അൽ-ആവിയാനി (ലേവ്യാ) 19
വിവിധ ശരീഅത്തുകൾ
19 1റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 2യിസ്രായിലാഹ് ഉമ്മത്തിനോടു പറയുക, നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍ നിങ്ങളുടെ മഅബൂദും റബ്ബ്ൽ ആലമീനുമായ ഞാന്‍ പരിശുദ്ധനാണ്. 3ഉമ്മാനെയും ബാപ്പാനെയും ബഹുമാനിക്കുകയും എന്റെ സാബത്ത് ആചരിക്കുകയും വേണം. ഞാനാണ് നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ. 4വിഗ്രഹങ്ങൾക്ക് ഇബാദത്ത് ചെയ്യുകയോ ദേവന്മാരുടെ വിഗ്രഹങ്ങള്‍ വാര്‍ത്തെടുക്കുകയോ ചെയ്യരുത്. ഞാനാണ് നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ.
5റബ്ബ്ൽ ആലമീനു സമാധാന ഖുർബാനിയര്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ സ്വീകാര്യരാകത്തക്കവിധം അര്‍പ്പിക്കുക. 6അര്‍പ്പിക്കുന്ന ദിവസവും അതിനടുത്ത ദിവസവും നിങ്ങള്‍ അതു ഭക്ഷിക്കണം. മൂന്നാം ദിവസത്തേക്ക് എന്തെങ്കിലും അവശേഷിക്കുന്നെങ്കില്‍ അതു ദഹിപ്പിച്ചുകളയണം. 7മൂന്നാം ദിവസം അതു ഭക്ഷിക്കുന്നത് നിന്ദ്യമാണ്. അതു സ്വീകാര്യമാവുകയില്ല. 8അതു ഭക്ഷിക്കുന്നവന് കുറ്റക്കാരനായിരിക്കും. എന്തെന്നാല്‍, അവന്‍ റബ്ബ്ൽ ആലമീന്റെ വിശുദ്ധ വസ്തു അശുദ്ധമാക്കി. അവന്‍ ജനത്തില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം.
9നിങ്ങള്‍ ധാന്യം കൊയ്യുമ്പോള്‍ വയലിന്റെ അതിര്‍ത്തി തീര്‍ത്ത് കൊയ്‌തെടുക്കരുത്. 10കൊയ്ത്തിനു ശേഷം കാലാ പെറുക്കുകയുമരുത്. മുന്തിരിത്തോട്ടത്തിലെ ഫലങ്ങളും തീര്‍ത്തു പറിക്കരുത്. വീണുകിടക്കുന്ന പഴം പെറുക്കിയെടുക്കുകയുമരുത്. പാവങ്ങള്‍ക്കും പരദേശികള്‍ക്കുമായി അതു നീക്കിവയ്ക്കുക. ഞാനാകുന്നു നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ.
11നിങ്ങള്‍ മോഷ്ടിക്കുകയോ വഞ്ചിക്കുകയോ പരസ്പരം വ്യാജം പറയുകയോ അരുത്. 12എന്റെ നാമത്തില്‍ കള്ളസത്യം ചെയ്യരുത്. നിങ്ങളുടെ മഅബൂദിന്റെ നാമം അശുദ്ധമാക്കുകയുമരുത്. ഞാനാണ് റബ്ബ്ൽ ആലമീൻ.
13നിങ്ങളുടെ അയല്‍ക്കാരെ മര്‍ദിക്കുകയോ കൊള്ളയടിക്കുകയോ അരുത്. കൂലിക്കാരനു വേതനം നല്‍കാന്‍ പിറ്റേന്നു രാവിലെ വരെ കാത്തിരിക്കരുത്. 14ചെകിടരെ ശപിക്കുകയോ കുരുടന്റെ വഴിയില്‍ തടസ്‌സം വയ്ക്കുകയോ അരുത്. നിങ്ങളുടെ മഅബൂദിനെ ഭയപ്പെടുക. ഞാനാണ് റബ്ബ്ൽ ആലമീൻ.
15അനീതിയായി വിധിക്കരുത്. ദരിദ്രനോടു ദാക്ഷിണ്യമോ ശക്തനോടു പ്രത്യേക പരിഗണനയോ കാണിക്കാതെ അയല്‍ക്കാരെ നീതിപൂര്‍വം വിധിക്കണം. 16ഏഷണി പറഞ്ഞു നടക്കുകയോ അയല്ക്കാരന്റെ ജീവനെ അപകടത്തിലാക്കുകയോ അരുത്. ഞാനാണ് റബ്ബ്ൽ ആലമീൻ.
17സഹോദരനെ ഹൃദയം കൊണ്ട് വെറുക്കരുത്. അയല്‍ക്കാരനെ ശാസിക്കണം. അല്ലെങ്കില്‍ അവന്‍ മൂലം നീ തെറ്റുകാരനാകും. 18നിന്റെ ജനത്തോടു പകയോ പ്രതികാരമോ പാടില്ല. നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക. ഞാനാണ് റബ്ബ്ൽ ആലമീൻ.
19നിങ്ങള്‍ എന്റെ കല്പനകള് അനുസരിക്കുവിന്‍. ഒരു മൃഗത്തെ മറ്റിനത്തില്‍പ്പെട്ട മൃഗവുമായി ഇണ ചേര്‍ക്കരുത്. വയലില്‍ വിത്തുകള്‍ കലര്‍ത്തി വിതയ്ക്കരുത്. ചണവും കമ്പിളിയും ചേര്‍ത്ത് നെയ്‌തെടുത്ത വസ്ത്രങ്ങള്‍ ധരിക്കുകയുമരുത്.
20ഒരു പുരുഷന് നിക്കാഹിന് സമ്മതം നല്‍കിയിട്ടുള്ളവളും എന്നാല്‍ വീണ്ടെടുക്കപ്പെടാത്തവളും സ്വാതന്ത്ര്യം ലഭിക്കാത്തവളുമായ ഒരു ദാസിയോടുകൂടെ ഒരുവന്‍ ശയിച്ചാല്‍ അന്വേഷണം നടത്തി അവരെ ശിക്ഷിക്കണം. എന്നാല്‍, അവര്‍ക്ക് മരണശിക്ഷ വിധിക്കരുത്. എന്തെന്നാല്‍ അവള്‍ സ്വതന്ത്രയായിരുന്നില്ല. 21അവന്‍ തനിക്കുവേണ്ടി ഖയാമത്തുൽ ഇബാദത്തിന്റെ വാതില്ക്കല് പ്രായശ്ചിത്ത ഖുർബാനിയായി ഒരു മുട്ടനാടിനെ റബ്ബ്ൽ ആലമീനു സമര്‍പ്പിക്കണം. 22ഇമാം പ്രായശ്ചിത്ത ഖുർബാനിക്കുള്ള മൃഗത്തെ റബ്ബ്ൽ ആലമീന്റെ മുന്‍പില്‍ സമര്‍പ്പിച്ച് അവനുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ അവന്‍ ചെയ്ത പാപം ക്ഷമിക്കപ്പെടും.
23നിങ്ങള്‍ ദേശത്തുവന്ന് ഫല വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുമ്പോള്‍ മൂന്നുവര്‍ഷത്തേക്ക് അവയുടെ ഫലങ്ങള്‍ വിലക്കപ്പെട്ടതായി കണക്കാക്കണം. അവ നിങ്ങള്‍ ഭക്ഷിക്കരുത്. 24നാലാം വര്‍ഷം റബ്ബ്ൽ ആലമീന്റെ സ്തുതിക്കായി സമര്‍പ്പിക്കുന്നതിന് അവയുടെ ഫലമെല്ലാം പരിശുദ്ധമായിരിക്കും. 25അഞ്ചാം വര്‍ഷം അവയുടെ ഫലങ്ങള്‍ നിങ്ങള്‍ക്കു ഭക്ഷിക്കാം. അവ നിങ്ങളെ സമ്പന്നരാക്കും. ഞാനാണ് നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ.
26നിങ്ങള്‍ രക്തത്തോടുകൂടിയ മാംസം ഭക്ഷിക്കരുത്. ശകുനം നോക്കുകയോ ആഭിചാരം നടത്തുകയോ അരുത്. 27ചെന്നി മുണ്ഡനം ചെയ്യരുത്. ദീക്ഷയുടെ അഗ്രം മുറിക്കുകയുമരുത്. 28മരിച്ചവരെ പ്രതി നിങ്ങളുടെ ശരീരത്തില്‍ മുറിവുണ്ടാക്കരുത്. ദേഹത്ത് പച്ച കുത്തരുത്. ഞാനാണ് റബ്ബ്ൽ ആലമീൻ.
29നിന്റെ പുത്രിയെ വേശ്യാവൃത്തിക്ക് ഏല്‍പിക്കരുത്. അങ്ങനെ ചെയ്താല്‍ നാടുമുഴുവന്‍ വേശ്യാവൃത്തിയില്‍ മുഴുകുകയും തിന്‍മകൊണ്ടു നിറയുകയും ചെയ്യാനിടയാകും. 30നിങ്ങള്‍ എന്റെ സാബത്ത് ആചരിക്കുകയും വിശുദ്ധസ്ഥലത്തെ ബഹുമാനിക്കുകയും ചെയ്യുവിന്‍. ഞാനാണ് റബ്ബ്ൽ ആലമീൻ.
31നിങ്ങള്‍ മന്ത്രവാദികളെയും ശകുനക്കാരെയും സമീപിച്ച് അശുദ്ധരാകരുത്. ഞാനാണ് നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ.
32പ്രായം ചെന്നു നരച്ചവരുടെ മുന്‍പില്‍ ആദരപൂര്‍വം എഴുന്നേല്‍ക്കുകയും അവരെ ബഹുമാനിക്കുകയും വേണം. നിന്റെ മഅബൂദിനെ ഭയപ്പെടുക. ഞാനാണു റബ്ബ്ൽ ആലമീൻ.
33നിങ്ങളുടെ നാട്ടില്‍ വന്നു താമസിക്കുന്ന വിദേശിയെ ഉപദ്രവിക്കരുത്. 34നിങ്ങളുടെയിടയില്‍ വസിക്കുന്ന വിദേശിയെ നിങ്ങള്‍ സ്വദേശിയെപ്പോലെ കണക്കാക്കണം. നിങ്ങളെപ്പോലെതന്നെ അവനെയും സ്‌നേഹിക്കണം. കാരണം, നിങ്ങള്‍ ഈജിപ്തുദേശത്തു വിദേശികളായിരുന്നു. ഞാനാണു നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ.
35വിധിയിലും അളവിലും തൂക്കത്തിലും നിങ്ങള്‍ അനീതി പ്രവര്‍ത്തിക്കരുത്. 36ശരിയായ തുലാസും കട്ടിയും ഏഫായും ഹിന്നും നിങ്ങള്‍ക്കുണ്ടായിരിക്കണം. ഈജിപ്തു ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ ഞാനാണ്. 37നിങ്ങള്‍ എന്റെ കല്പനകളും നിയമങ്ങളും അനുസരിച്ചു പ്രവര്‍ത്തിക്കണം. ഞാനാണു റബ്ബ്ൽ ആലമീൻ.