അൽ-സബൂർ 40

യാ അള്ളാ, വൈകരുതേ!

40 1ഞാന്‍ ക്ഷമാപൂര്‍വം റബ്ബുൽ ആലമീനെ കാത്തിരുന്നു; അവിടുന്നു ചെവി ചായിച്ച് എന്റെ നിലവിളി കേട്ടു.

2ഭീകരമായ ഗര്‍ത്തത്തില്‍ നിന്നും കുഴഞ്ഞ ചേറ്റില്‍ നിന്നും അവിടുന്ന് എന്നെ കരകയറ്റി; എന്റെ പാദങ്ങള്‍ പാറയില്‍ ഉറപ്പിച്ചു, കാല്‍വയ്പുകള്‍ സുരക്ഷിതമാക്കി.

3അവിടുന്ന് ഒരു പുതിയ ഗാനം എന്റെ അധരങ്ങളില്‍ നിക്‌ഷേപിച്ചു, നമ്മുടെ മഅബൂദ് അള്ളാഹുവിന് ഒരു സ്‌തോത്ര ഗീതം. പലരും കണ്ടു ഭയപ്പെടുകയും റബ്ബുൽ ആലമീനില്‍ ശരണം വയ്ക്കുകയും ചെയ്യും.

4റബ്ബുൽ ആലമീനെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍ ; വഴിതെറ്റി വ്യാജ മഅബൂദുകളെ അനുഗമിക്കുന്ന അഹങ്കാരികളിലേക്ക് അവന്‍ തിരിയുന്നില്ല.

5മഅബൂദായ അങ്ങ് എത്ര അദ്ഭുതങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു! ഞങ്ങളുടെ കാര്യത്തില്‍ അങ്ങ് എത്ര ശ്രദ്ധാലുവായിരുന്നു! അങ്ങേക്കു തുല്യനായി ആരുമില്ല. ഞാന്‍ അവയെ വിവരിക്കാനും പ്രഘോഷിക്കാനും തുനിഞ്ഞാല്‍ , അവ അസംഖ്യമാണല്ലോ.

6ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിക്കുന്നില്ല; എന്നാല്‍ , അവിടുന്ന് എന്റെ കാതുകള്‍ തുറന്നു തന്നു. ദഹന ഖുർബാനിയും പാപപരിഹാര ഖുർബാനിയും അവിടുന്ന് ആവശ്യപ്പെട്ടില്ല.

7അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ വരുന്നു; പുസ്തകച്ചുരുളില്‍ എന്നെപ്പറ്റി എഴുതിയിട്ടുണ്ട്.

8എന്റെ മഅബൂദ് അള്ളാ, അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം, അങ്ങയുടെ നിയമം എന്റെ ഹൃദയത്തിലുണ്ട്.

9ഞാന്‍ മഹാ ജാമിയ്യായില്‍ വിമോചനത്തിന്റെ സന്തോഷവാര്‍ത്ത അറിയിച്ചു; യാ റബ്ബുൽ ആലമീൻ, അങ്ങേക്കറിയാവുന്നതുപോലെ ഞാന്‍ എന്റെ അധരങ്ങളെ അടക്കി നിര്‍ത്തിയില്ല.

10അവിടുത്തെ രക്ഷാകരമായ സഹായത്തെ ഞാന്‍ ഹൃദയത്തില്‍ ഒളിച്ചുവച്ചിട്ടില്ല; അങ്ങയുടെ വിശ്വസ്തതയെയും രക്ഷയെയും പറ്റി ഞാന്‍ സംസാരിച്ചു; അവിടുത്തെ കാരുണ്യവും വിശ്വസ്തതയും മഹാ ജാമിയ്യായില്‍ ഞാന്‍ മറച്ചുവച്ചില്ല.

11യാ റബ്ബുൽ ആലമീൻ, അങ്ങയുടെ കാരുണ്യം എന്നില്‍ നിന്നു പിന്‍വലിക്കരുതേ! അവിടുത്തെ സ്‌നേഹവും വിശ്വസ്തതയും എന്നെ സംരക്ഷിക്കട്ടെ!

12എണ്ണമറ്റ അനര്‍ഥങ്ങള്‍ എന്നെ ചുറ്റിയിരിക്കുന്നു; എന്റെ കാഴ്ച നഷ്ടപ്പെടത്തക്ക വിധം എന്റെ ദുഷ്‌കൃത്യങ്ങള്‍ എന്നെ പൊതിഞ്ഞു; അവ എന്റെ തലമുടിയിഴകളെക്കാള്‍ അധികമാണ്; എനിക്കു ധൈര്യം നഷ്ടപ്പെടുന്നു.

13യാ റബ്ബുൽ ആലമീൻ, എന്നെ മോചിപ്പിക്കാന്‍ കനിവുണ്ടാകണമേ! യാ റബ്ബുൽ ആലമീൻ, എന്നെ സഹായിക്കാന്‍ വേഗം വരണമേ!

14എന്റെ ജീവന്‍ അപഹരിക്കാന്‍ ശ്രമിക്കുന്നവര്‍ ലജ്ജിച്ചു പരിഭ്രാന്തരാകട്ടെ! എനിക്കു ദ്രോഹം ആഗ്രഹിക്കുന്നവര്‍ അപമാനിതരായി പിന്തിരിയട്ടെ!

15ഹാ! ഹാ! എന്ന് എന്നെപരിഹസിച്ചു പറയുന്നവര്‍ ലജ്ജകൊണ്ടു സ്തബ്ധരാകട്ടെ!

16അങ്ങയെ അന്വേഷിക്കുന്നവര്‍ അങ്ങയില്‍ സന്തോഷിച്ചുല്ലസിക്കട്ടെ! അങ്ങയുടെ രക്ഷയെ സ്‌നേഹിക്കുന്നവര്‍ റബ്ബുൽ ആലമീൻ വലിയവനാണെന്നു നിരന്തരം ഉദ്‌ഘോഷിക്കട്ടെ!

17ഞാന്‍ ദരിദ്രനും പാവപ്പെട്ടവനുമാണ്; എങ്കിലും റബ്ബുൽ ആലമീന് എന്നെപ്പറ്റി കരുതലുണ്ട്; അങ്ങ് എന്റെ സഹായകനും വിമോചകനുമാണ്; എന്റെ മഅബൂദായ അള്ളാ, വൈകരുതേ!