സൂറ അൽ-ഹശ്ർ 38

ദഹനഖുർബാനിപീഠം

38 1ബസാലേല്‍ കരുവേലത്തടികൊണ്ട് ദഹനഖുർബാനിപീഠം നിര്‍മിച്ചു. അത് അഞ്ചു മുഴം നീളവും വീതിയുമുള്ള സമചതുരമായിരുന്നു; അതിന്റെ ഉയരം മൂന്നു മുഴവും. 2അതിന്റെ നാലു മൂലകളിലും അതിനോട് ഒന്നായിച്ചേര്‍ത്തു നാലു കൊമ്പുകള്‍ നിര്‍മിച്ച് ഓടുകൊണ്ടു പൊതിഞ്ഞു. 3ഖുർബാനിപീഠത്തിന്റെ ഉപകരണങ്ങളെല്ലാം - പാത്രങ്ങള്‍, കോരികകള്‍, താലങ്ങള്‍, മുള്‍ക്കരണ്ടികള്‍, അഗ്‌നികലശങ്ങള്‍ എന്നിവ - ഓടുകൊണ്ടു നിര്‍മിച്ചു. 4അവന്‍ ഖുർബാനിപീഠത്തിന്റെ മുകളിലെ അരികുപാളിക്കു കീഴില്‍ ഖുർബാനിപീഠത്തിന്റെ മധ്യഭാഗംവരെ ഇറങ്ങിനില്‍ക്കുന്ന ഒരു ചട്ടക്കൂട് ഓടുകൊണ്ടുള്ള അഴികളുപയോഗിച്ച് വലയുടെ രൂപത്തില്‍ നിര്‍മിച്ചു. 5തണ്ടുകള്‍ കടത്തുന്നതിന് ഓടുകൊണ്ടുള്ള ചട്ടക്കൂടിന്റെ നാലു മൂലകളില്‍ നാലു വളയങ്ങള്‍ ഘടിപ്പിച്ചു. 6അവന്‍ കരുവേലത്തടികൊണ്ടു തണ്ടുകളുണ്ടാക്കി ഓടുകൊണ്ടു പൊതിഞ്ഞു. 7ഖുർബാനിപീഠം വഹിച്ചുകൊണ്ടു പോകുന്നതിന് അതിന്റെ വശങ്ങളിലുള്ള വളയങ്ങളിലൂടെ തണ്ടുകള്‍ കടത്തി. ഖുർബാനിപീഠം പലകകള്‍ കൊണ്ടാണു നിര്‍മിച്ചത്; അതിന്റെ അകം പൊള്ളയായിരുന്നു.

8ഖയാമത്തുൽ ഇബാദത്തിന്റെ വാതില്‍ക്കല്‍ ശുശ്രൂഷ ചെയ്തിരുന്ന സ്ത്രീകളുടെ ഓട്ടുകണ്ണാടിയുപയോഗിച്ച് ക്ഷാളനപാത്രവും അതിന്റെ പീഠവും നിര്‍മിച്ചു.

കൂടാരാങ്കണം

9അവന്‍ അങ്കണവും നിര്‍മിച്ചു. അതിന്റെ തെക്കുവശത്തെ മറനേര്‍മയില്‍ നെയ്‌തെടുത്ത ചണത്തുണികൊണ്ടുള്ളതും നൂറു മുഴം നീളമുള്ളതുമായിരുന്നു. 10അതിന് ഇരുപതു തൂണുകളും അവയ്ക്ക് ഓടുകൊണ്ടുള്ള ഇരുപതു പാദകുടങ്ങളുമുണ്ടായിരുന്നു. തൂണുകളുടെ കൊളുത്തുകളും പട്ടകളും വെള്ളികൊണ്ടു നിര്‍മിച്ചവയായിരുന്നു. 11വടക്കു വശത്തെ മറ നൂറു മുഴം നീളമുള്ളതായിരുന്നു. അതിന് ഇരുപതു തൂണുകളും അവയ്ക്ക് ഓടുകൊണ്ടുള്ള ഇരുപതു പാദകുടങ്ങളുമുണ്ടായിരുന്നു. തൂണുകളുടെ കൊളുത്തുകളും പട്ടകളും വെള്ളികൊണ്ടുള്ളവയായിരുന്നു. 12പടിഞ്ഞാറു വശത്തെ മറയ്ക്ക് അന്‍പതുമുഴം നീളമുണ്ടായിരുന്നു. അതിനു പത്തുതൂണുകളും അവയ്ക്ക് പത്ത് പാദകുടങ്ങളുമുണ്ടായിരുന്നു. തൂണുകളുടെ കൊളുത്തുകളും പട്ടകളും വെളളികൊണ്ടുള്ളവയായിരുന്നു. 13കിഴക്കു വശത്ത് അന്‍പതു മുഴം. 14അങ്കണ കവാടത്തിന്റെ ഒരുവശത്തെ മറകള്‍ക്ക് പതിനഞ്ചു മുഴം നീളമുണ്ടായിരുന്നു. അവയ്ക്ക് മൂന്നു തൂണുകളും തൂണുകള്‍ക്ക് മൂന്നു പാദകുടങ്ങളുമുണ്ടായിരുന്നു. 15അങ്കണ കവാടത്തിന്റെ മറുവശത്തും അപ്രകാരംതന്നെ പതിനഞ്ചു മുഴം നീളത്തില്‍ മറയും അവയ്ക്കു മൂന്നു തൂണുകളും തൂണുകള്‍ക്ക് മൂന്നു പാദകുടങ്ങളുമുണ്ടായിരുന്നു. 16അങ്കണത്തെ ചുറ്റിയുള്ള മറകളെല്ലാം നേര്‍മയില്‍ നെയ്‌തെടുത്ത ചണത്തുണി കൊണ്ടുള്ളതായിരുന്നു. 17തൂണുകളുടെ പാദകുടങ്ങള്‍ ഓടുകൊണ്ടും അവയുടെ കൊളുത്തുകളും പട്ടകളും വെള്ളികൊണ്ടും ഉള്ളതായിരുന്നു. അവയുടെ ശീര്‍ഷങ്ങള്‍ വെള്ളികൊണ്ടു പൊതിഞ്ഞിരുന്നു. അങ്കണത്തൂണുകള്‍ക്കെല്ലാം വെള്ളികൊണ്ടുള്ള പട്ടകളുണ്ടായിരുന്നു. 18അങ്കണവാതിലിന്റെ യവനിക നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍ നെയ്‌തെടുത്ത ചണത്തുണിയുപയോഗിച്ചുള്ള ചിത്രത്തുന്നല്‍കൊണ്ട് അലംകൃതമായിരുന്നു. അത് അങ്കണത്തിന്റെ മറകള്‍ക്കനുസൃതമായി ഇരുപതു മുഴം നീളവും അഞ്ചുമുഴം വീതിയും ഉള്ളതായിരുന്നു. 19അതിനു നാലു തൂണുകളും അവയ്ക്ക് ഓടുകൊണ്ടുള്ള നാല് പാദകുടങ്ങളും ഉണ്ടായിരുന്നു. തൂണുകള്‍ക്ക് വെള്ളികൊണ്ടുള്ള കൊളുത്തുകളും വെള്ളിപൊതിഞ്ഞ ശീര്‍ഷങ്ങളും വെള്ളിപ്പട്ടകളും ഉണ്ടായിരുന്നു. 20കൂടാരത്തിന്റെയും ചുറ്റുമുള്ള അങ്കണത്തിന്റെയും കുറ്റികളെല്ലാം ഓടുകൊണ്ടുള്ളവയായിരുന്നു.

ഉപയോഗിച്ച ലോഹം

21ഷഹാദത്തൻ കൂടാരം നിര്‍മിക്കാന്‍ ഉപയോഗിച്ച വസ്തുക്കളുടെ കണക്കു കാണിക്കുന്ന പട്ടികയാണിത്. മൂസായുടെ കല്‍പനയനുസരിച്ചു ഇമാമായ ഹാറൂന്റെ പുത്രന്‍ ഇത്താമറിന്റെ നേതൃത്വത്തില്‍ ലേവ്യരാണ് ഇതു തയ്യാറാക്കിയത്. 22യൂദാ ഗോത്രത്തില്‍പ്പട്ട ഹൂറിന്റെ പുത്രന്‍ ഊറിയുടെ മകനായ ബസാലേല്‍, റബ്ബ്ൽ ആലമീൻ മൂസായോടു കല്‍പിച്ചവയെല്ലാം നിര്‍മിച്ചു. 23ദാന്‍ ഗോത്രത്തില്‍പ്പെട്ട അഹിസാമാക്കിന്റെ പുത്രന്‍ ഒഹോലിയാബ് അവനു സഹായത്തിനുണ്ടായിരുന്നു. ഒഹോലിയാബ് കൊത്തുപണിക്കാരനും ശില്‍പവിദഗ്ധനും നീലം, ധൂമ്രം, കടും ചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍ നെയ്‌തെടുത്ത ചണത്തുണിയുമുപയോഗിച്ച് ചിത്രത്തുന്നല്‍ നടത്തുന്നവനുമായിരുന്നു.

24വിശുദ്ധ കൂടാരത്തിന്റെ എല്ലാ പണികള്‍ക്കുമായി ചെലവാക്കിയ കാണിക്ക (സ്വദഖ) സ്വര്‍ണം, വിശുദ്ധമന്ദിരത്തിലെ തോതനുസരിച്ച് ആകെ ഇരുപത്തൊന്‍പതു താലന്തും എഴുന്നൂറ്റിമുപ്പതു ഷെക്കലുമാകുന്നു. 25ജനസംഖ്യാക്കണക്കിലുള്‍പ്പെട്ടവരില്‍ നിന്നു ലഭിച്ചവെള്ളി വിശുദ്ധമന്ദിരത്തിലെ തോതനുസരിച്ച് നൂറു താലന്തും ആയിരത്തിയെഴുന്നൂറ്റിയെഴുപത്തഞ്ച്‌ ഷെക്കലുമാകുന്നു. 26ജനസംഖ്യക്കണക്കിലുള്‍പ്പെട്ടവരില്‍ ഇരുപതു വയസ്‌സും അതിനുമേലും പ്രായമുള്ളവര്‍ ആളൊന്നിന് ഒരു ബക്കാ - വിശുദ്ധ മന്ദിരത്തിലെ തോതനുസരിച്ച് അര ഷെക്കല്‍ - കൊടുക്കേണ്ടിയിരുന്നു. അവരുടെ സംഖ്യ ആറുലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റിയന്‍പതായിരുന്നു. 27വിശുദ്ധകൂടാരത്തിനും തിരശ്ശീലയ്ക്കും വേണ്ടി പാദകുടങ്ങള്‍ വാര്‍ക്കുന്നതിന് പാദകുടമൊന്നിന് ഒരു താലന്തുവീതം നൂറു താലന്തു വെള്ളി ഉപയോഗിച്ചു. 28ആയിരത്തിയെഴുന്നൂറ്റിയെഴുപത്തഞ്ചു ഷെക്കല്‍ വെള്ളികൊണ്ട് തൂണുകളുടെ കൊളുത്തുകളും പട്ടകളുമുണ്ടാക്കുകയും ശീര്‍ഷങ്ങള്‍ പൊതിയുകയും ചെയ്തു. 29കാണിക്കയായി ലഭിച്ച ഓട് എഴുപതു താലന്തും രണ്ടായിരത്തിനാനൂറു ഷെക്കലുമാണ്. 30അവന്‍ അതുപയോഗിച്ച് ഖയാമത്തുൽ ഇബാദത്തിന്റെ വാതിലിന് പാദകുടങ്ങളും ഓടുകൊണ്ടുള്ള ഖുർബാനിപീഠവും അതിന്റെ അഴിക്കൂടും ഖുർബാനിപീഠത്തിലെ ഉപകരണങ്ങളും 31കൂടാരാങ്കണത്തിനു ചുററുമുള്ള പാദകുടങ്ങളും അങ്കണകവാടത്തിന്റെ പാദകുടങ്ങളും കൂടാരത്തിന്റെയും ചുറ്റുമുള്ള അങ്കണത്തിന്റെയും കുറ്റികളും നിര്‍മിച്ചു.