സൂറ അൽ-യിശായ്യാ 7

יְשַׁעְיָהוּ (Yeshayahu)

ഇമ്മാനുവേല്‍ പ്രവചനം

7 1യൂദാരാജാവായിരുന്ന ഉസിയായുടെ പുത്രനായ യോഥാമിന്റെ പുത്രന്‍ ആഹാസിന്റെ കാലത്ത് സിറിയാരാജാവായ റസീനും, ഇസ്രായേല്‍ രാജാവും റമാലിയായുടെ പുത്രനുമായ പെക്കായും ജറുസലെമിനെതിരേയുദ്ധത്തിനു വന്നു. എന്നാല്‍ അവര്‍ക്കതിനെ കീഴടക്കാന്‍ കഴിഞ്ഞില്ല. 2സിറിയാ, എഫ്രായിമിനോടു സഖ്യം ചെയ്തിരിക്കുന്നു എന്ന് ദാവീദുഭവനം അറിഞ്ഞപ്പോള്‍, കൊടുങ്കാറ്റില്‍ വനത്തിലെ വൃക്ഷങ്ങള്‍ ഇള കുന്നതുപോലെ, അവന്റെയും ജനത്തിന്റെയും ഹൃദയം വിറച്ചു.

3കര്‍ത്താവ് ഏശയ്യായോട് അരുളിച്ചെയ്തു: നീ പുത്രനായ ഷെയാര്‍യാഷുബുമൊത്തു ചെന്ന് അലക്കുകാരന്റെ വയലിലേക്കുള്ള രാജവീഥിയുടെ അരികെയുള്ള മേല്‍ക്കളത്തിലെ നീര്‍ച്ചാലിന്റെ അറ്റത്തുവച്ച് ആഹാസിനെക്കണ്ട് 4ഇപ്രകാരം പറയുക: ശ്രദ്ധിക്കുക, സമാധാനമായിരിക്കുക, ഭയപ്പെടേണ്ട, പുകഞ്ഞുകൊണ്ടിരിക്കുന്ന ഈ രണ്ടു തീക്കൊള്ളി നിമിത്തം, റസീന്റെയും സിറിയായുടെയും റമാലിയായുടെ പുത്രന്റെയും ഉഗ്രകോപം നിമിത്തം, നീ ഭയപ്പെടരുത്. 5നമുക്ക് യൂദായ്‌ക്കെതിരേ ചെന്ന് 6അതിനെ ഭയപ്പെടുത്തുകയും കീഴടക്കി തബേലിന്റെ പുത്രനെ അതിന്റെ രാജാവായി വാഴിക്കുകയും ചെയ്യാമെന്നു പറഞ്ഞുകൊണ്ട് സിറിയായും എഫ്രായിമും റമാലിയായുടെ പുത്രനും നിനക്കെതിരേ ഗൂഢാലോചന നടത്തി. 7ആകയാല്‍ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:

അതു സംഭവിക്കുകയില്ല, ഒരിക്കലും സംഭവിക്കുകയില്ല.

8സിറിയായുടെ തലസ്ഥാനം ദമാസ്‌ക്കസും, ദമാസ്‌ക്കസിന്റെ തലവന്‍ റസീനും ആണ്. അറുപത്തഞ്ചു വര്‍ഷത്തിനുള്ളില്‍ എഫ്രായിം ഛിന്നഭിന്നമാക്കപ്പെടും. മേലില്‍ അത് ഒരു ജനതയായിരിക്കുകയില്ല.

9എഫ്രായിമിന്റെ തലസ്ഥാനം സമരിയായും അധിപന്‍ റമാലിയായുടെ പുത്രനും ആണ്. വിശ്വസിക്കുന്നില്ലെങ്കില്‍ നിനക്കു സുസ്ഥിതി ലഭിക്കുകയില്ല.

10കര്‍ത്താവ് വീണ്ടും ആഹാസിനോട് അരുളിച്ചെയ്തു: 11നിന്റെ ദൈവമായ കര്‍ത്താവില്‍ നിന്ന് ഒരടയാളം ആവശ്യപ്പെടുക; അതു പാതാളംപോലെ അഗാധമോ ആകാശംപോലെ ഉന്നതമോ ആയിരിക്കട്ടെ. 12ആ ഹാസ് പ്രതിവചിച്ചു: ഞാന്‍ അത് ആവശ്യപ്പെടുകയോ കര്‍ത്താവിനെ പരീക്ഷിക്കുകയോ ഇല്ല. 13അപ്പോള്‍ ഏശയ്യാ പറഞ്ഞു: ദാവീദിന്റെ ഭവനമേ, ശ്രദ്ധിക്കുക, മനുഷ്യരെ അസഹ്യപ്പെടുത്തുന്നതു പോരാഞ്ഞിട്ടാണോ എന്റെ ദൈവത്തിന്റെ ക്ഷമ പരീക്ഷിക്കുന്നത്? 14അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക് അടയാളം തരും.യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും. 15തിന്‍മ ത്യജിക്കാനും നന്‍മസ്വീകരിക്കാനും പ്രായമാകുമ്പോള്‍ ബാലന്‍ തൈരും തേനും ഭക്ഷിക്കും. 16നന്‍മതിന്‍മകള്‍ തിരിച്ചറിയാന്‍ ആ ബാലനു പ്രായമാകുന്നതിനുമുന്‍പ് നിങ്ങള്‍ ഭയപ്പെടുന്ന രണ്ടു രാജാക്കന്‍മാരുടെയും രാജ്യങ്ങള്‍ നിര്‍ജനമാകും. 17യൂദായില്‍നിന്ന് എഫ്രായിം വേര്‍പിരിഞ്ഞതില്‍പ്പിന്നെ വന്നിട്ടില്ലാത്തതരത്തിലുള്ള ദിനങ്ങള്‍ - അസ്‌സീ റിയാരാജാവിന്റെ ഭരണംതന്നെ-കര്‍ത്താവ് നിന്റെയും ജനത്തിന്റെയും നിന്റെ പിതൃഭവനത്തിന്റെയും മേല്‍ വരുത്തും.

18അന്ന് ഈജിപ്തിലെ നദികളുടെ ഉദ്ഭവ സ്ഥാനത്തുള്ള ഈച്ചകളെയും അസ്‌സീറിയാരാജ്യത്തെ തേനീച്ചകളെയും കര്‍ത്താവ് വിളിച്ചുവരുത്തും. 19അവ ആഴമേറിയ മലയിടുക്കുകളിലും പാറയിടുക്കുകളിലും മുള്‍ച്ചെടികളിലും മേച്ചില്‍്പുറങ്ങളിലും വന്നുകൂടും.

20അന്ന് കര്‍ത്താവ് നദിയുടെ അക്കരെനിന്നു കടംവാങ്ങിയ ക്ഷൗരക്കത്തികൊണ്ട് - അസ്‌സീറിയാരാജാവിനെക്കൊണ്ടുതന്നെ- തലയും കാലിലെ രോമവും താടിയും ക്ഷൗരം ചെയ്യഹ്നും.

21ആ നാളില്‍ ഒരുവന്‍ ഒരു പശുക്കിടാവിനെയും രണ്ട് ആടുകളെയും വളര്‍ത്തും. 22അവ സമൃദ്ധമായി പാല്‍ നല്‍കുന്നതുകൊണ്ട് അവന്‍ തൈരു ഭക്ഷിക്കും; ആ ദേശത്ത് അവശേഷിക്കുന്നവരും തൈരും തേനും ഭക്ഷിക്കും.

23ആദിനത്തില്‍ ആയിരം ഷെക്കല്‍ വെള്ളി വിലവരുന്ന ആയിരം മുന്തിരിച്ചെടികള്‍ വളര്‍ന്നിരുന്ന സ്ഥലങ്ങളില്‍ മുള്‍ച്ചെടികളും മുള്ളുകളും വളരും. 24ദേശം മുഴുവന്‍മുള്‍ച്ചെടികള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ , അമ്പും വില്ലുമായിട്ടേ ആളുകള്‍ അവിടെ പ്രവേശിക്കുകയുള്ളു. 25തൂമ്പാകൊണ്ടു കിളച്ചിളക്കപ്പെട്ടിരുന്ന ആ കുന്നുകളില്‍ ഇന്നു മുള്ളും മുള്‍ച്ചെടിയും നിറഞ്ഞിരിക്കുന്നതിനാല്‍ , നീ അവിടെ പ്രവേശിക്കുകയില്ല, അത് കന്നുകാലികളെ അഴിച്ചുവി ടാനും ആടുകള്‍ക്കു മേയാനും ഉള്ള സ്ഥല മാകും.