്‍ പോലുള്ള മൂന്ന് ബദ്റൂഹുകളെ ഞാന്‍ കണ്ടു. 14അവര്‍ സര്‍വശക്തനായ അള്ളാഹുവിന്റെ മഹാ ദിനത്തിലെ യുദ്ധത്തിനായി ലോകമെമ്പാടുമുള്ള രാജാക്കന്‍മാരെ ഒന്നിച്ചുകൂട്ടാന്‍ പുറപ്പെട്ടവരും അടയാളങ്ങള്‍ കാണിക്കുന്നവരുമായ ബദ്റൂഹുകളാണ്. 15ഇതാ, ഞാന്‍ കള്ളനെപ്പോലെ വരുന്നു! നഗ്‌നനായി മറ്റുള്ളവരുടെ മുമ്പില്‍ ലജ്ജിതനായിത്തീരാതെ വസ്ത്രം ധരിച്ച് ഉണര്‍ന്നിരിക്കുന്നവന്‍ ഭാഗ്യവാന്‍. 16ഹെബ്രായ ഭാഷയില്‍ ഹര്‍മാഗെദോന്‍ എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അവര്‍ അവരെ ഒന്നിച്ചുകൂട്ടി.

17ഏഴാമന്‍ തന്റെ പാത്രം അന്തരീക്ഷത്തിലൊഴിച്ചു. അപ്പോള്‍ ബൈത്തുൽ ഇലാഹിലെ സിംഹാസനത്തില്‍ നിന്ന് ഒരു വലിയ സ്വരം പുറപ്പെട്ടു: ഇതാ, തീര്‍ന്നു. 18അപ്പോള്‍ മിന്നല്‍ പിണരുകളും ഉച്ചഘോഷങ്ങളും ഇടിമുഴക്കങ്ങളും ഭൂമിയില്‍ മനുഷ്യര്‍ ഉണ്ടായതു മുതല്‍ ഇന്നോളം സംഭവിച്ചിട്ടില്ലാത്ത വിധം അത്ര വലിയ ഭൂകമ്പവും ഉണ്ടായി. മഹാ നഗരം മൂന്നായിപ്പിളര്‍ന്നു. 19ജനതകളുടെ പട്ടണങ്ങള്‍ നിലം പതിച്ചു. തന്റെ ഉഗ്രക്രോധത്തിന്റെ ചഷകം മട്ടുവരെ കുടിപ്പിക്കാന്‍ വേണ്ടി മഹാ ബാബീലിനെ അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ പ്രത്യേകം ഓര്‍മിച്ചു. 20ദ്വീപുകളെല്ലാം ഓടിയൊളിച്ചു; പര്‍വതങ്ങള്‍ കാണാതായി. 21താലന്തുകളുടെ ഭാരമുള്ള വലിയ കല്ലുകളുടെ പെരുമഴ ആകാശത്തുനിന്നു മനുഷ്യരുടെമേല്‍ പതിച്ചു. കന്മഴയാകുന്ന മഹാമാരി നിമിത്തം മനുഷ്യര്‍ അള്ളാഹുവിനെ ദുഷിച്ചു. അത് അത്ര ഭയങ്കരമായിരുന്നു.


അടിക്കുറിപ്പുകൾ