അൽ-സബൂർ 51
റബ്ബേ, കനിയണമേ!
51 1റബ്ബേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു റഹം തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അന്യായം മായിച്ചുകളയണമേ!
2എന്റെ അകൃത്യം നിശ്‌ശേഷം കഴുകിക്കളയണമേ! എന്റെ അന്യായത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!
3എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു, എന്റെ അന്യായം എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്.
4അങ്ങേക്കെതിരായി, അങ്ങേക്കു മാത്രമെതിരായി, ഞാന്‍ അന്യായം ചെയ്തു; അങ്ങയുടെ മുന്‍പില്‍ ഞാന്‍ തിന്‍മ പ്രവത്തിച്ചു; അതുകൊണ്ട് അങ്ങയുടെ ഖയാമത്തില്‍ അങ്ങു നീതിയുക്തനാണ്; അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ്.
5പാപത്തോടെയാണു ഞാന്‍ പിറന്നത്; ഉമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോഴേ ഞാന്‍ പാപിയാണ്.
6ഖൽബിലെ പരമാര്‍ഥതയാണ് അങ്ങ് ആഗ്രഹിക്കുന്നത്; ആകയാല്‍ , എന്റെ അന്തരംഗത്തില്‍ ജ്ഞാനം പകരണമേ!
7ഹിസോപ്പു കൊണ്ട് എന്നെ പവിത്രീകരിക്കണമേ! ഞാന്‍ നിര്‍മലനാകും; എന്നെ കഴുകണമേ! ഞാന്‍ മഞ്ഞിനെക്കാള്‍ വെണ്‍മയുള്ളവനാകും.
8എന്നെ സന്തോഷഭരിതനാക്കണമേ! അവിടുന്നു തകര്‍ത്ത എന്റെ അസ്ഥികള്‍ ആനന്ദിക്കട്ടെ!
9എന്റെ അന്യായത്തില്‍ നിന്നു മുഖം മറയ്ക്കണമേ! എന്റെ അകൃത്യങ്ങള്‍ മായിച്ചുകളയണമേ!
10ദൈവമേ, നിര്‍മലമായ ഖൽബ് എന്നില്‍ സൃഷ്ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്‌ഷേപിക്കണമേ!
11അങ്ങയുടെ സന്നിധിയില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ! അങ്ങയുടെ റൂഹിൽ ഖുദ്ധൂസിനെ എന്നില്‍ നിന്ന് എടുത്തുകളയരുതേ!
12അങ്ങയുടെ നജാത്തും സന്തോഷവും എനിക്കു വീണ്ടും തരണമേ! ഒരുക്കമുള്ള ഒരു ഖൽബ് നല്‍കി എന്നെ താങ്ങണമേ!
13അപ്പോള്‍ അതിക്രമികളെ ഞാന്‍ അങ്ങയുടെ വഴി പഠിപ്പിക്കും; അന്യായികള്‍ അങ്ങയിലേക്കു തിരിച്ചുവരും.
14റബ്ബേ, എന്റെ രക്ഷയുടെ ഉടയോനേ, രക്തപാതകത്തില്‍ നിന്ന് എന്നെ രക്ഷിക്കണമേ! ഞാന്‍ അങ്ങയുടെ രക്ഷയെ ഉച്ചത്തില്‍ പ്രകീര്‍ത്തിക്കും.
15പടച്ചോനെ, എന്റെ അധരങ്ങളെ തുറക്കണമേ! എന്റെ നാവ് അങ്ങയുടെ സ്തുതികള്‍ ആലപിക്കും.
16ബലിദാനങ്ങളില്‍ അങ്ങു പ്രസാദിക്കുന്നില്ല; ഞാന്‍ സ്വലാത്ത് അര്‍പ്പിച്ചാല്‍ അങ്ങു സന്തുഷ്ടനാവുകയുമില്ല.
17ഉരുകിയ മനസ്‌സാണു റബ്ബിനു സ്വീകാര്യമായ സ്വലാത്ത്; റബ്ബേ, നുറുങ്ങിയ ഖൽബിനെ അങ്ങു നിരസിക്കുകയില്ല.
18അങ്ങു പ്രസാദിച്ചു സീയോനു നന്‍മ ചെയ്യണമേ! ജറുസലെമിന്റെ കോട്ടകള്‍ പുതുക്കിപ്പണിയണമേ!
19അപ്പോള്‍ അവിടുന്നു നിര്‍ദിഷ്ട ബലിദാനങ്ങളിലും സ്വലാത്തിലും സമ്പൂര്‍ണ സ്വലാത്തുകളിലും പ്രസാദിക്കും; അപ്പോള്‍ അങ്ങയുടെ ബലിപീഠത്തില്‍ കാളകള്‍ അര്‍പ്പിക്കപ്പെടും.